തമിഴകത്തെ ഇളക്കി മറിച്ച് വിജയ്; 'രാഷ്ട്രീയം  മാറണം അല്ലെങ്കിൽ  മാറ്റും'

Sunday 27 October 2024 5:49 PM IST

വില്ലുപുരം: രാഷ്ട്രീയത്തിന് താൻ കുഞ്ഞാണെന്നാണ് മറ്റുള്ളവർ പറയുന്നത്, പക്ഷേ പാമ്പ് ആണെങ്കിലും രാഷ്ട്രീയമായാലും കെെയിലെടുക്കാൻ തീരുമാനിച്ചാൽ വളരെ ശ്രദ്ധയോടെ കെെകാര്യം ചെയ്യുമെന്ന് നടൻ വിജയ്. തമിഴ്നാട് വെട്രികഴകത്തിന്റെ ആദ്യ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പെരിയാർ, കാമരാജ്, അംബേദ്കർ, അഞ്ജലെെ അമ്മാൾ, വേലു നച്ചിയാർ എന്നിവരാണ് വഴിക്കാട്ടിയെന്നും വിജയ് വ്യക്തമാക്കി.

'വേദിയിലും പുറത്തും ഞാനും നിയുമില്ല നമ്മൾ മാത്രമേ ഉള്ളൂ. നമ്മൾ എല്ലാവരും തുല്യ‌ർ. അതിനാൽ എന്റെ നെഞ്ചിൽ കുടിയിരിക്കും എല്ലാവർക്കും എന്റെ ഉയിർ വണക്കം. രാഷ്ട്രീയം എന്ന് പറഞ്ഞാൽ ദേഷ്യപ്പെടുന്നതാണെന്ന് പലരും പറയുന്നു. ദേഷ്യപ്പെടുന്നത് കൊണ്ട് കാര്യമില്ല. സയൻസ് മാത്രമല്ല രാഷ്ട്രീയവും വികസിക്കണം. ഇവിടെ മാറാത്തത് പണം, അദ്ധ്വാനം, മനുഷ്യ ജനനം, ജോലി ഇവയാണ്. ഇപ്പോൾ ഉള്ള കാലാഘട്ടത്തെക്കുറിച്ച് മനസിലാക്കിയ ശേഷമാണ് രാഷ്ട്രീയത്തിലേക്ക് വന്നത്. ലോകത്തിന്റെ ചരിത്രം ഒന്നും പറയുന്നില്ല. ഇവിടെയുള്ള രാഷ്ട്രീയകാരെ കുറിച്ച് സംസാരിച്ച് സമയവും കളയുന്നില്ല. പക്ഷേ പ്രതികരിക്കാനുള്ള സമയത്ത് പ്രതികരിക്കും. ഇപ്പോൾ എന്താണ് പ്രശ്നമെന്നും അത് എങ്ങനെ പരിഹരിക്കണമെന്നുമാണ് ആലോചിക്കേണ്ടത്. അത് ജനങ്ങളോട് പറഞ്ഞാൽ അവർക്ക് മനസിലാകും. രാഷ്ട്രീയം മാറണം അല്ലെങ്കിൽ മാറ്റും. ആരുടെയും വിശ്വാസത്തെ എതിർക്കില്ല. ഒത്തുതീർപ്പ് രാഷ്ട്രീയത്തിന് ഇല്ല. വാക്കിലല്ല പ്രവർത്തിച്ച് കാണിക്കണം.അടുത്ത തിരഞ്ഞെടുപ്പിൽ മത്സരിക്കും',- വിജയ് വ്യക്തമാക്കി.