സൗന്ദര്യം വർദ്ധിപ്പിക്കാൻ നയൻതാര പ്ലാസ്റ്റിക് സർജറി നടത്തിയോ?, ചെയ്തത് ഇതുമാത്രമെന്ന് ലേഡി സൂപ്പർസ്റ്റാർ

Monday 28 October 2024 8:05 PM IST

മലയാള സിനിമയിലൂടെ അരങ്ങേറ്റം നടത്തി തെന്നിന്ത്യയിലെ ലേഡി സൂപ്പർസ്റ്റാർ എന്ന് വിശേഷിപ്പിക്കപ്പെടുന്ന താരമാണ് നയൻതാര. നയൻതാരയുടെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകാറുണ്ട്. മുഖസൗന്ദര്യം വർദ്ധിപ്പിക്കാൻ നയൻതാര പ്ലാസ്റ്റിക് സർജറി നടത്തിയെന്ന വാർത്ത സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. എന്നാൽ ഈ അഭ്യൂഹങ്ങൾ തള്ളി രംഗത്തെത്തിയിരിക്കുകയാണ് താരം. താൻ മുഖത്ത് യാതൊരു വിധ മാറ്റവും വരുത്തിയിട്ടില്ലെന്ന് നയൻതാര വെളിപ്പെടുത്തി. ഒരു മാദ്ധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് താരത്തിന്റെ തുറന്നുപറച്ചിൽ.

ഓരോ റെഡ്കാർപ്പറ്റ് പരിപാടിക്ക് മുമ്പും തന്റെ പുരികം ഭംഗിയാക്കുന്നത് ഏറെ ഇഷ്ടമുള്ള കാര്യമാണെന്ന് നയൻതാര പറഞ്ഞു. അത് മികച്ചതാക്കാൻ ഞാൻ ആവശ്യത്തിന് സമയം ചെലവഴിക്കാറുണ്ട്. വർഷങ്ങളായി എന്റെ നെറ്റിയിലുള്ള മാറ്റമാകാം മുഖം മാറുന്നുവെന്ന് ആളുകൾ കരുതാൻ കാരണം,​ കൃത്യമായ ഡയറ്റ് ഞാൻ പാലിക്കാറുണ്ട്. അതിനാൽ ഭാരത്തിലും മാറ്റമുണ്ടായി. എന്റെ കവിളുകളിൽ നിങ്ങൾക്ക് നുള്ളിയെടുക്കാം. ഇവിടെ പ്ലാസ്റ്റിക് ഇല്ലെന്ന് നിങ്ങൾക്കറിയാമെന്നും നയൻതാര പറഞ്ഞു.