റെയിൽവേ വികസനവും കേരളവും

Saturday 26 October 2024 2:43 AM IST

റെയിൽ വികസനത്തിന്റെ കാര്യത്തിൽ കേന്ദ്രം കേരളത്തെ അവഗണിക്കുന്നു എന്ന പരാതിക്ക് വർഷങ്ങളുടെ പഴക്കമുണ്ട്. സ്ഥലം ഏറ്റെടുത്ത് കൊടുക്കുന്നതിൽ കേരളം പലപ്പോഴും പിറകോട്ടാണ്. പാലക്കാട്ട് കോച്ച് ഫാക്ടറി അനുവദിച്ചിട്ട് കേരളം സമയത്ത് സ്ഥലം ഏറ്റെടുത്ത് കൈമാറിയില്ല. അവസാനം വർഷങ്ങൾ കഴിഞ്ഞ് സ്ഥലം ഏറ്റെടുത്തപ്പോൾ കോച്ച് ഫാക്ടറി ഉത്തരേന്ത്യൻ സംസ്ഥാനത്തേക്ക് കൊണ്ടുപോയി. അങ്കമാലി - എരുമേലി ശബരി പാത പൂർത്തിയാകാത്തതിന് റെയിൽവേ ബോർഡിനെയും കേന്ദ്രത്തെയും മറ്റും കുറ്റം പറഞ്ഞതുകൊണ്ട് കാര്യമില്ല. അതിനു വേണ്ടുന്ന സ്ഥലം ഇതുവരെ ഏറ്റെടുത്ത് കൊടുത്തിട്ടില്ല. അതുപോലെ തന്നെ ചില പദ്ധതികളുടെ പകുതി ചെലവ് വഹിക്കണമെന്ന കേന്ദ്രത്തിന്റെ ആവശ്യം മറ്റ് സംസ്ഥാനങ്ങൾ സ്വീകരിക്കുമ്പോൾ കേരളം അതിൽ തീരുമാനമെടുക്കാൻ തന്നെ വർഷങ്ങളെടുക്കുന്നു. റെയിൽവേയ്ക്ക് യാത്രക്കൂലി ഇനത്തിൽ ഏറ്റവും കൂടുതൽ വരുമാനം നേടിക്കൊടുക്കുന്ന സംസ്ഥാനങ്ങളിൽ മുൻപന്തിയിലാണ് കേരളം. അതനുസരിച്ചുള്ള പരിഗണന റെയിൽവേ കേരളത്തിന് തിരിച്ച് നൽകുന്നില്ല എന്നത് യാഥാർത്ഥ്യമാണ്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി യാത്രാ ട്രെയിനുകൾക്ക് ഒരു കിലോമീറ്റർ പാത പോലും കമ്മിഷൻ ചെയ്യാത്ത സംസ്ഥാനമാണ് കേരളം. എന്നാൽ കഴിഞ്ഞ എട്ട് വർഷത്തിനുള്ളിൽ തമിഴ്‌നാട്ടിൽ 405, കർണാടകയിൽ 318, ആന്ധ്രയിൽ 350, തെലങ്കാനയിൽ 285 കിലോമീറ്റർ പാതകളാണ് പുതിയതായി നിർമ്മിച്ചത്. മറ്റു സംസ്ഥാനങ്ങളിൽ അതിവേഗ പാതകളും ബുള്ളറ്റ് ട്രെയിനുകളും മറ്റും വരുന്നത് കണ്ടാണ് കേരളം സിൽവർ ലൈനിനുവേണ്ടി അനുവാദം തേടിയത്. അത് രാഷ്ട്രീയ വിവാദമാക്കി മാറ്റി തകിടം മറിക്കുന്നവരെ തുണയ്ക്കുന്ന നിലപാടാണ് റെയിൽവേ സ്വീകരിച്ചുവരുന്നത്. വന്ദേഭാരത് ട്രെയിനുകളിൽ നിന്ന് ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്നത് കേരളത്തിൽ നിന്നാണ്. അതുകൊണ്ട് തന്നെ കൂടുതൽ വന്ദേഭാരത് ട്രെയിനുകൾ അനുവദിക്കണമെന്ന് കേരളം ആവശ്യപ്പെട്ടെങ്കിലും അക്കാര്യവും വേണ്ടത്ര രീതിയിൽ പരിഗണിച്ചിട്ടില്ല. എറണാകുളം - ബംഗളൂരു റൂട്ടിൽ അനുവദിച്ച താത്‌കാലിക വന്ദേഭാരത് വൻ വിജയമായിട്ടും അത് നിറുത്തലാക്കുകയായിരുന്നു.

