കോടതി മുറിക്കുളളിൽ ജഡ്ജിയെ വളഞ്ഞ് അഭിഭാഷകർ, വാക്കേറ്റം സംഘർഷത്തിലായി; ഒടുവിൽ പൊരിഞ്ഞ അടി
ഗാസിയാബാദ്: കോടതിമുറിക്കുളളിൽ ജഡ്ജിയും അഭിഭാഷകരും തമ്മിലുണ്ടായ വാക്കേറ്റം സംഘർഷത്തിലും ലാത്തിചാർജിലും കലാശിച്ചു. ഉത്തർപ്രദേശിലെ ഗാസിയാബാദ് ജില്ലാ കോടതിയിലാണ് സംഭവങ്ങൾ അരങ്ങേറിയത്. സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. വാക്കേറ്റത്തെ തുടർന്ന് അഭിഭാഷകർ ജഡ്ജിയെ വളയുകയായിരുന്നു. ഇതോടെ പൊലീസ് ലാത്തിയുമായി എത്തി.
ബാർ അസോസിയേഷൻ ഭാരവാഹിയുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടെയാണ് കോടതിയിൽ തർക്കം ഉണ്ടായതെന്നാണ് വിവരം. ഇതോടെ കൂടുതൽ അഭിഭാഷകർ കോടതിമുറിക്കുള്ളിലെത്തി ജഡ്ജിയുടെ ചേംബർ വളയുകയായിരുന്നു. തുടർന്ന് ജഡ്ജി വിവരമറിയിച്ചതനുസരിച്ച് പൊലീസ് സ്ഥലത്തെത്തുകയും അഭിഭാഷകരെ പിരിച്ചുവിടാൻ ലാത്തിവീശുകയായിരുന്നു. പുറത്തുവന്ന വീഡിയോയിൽ ലാത്തിവീശിയും കോടതിമുറിയിലെ കസേരകൾ കൊണ്ടും പൊലീസ് അഭിഭാഷകരെ നേരിടുന്ന ദൃശ്യങ്ങളുണ്ട്.
അതേസമയം പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് അഭിഭാഷകർ കോടതിക്ക് പുറത്തും പ്രതിഷേധം സംഘടിപ്പിച്ചു. കോടതിവളപ്പിലെ പൊലീസ് ഔട്ട്‌പോസ്റ്റും അഭിഭാഷകർ അടിച്ചുതകർത്തു. സംഘർഷത്തെ തുടർന്ന് കോടതിയിലെ ജഡ്ജിമാരെല്ലാം ഇന്ന് ജോലിയിൽ നിന്ന് മാറിനിന്നു. സംഭവം ചർച്ച ചെയ്യാൻ ബാർ അസോസിയേഷനും യോഗം വിളിച്ചിട്ടുണ്ട്.