മലൈകയുമായി ബ്രേക്കപ്പെന്ന് അർജുൻ

Wednesday 30 October 2024 6:00 AM IST

ബോളിവുഡിൽ ഏറെ വിവാദം സൃഷ്ടിച്ച പ്രണയങ്ങളിൽ ഒന്നായിരുന്നു മലൈക അറോയും അർജുൻ കപൂറും തമ്മിൽ. 51കാരിയായ മലൈകയും 39 കാരനായ അർജുനും തമ്മിലുള്ള പ്രണയം ബോളിവുഡിലും ഇരുവരുടെയും കുടുംബങ്ങളിലും ആദ്യകാലത്ത് വലിയ കോളിളക്കങ്ങളാണ് സൃഷ്ടിച്ചത്. എന്നാൽ ഏതാനും മാസങ്ങളായി ഇരുവരും വേർപിരിഞ്ഞെന്ന രീതിയിൽ അടക്കംപറച്ചിൽ ബോളിവുഡിൽ സജീവമാണ്. ഇതു സ്ഥിരീകരിച്ച് അർജുൻ കപൂർ തന്നെ ഇപ്പോൾ രംഗത്ത്. മുംബയിൽ നടന്ന ദീപാവലി ആഘോഷത്തിനിടെയാണ് ആരാധകർക്ക് മുന്നിൽ അർജുൻ ഇക്കാര്യം വെളിപ്പെടുത്തിയത്.

രാജ് താക്കറെ ആതിഥേയത്വം വഹിച്ച ദീപാവലി പാർട്ടിയിൽ 'സിങ്കം എഗെയ്‌ൻ" താരങ്ങളായ അജയ് ദേവ്‌ഗൺ, ടൈഗർ ഷ്രോഫ്, സംവിധായകൻ രോഹിത് ഷെട്ടി എന്നിവരും പങ്കെടുത്തിരുന്നു. ആൾക്കൂട്ടത്തിൽ നിന്ന് ഒരു ആരാധകൻ മലൈകയുടെ പേര് വിളിച്ചുപറഞ്ഞത് കേട്ടതോടെയാണ് താൻ സിംഗിളാണെന്ന് അർജുൻ വെളിപ്പെടുത്തിയത്. ഇതോടെ മലൈകയും അർജുനും വഴിപിരിഞ്ഞു എന്ന് ഉറപ്പിച്ചു ആരാധകർ. സൽമാൻ ഖാന്റെ സഹോദരൻ അർബാസ് ഖാനെയാണ് മലൈക ആദ്യം വിവാഹം ചെയ്തത്.

നിർമ്മാതാവ് ബോണി കപൂറിന്റെയും ആദ്യ ഭാര്യ മോണ ഷോരി കപൂറിന്റെയും മകനാണ് അർജുൻ.

Advertisement
Advertisement