സി.ബി.എൽ നടത്തിപ്പിന് ഒന്നുകൂടി ഇറങ്ങേണ്ടി വരും!
ആലപ്പുഴ: നിരന്തര അഭ്യർത്ഥനകൾക്കും പോരാട്ടങ്ങൾക്കും ഒടുവിലാണ് ഇത്തവണ നെഹ്റുട്രോഫി ജലമേള അരങ്ങേറിയത്. സമാനമായ പ്രക്ഷോഭം ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ കാര്യത്തിലും വേണമെന്ന നിലയിലേയ്ക്കാണ് കാര്യങ്ങളുടെ പോക്ക്. അടുത്തമാസം സി.ബി.എൽ നടത്തിയേക്കുമെന്ന് സൂചനയുണ്ടെങ്കിലും ഔദ്യോഗിക തീരുമാനമായിട്ടില്ല. നിരവധി തവണ വള്ളംകളി സംരക്ഷണ സമിതി ഭാരവാഹികൾ മന്ത്രിമാരെ നേരിൽ കണ്ട് നിവേദനം നൽകിയെങ്കിലും പരിഗണിക്കാമെന്ന ഒഴുക്കൻ മട്ട് പ്രതികരണത്തിനപ്പുറം യാതൊരു നടപടിയുമുണ്ടായിട്ടില്ല.
നെഹ്റുട്രോഫി ജലമേളയാണ് സി.ബി.എല്ലിനുള്ള സെലക്ഷൻ മത്സരം. ആദ്യ ഒമ്പത് സ്ഥാനങ്ങളിലെത്തുന്നവരാണ് ലീഗിൽ പോരാടുക. ഈ ഒമ്പത് വള്ളങ്ങൾക്കുള്ള ബോണസ് തുക സി.ബി.എല്ലിൽ നിന്നാണ് നൽകിവരുന്നത്. എന്നാൽ, ഇത്തവണ സാമ്പത്തിക ബാദ്ധ്യത ഒഴിവാക്കാൻ പതിവ് ബോണസും ആദ്യ മൂന്ന് സ്ഥാനം നേടിയ ചുണ്ടൻ വള്ളങ്ങൾക്കുള്ള സമ്മാനത്തുകയും സി.ബി.എൽ ഒഴിവാക്കുമെന്നാണ് കേൾക്കുന്ന വിവരം. ഇത്തരത്തിൽ സി.ബി.എൽ കൈയോഴിഞ്ഞാൽ എൻ.ടി.ബി.ആർ സൊസൈറ്റിക്ക് അധിക സാമ്പത്തിക ബാധ്യതവരും. ബോണസും പ്രൈസ് മണിയും ഉൾപ്പടെ 62 ലക്ഷം രൂപയാണ് എൻ.ടി.ബി.ആർ കണ്ടെത്തേണ്ടത്. അതേസമയം, സി.ബി.എൽ വഴിയാണ് ബോണസ് വിതരണമെങ്കിൽ സ്ലാബ് കുറവായതിനാൽ 46 ലക്ഷം രൂപയാണ് ആകെ വിതരണം ചെയ്യുക.
വരവ് കുറഞ്ഞു, ചെലവ് കൂടി
# നെഹ്റുട്രോഫി ജലമേള നടത്താൻ നിശ്ചയിച്ചിരുന്ന ആദ്യ തീയതികളിൽ ഒരു കോടിയോളം രൂപയുടെ സ്പോൺസർമാരെത്തിയിരുന്നു
# എന്നാൽ, ജലമേള നടത്തിയപ്പോഴേക്കും, ഓണം സീസൺ അവസാനിച്ചതിനാൽ പല സ്പോൺസർമാരും പിന്മാറി
# ഇതോടെ പ്രതീക്ഷിച്ചിരുന്ന വരവിൽ 50 ലക്ഷത്തോളം രൂപയുടെ കുറവുണ്ടായി
# ഒരു കോടി രൂപയുടെ ടിക്കറ്റ് വിൽപ്പന പ്രതീക്ഷിച്ചിരുന്ന സ്ഥാനത്ത് ആകെ നടന്നത് 65 ലക്ഷത്തിന്റെ വിൽപ്പനയാണ്
# പുതിയ തീയതിയിൽ മത്സരം സംഘടിപ്പിച്ചതോടെ 30 ലക്ഷത്തോളം രൂപ അധികമായി ചെലവാകുകയും ചെയ്തു
#ബോണസടക്കമുള്ള തുക സി.ബി.എല്ലിൽ ഉൾപ്പെടുത്തുന്നില്ലെങ്കിൽ ഒന്നരക്കോടി രൂപ അനുവദിക്കണമെന്ന് എൻ.ടി.ബി.ആർ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്
#അമ്പത് ലക്ഷം രൂപയെങ്കിലും അധികമായി ലഭിച്ചില്ലെങ്കിൽ ബോണസ് പൂർണമായി വിതരണം ചെയ്യാൻ സാധിക്കാത്ത സ്ഥിതിയുണ്ടാകും
നെഹ്‌റു ട്രോഫി ജലമേളയിൽ ആദ്യ 9 സ്ഥാനക്കാരുടെ ബോണസ് തുക സി.ബി.എൽ പ്രഖ്യാപിച്ച സ്ഥിതിക്ക് ടൂറിസം വകുപ്പാണ് നൽകേണ്ടത്. തീയതി പ്രഖ്യാപനം വരാത്തതിനാൽ ഇത് ആരിൽ നിന്ന് ലഭിക്കും എന്നുള്ള പ്രതിസന്ധിയിലാണ് ബോട്ട് ക്ലബുകൾ
- വള്ളംകളി സംരക്ഷണ സമിതി