ഹോസ്പിറ്റൽ ഓൺ വീൽസ്
തൃശൂർ: ഗ്രാമീണ പ്രദേശങ്ങളിലേക്ക് ആരോഗ്യ സേവനം വ്യാപിക്കുകയെന്ന ലക്ഷ്യത്തോടെ ജൂബിലി മിഷൻ ആശുപത്രി തുടക്കം കുറിച്ച 'ഹോസ്പിറ്റൽ ഓൺ വീൽസ്' പദ്ധതിയുടെ ഫ്ളാഗ് ഓഫ് നടി മഞ്ജു വാരിയർ നിർവഹിച്ചു. ഒരേസമയം ആറുപേർക്ക് ചികിത്സ നൽകാനും മൂന്നുപേർക്ക് രക്തദാനം നടത്താനും മരുന്നും രക്തവും സൂക്ഷിക്കാനുള്ള സൗകര്യവും മൊബൈൽ ക്ലിനിക്കിലുണ്ട്. അടിസ്ഥാന ആരോഗ്യ പരിശോധന - രോഗനിർണയ സംവിധാനങ്ങളും ഇ.സി.ജി മെഷീൻ, മൾട്ടിപാരാ മോണിറ്റർ, മറ്റു സ്ക്രീനിംഗ് ഉപകരണങ്ങൾ എന്നിവയും സജ്ജമാണ്. ആരോഗ്യ അവബോധ ക്ലാസുകൾ സംഘടിപ്പിക്കാനുള്ള സൗകര്യവുമുണ്ട്. ജോസ് ആലുക്കാസ് ഗ്രൂപ്പ് ഫൗണ്ടറും ചെയർമാനുമായ ജോസ് ആലുക്കാസിന്റെ 80–ാം പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായി ഗ്രൂപ്പിന്റെ സി.എസ്.ആർ ഫണ്ട് സഹായത്തോടെയാണ് ഒരു കോടി രൂപയോളം ചെലവുവരുന്ന അത്യാധുനിക മൊബൈൽ യൂണിറ്റ് സജ്ജമാക്കിയതെന്ന് ആശുപത്രി ഡയറക്ടർ ഫാ. റെന്നി മുണ്ടൻകുരിയൻ, അസി. ഡയറക്ടർ ഫാ. സിന്റോ കാരേപ്പറമ്പൻ, സി.ഇ.ഒ: ഡോ. ബെന്നി ജോസഫ് നീലങ്കാവിൽ എന്നിവർ പറഞ്ഞു.