ബീഹാറിലും ആന്ധ്രാപ്രദേശിലും 6798 കോടി രൂപയുടെ രണ്ട് റെയിൽ പശ്ചാത്തല സൗകര്യ വികസന പദ്ധതികൾ നടപ്പാക്കാൻ കേന്ദ്ര മന്ത്രിസഭായോഗം കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. 256 കിലോമീറ്റർ നീളത്തിൽ പാത ഇരട്ടിപ്പിക്കലാണ് ബീഹാറിന് അനുവദിച്ച പദ്ധതി. ആന്ധ്രയിൽ പുതിയ തലസ്ഥാനമായി വികസിപ്പിക്കുന്ന അമരാവതിയെ മുഖ്യ റെയിൽപാതയുമായി ബന്ധിപ്പിക്കുന്ന 57 കിലോമീറ്റർ പുതിയ റെയിൽവേ പാതയ്ക്കാണ് അനുമതി. ആന്ധ്രയ്ക്കും ബീഹാറിനുമുള്ള നിർണായകമായ രാഷ്ട്രീയശക്തിയാണ് അവരെ നിർലോഭം തുണയ്ക്കാൻ റെയിൽവേ തയ്യാറാകുന്നതിന് പിന്നിൽ. ശക്തിയുള്ളവർക്ക് കൊടുക്കട്ടെ. പക്ഷേ അതിന്റെ പേരിൽ ശക്തി കുറഞ്ഞ കേരളം പോലുള്ള സംസ്ഥാനങ്ങളെ അവഗണിക്കാൻ പാടില്ല. ദൗർഭാഗ്യവശാൽ കേന്ദ്രം ഇപ്പോൾ അതാണ് ചെയ്തുവരുന്നത്. റെയിൽവേ മന്ത്രാലയത്തെയും റിസർവ് ബാങ്കിനെയും പങ്കാളികളാക്കി ത്രികക്ഷി കരാറുണ്ടാക്കി ശബരിപാത പദ്ധതി നടപ്പാക്കാൻ സംസ്ഥാന സർക്കാർ കേന്ദ്രത്തെ സമീപിക്കാൻ ഒരുങ്ങുകയാണെന്ന് റിപ്പോർട്ടുകളുണ്ട്. പദ്ധതിക്കാവശ്യമായ സംസ്ഥാന വിഹിതം നൽകാമെന്ന് കേരളം വീണ്ടും കേന്ദ്രത്തിനെ അറിയിക്കുകയും ചെയ്യും. 1997ൽ പ്രഖ്യാപിച്ച അങ്കമാലി - എരുമേലി പാതയ്ക്ക് പകുതി വിഹിതം കേരളം നൽകാമെന്ന് ആദ്യം അറിയിച്ചത് 2021ലാണ്. ഉടൻ എടുക്കേണ്ട തീരുമാനങ്ങൾ വർഷങ്ങൾ വൈകിപ്പിച്ചിട്ട് കേന്ദ്ര അവഗണന എന്ന് നാഴികയ്ക്ക് നാൽപ്പതുവട്ടം പറഞ്ഞതുകൊണ്ട് കാര്യമില്ല.