ജോലി നൽകാമെന്ന് വാഗ്ദാനം നൽകി 13കാരിയെ തട്ടിക്കൊണ്ടുപോയി തോക്കുചൂണ്ടി പീഡിപ്പിച്ചു

Sunday 27 October 2024 7:11 PM IST

ആഗ്ര: 13കാരിയെ തട്ടിക്കൊണ്ടുപോയി ഹോട്ടൽമുറിയിൽ വച്ച് പീഡിപ്പിച്ചതായി പരാതി. പിതാവിന്റെ ഹോട്ടലിൽ ജോലി വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി ഹോട്ടലുടമയുടെ മകൻ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചതായാണ് പരാതി ഉയർന്നിരിക്കുന്നത്. ആഗ്രയിൽ ഈ മാസം 21നാണ് സംഭവം. പെൺകുട്ടിയുടെ മാതാവ് താജ്ഗഞ്ച് പൊലീസിൽ നൽകിയ പരാതിയിൽ ബലാ‌ത്സംഗം,​ തട്ടിക്കൊണ്ടുപോകൽ എന്നീ വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തത്.

ഹോട്ടലുടമയുടെ മകനായ രാഗേഷ് രജ്‌പുതും പെൺകുട്ടിയും തമ്മിൽ ഫോൺ വഴി പരിചയമുണ്ടായിരുന്നു. തന്റെ സുഹൃത്താവുകയാണെങ്കിൽ പിതാവിന്റെ ഹോട്ടലിൽ ജോലി നൽകാമെന്ന് ഇയാൾ പെൺകുട്ടിയോട് പറഞ്ഞു. തുടർന്ന് പെൺകുട്ടിയോട് മാരുതിചൗക്കിലേക്ക് വരാൻ ആവശ്യപ്പെട്ടു. ഇവിടെയെത്തിയ പെൺകുട്ടിയെ ഹോട്ടൽ റൂമിലേക്ക് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. കുട്ടിയെ തോക്കുചൂണ്ടി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി രണ്ടുമണിക്കൂറോളം പീഡനത്തിനിരയാക്കിയതായി പരാതിയിൽ പറയുന്നു. പെൺകുട്ടിയുടെ മൊഴിയെടുത്ത ശേഷം വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. പ്രതിയുടെ അറസ്റ്റ് സ്ഥിരീകരിച്ചിട്ടില്ല.