'അങ്ങനെ  ആ  ബന്ധം  അവസാനിച്ചു'; മലെെകയുമായി വേർപിരിഞ്ഞെന്ന് വെളിപ്പെടുത്തി നടൻ അർജുൻ കപൂർ

Tuesday 29 October 2024 4:44 PM IST

ബോളിവുഡിൽ ഏറെ ചർച്ചയായ താരജോഡികളാണ് അർജുൻ കപൂറും മലെെക അറോറയും. 2018 മുതലാണ് ഇരുവരും പ്രണയത്തിലായത്. അടുത്തിടെ ഇരുവരും പിരിയുന്നുവെന്ന തരത്തിൽ നിരവധി വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ താരങ്ങൾ ഔദ്യോഗികമായി ഇതിന് പ്രതികരിച്ചിരുന്നില്ല.

ഇപ്പോഴിതാ മലെെക അറോറയുമായി വേർപിരിഞ്ഞുവെന്ന വാർത്തയിൽ ആദ്യമായി മൗനം വെടിഞ്ഞിരിക്കുകയാണ് അർജുൻ കപൂർ. ഇന്നലെ മുംബയ് ശിവാജി പാർക്കിൽ എൻഎംഎസ് നേതാവ് രാജ് താക്കറെ ആതിഥേയത്വം വഹിച്ച ദീപാവലി ആഘോഷത്തിൽ അർജുനും പങ്കെടുത്തിരുന്നു. ഇവിടെ വച്ചാണ് നടൻ തുറന്നുപറഞ്ഞത്. താൻ ഇപ്പോൾ സിംഗിൽ ആണെന്ന് നടൻ മാദ്ധ്യമങ്ങളോട് ചിരിച്ചുകൊണ്ട് പറയുകയായിരുന്നു.

'ഞാൻ ഇപ്പോൾ സിംഗിളാണ്. നിങ്ങൾ റിലാ‌ക്‌സാകൂ. എല്ലാവർക്കും ദീപാവലി ആശംസകൾ' - എന്നാണ് നടൻ മാദ്ധ്യമങ്ങളോട് പറയുന്നത്. അർജുൻ ഇത് പറയുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലാണ്. പ്രണയം തുടങ്ങിയ കാലംമുതൽ പ്രായവ്യത്യാസത്തിന്റെ പേരിൽ ഏറെ വിമർശനങ്ങൾ ഏറ്റുവാങ്ങിയ പ്രണയജോഡികളാണ് മലൈകയും അർജുനും. ഇരുവരും തമ്മിൽ 11 വയസിന്റെ വ്യത്യാസമുണ്ട്. വീഡിയോ വെെറലായതിന് പിന്നാലെ നിരവധി കമന്റും വരുന്നുണ്ട്.' അങ്ങനെ ആ ബന്ധം അവസാനിച്ചു', ' കാരണം എന്താണ്' എന്നിങ്ങനെ നിരവധി ചോദ്യങ്ങളാണ് ആരാധകർ ചോദിക്കുന്നത്.

നടൻ അർബാസ് ഖാനുമായി 1998 ലായിരുന്നു മലൈകയുടെ ആദ്യ വിവാഹം. 19 വർഷത്തെ ദാമ്പത്യം അവസാനിപ്പിച്ച് 2017 ൽ ആണ് വിവാഹമോചനം നേടിയത്. കഴിഞ്ഞ ജൂണിൽ അർജുന്റെ പിറന്നാൾ ആഘോഷത്തിൽ മലൈക പങ്കെടുത്തില്ല. പിന്നാലെ നടന്ന ഒരു പരിപാടിയിൽ ഇരുവരും പങ്കെടുത്തെങ്കിലും പരസ്പരം സംസാരിച്ചതേയില്ല. അതോടെയാണ് ഇരുവരും വേർപിരിഞ്ഞു എന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചത്.