സെൻസസ് നടപടിക്ക് അടുത്തവർഷം തുടക്കം: നടക്കുമോ ജാതി സെൻസസും
ന്യൂഡൽഹി: സ്വതന്ത്ര ഇന്ത്യയുടെ 16-ാമത് സെൻസസിനുള്ള നടപടി അടുത്തവർഷമാദ്യം ആരംഭിക്കും. 2026ൽ പൂർത്തിയാക്കാനാണ് കേന്ദ്രസർക്കാർ നീക്കം. എന്നാൽ, ഭൂരിപക്ഷം പ്രതിപക്ഷ കക്ഷികളും എൻ.ഡി.എയിലെ ചില ഘടകകക്ഷികളും ആവശ്യപ്പെടുന്ന ജാതി സെൻസസും ഇതിനൊപ്പമുണ്ടാകുമോ എന്ന് വ്യക്തമല്ല. അന്തിമ തീരുമാനം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേതാകും. അടുത്ത മാസം 23ന് മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് ഫലം വന്നശേഷമേ തീരുമാനത്തിന് സാദ്ധ്യതയുള്ളൂ.
രജിസ്ട്രാർ ജനറലിന്റെയും സെൻസസ് കമ്മിഷണറുടെയും കാലാവധി അടുത്തിടെ കേന്ദ്രം നീട്ടിയിരുന്നു. ജാതി സെൻസസും വേണമെന്നാണ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെ നിരന്തരം ആവശ്യപ്പെടുന്നത്. എൻ.ഡി.എയിലെ ജെ.ഡി.യു, എൽ.ജെ.പി എന്നീ പാർട്ടികളും ഈ ആവശ്യവുമായി രംഗത്തുണ്ട്. ജാതി സെൻസസിന് ആർ.എസ്.എസും അനുകൂലമാണ്.
ജനറൽ, എസ്.സി / എസ്.ടി വിഭാഗത്തിലുള്ളവരുടെ എണ്ണം സെൻസസിൽ ശേഖരിക്കും. ഈ വിഭാഗത്തിലെ ഉപജാതികൾക്കായി ഇത്തവണ കോളം ഉണ്ടാകുമെന്നും അറിയുന്നു. 2021ൽ തുടങ്ങേണ്ടിയിരുന്ന നടപടികൾ കൊവിഡ് കാരണം നീളുകയായിരുന്നു.
സ്വതന്ത്ര ഇന്ത്യയിൽ 1951ലാണ് ആദ്യം സെൻസസ് നടന്നത്. അവസാനം 2011ൽ രണ്ടുഘട്ടമായി. ദേശീയ ജനസംഖ്യാ രജിസ്റ്റർ (എൻ.പി.ആർ) അപ്ഡേറ്റ് ചെയ്യാനാണ് ഓരോ പത്തുവർഷം കൂടുമ്പോഴും രാജ്യത്ത് സെൻസസ് നടത്തുന്നത്. നയരൂപീകരണത്തിനും വിഭവ വിതരണത്തിനും ഉൾപ്പെടെ സർക്കാർ ആശ്രയിക്കുന്നത് സെൻസസിനെയാണ്.
ഒ.ബി.സി ഒഴിവാകുമോ?
ജാതിക്കോളമില്ലെങ്കിൽ ഒ.ബി.സി വിഭാഗത്തിന് തിരിച്ചടിയാകും. രാജ്യത്തെ ഒ.ബി.സി ജനസംഖ്യ എത്രയെന്നത് വെളിപ്പെടില്ല. സാമൂഹിക സമത്വം, അർഹമായ പ്രാതിനിദ്ധ്യം തുടങ്ങിയ ആവശ്യങ്ങൾക്ക് പ്രഹരമേൽക്കും.
സെൻസസ് നിർണായകം
1. പാർലമെന്റിലും നിയമസഭകളിലും 33 ശതമാനം വനിതാ സംവരണം 2029ൽ നടപ്പാക്കുമെന്ന് പ്രതീക്ഷ
2. ഇതിന് സംവരണ മണ്ഡലങ്ങളുൾപ്പെടെ പുനർനിർണയിക്കണം. 2026ൽ മണ്ഡല പുനർനിർണയം പൂർത്തിയാക്കണം
നിലവിലെ കോളങ്ങൾ
പേര്, മേൽവിലാസം, കുടുംബത്തിന്റെ വിവരങ്ങൾ, മതം, ജനറൽ, എസ്.സി/എസ്.ടി വിഭാഗം
2011ലെ സെൻസെസ് വിവരങ്ങൾ
ജനസംഖ്യ-121 കോടി
1000 പുരുഷന്മാർക്ക് 940 സ്ത്രീകൾ
ഹിന്ദു-79.8%
മുസ്ലിം-14.23%
ക്രിസ്ത്യൻ-2.30%
മറ്റു വിഭാഗങ്ങൾ-3.67
'ജാതി സെൻസസിലടക്കം വ്യക്തതയ്‌ക്ക് സർവകക്ഷിയോഗം വിളിക്കണം. ജാതി സെൻസസ് ഭരണഘടന പ്രകാരം കേന്ദ്രസർക്കാരിന്റെ ഉത്തരവാദിത്വമാണ്".
- ജയറാം രമേശ്, കോൺഗ്രസ് നേതാവ്