ചലിക്കുന്ന സോളാർ പാനലും മാൻഹോൾ റോബോട്ടും

Wednesday 30 October 2024 12:00 AM IST

ചെന്ത്രാപ്പിന്നി ഹൈസ്‌കൂളിലെ സെനിനും ദിയയുമെത്തിയത് സൂര്യപ്രകാശത്തിന്റെ മാറ്റത്തിന് അനുസരിച്ച് ചലിക്കുന്ന സോളാർ പാനലുമായാണ്. എപ്പോഴും സൂര്യന് അഭിമുഖമായി നിന്ന് കൂടുതൽ ഊർജം ഉത്പാദിപ്പിക്കാൻ കഴിയും. മാലിന്യത്തിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന വിദ്യയും ഇവരുടെ പക്കലുണ്ട്. മാൻഹോൾ വൃത്തിയാക്കാനിറങ്ങുന്ന ശുചീകരണ തൊഴിലാളികൾ മാലിന്യത്തിൽ മുങ്ങി മരിക്കുന്ന സംഭവങ്ങൾ ഉണ്ടാകാറുണ്ട്. ഇത് ഒഴിവാക്കാൻ റോബോട്ട് ഉപയോഗിക്കാമെന്ന ആശയമാണ് പങ്ങാരപ്പിള്ളി സെന്റ് ജോസഫ് സ്‌കൂളിലെ മുഹമ്മദ് റാഫിയും അബിൻ പ്രിയേഷും അവതരിപ്പിച്ചത്.

ഗ്യാസ് ചോ‌ർന്നാൽ വിളിയെത്തും ഫോണിൽ


വീട്ടിൽ ആരുമില്ലാത്ത നേരത്ത് പാചകവാതകം ചോർന്നാൽ എന്തു ചെയ്യും? അതറിയാനുള്ള മുന്നറിയിപ്പ് സംവിധാനം ഒരുക്കിയിരിക്കുകയാണ് കിഴുപ്പുള്ളിക്കര നളനന്ദ എച്ച്.എസ്.എസിലെ പത്താം ക്‌ളാസ് വിദ്യാർത്ഥികളായ ഹനൻ, റയാൻ എന്നിവർ. ഗ്യാസ് ചോർന്നാലുടൻ സെൻസർ പ്രവർത്തിക്കും. ഉടൻ ജനൽ തുറക്കും. എക്‌സ്‌ഹോസ്റ്റ് ഫാൻ പ്രവർത്തിക്കും. വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെടും. ഉടമയുടെ ഫോണിലേക്ക് വിളിയെത്തും.