ഉറ്റവർ നഷ്ടമായവരെ ആശ്വസിപ്പിച്ച് രാഹുൽ
കൽപ്പറ്റ: വയനാട് മേപ്പാടി പുത്തുമലയിൽ ഉരുൾ പൊട്ടലിൽ മരണപ്പെട്ട പത്ത് പേരുടെയും കുടുംബാംഗങ്ങളെ രാഹുൽഗാന്ധി എം.പി നേരിട്ട് കണ്ട് ആശ്വാസിപ്പിച്ചു.''നിങ്ങൾ വേദനിക്കരുത്. ധൈര്യമായിരിക്കണം. മനസ് പതറരുത്. എം.പി എന്ന നിലയിൽ മാത്രമല്ല, അല്ലാതെയും ഞാൻ നിങ്ങൾക്കൊപ്പമുണ്ട്. ആവശ്യമായ എന്തും എന്നിൽ നിന്ന് പ്രതീക്ഷിക്കാം.നിങ്ങൾക്കെന്നെ കാണാം.വിളിക്കാം. ഇവിടെ എല്ലാവരും ഒറ്റക്കെട്ടായി നിങ്ങൾക്കൊപ്പം ഉണ്ടെന്ന കാര്യം മറക്കരുത്...'' രാഹുൽ ഒരോരുത്തരെയും ചേർത്തുപിടിച്ച് പറഞ്ഞു.
രാഹുലിനെ കാണാൻ മേപ്പാടിയിലെ രണ്ട് ക്യാമ്പുകളിലും വൻ തിരക്കായിരുന്നു. സുരക്ഷ പാേലും വെടിഞ്ഞ് രാഹുൽ ദുരിതാശ്വാസ ക്യാമ്പിൽ കഴിയന്നവർക്കിടയിലേക്ക് ഇറങ്ങിച്ചെന്നു. തടയാൻ സുരക്ഷാ ഉദ്യോഗസ്ഥർ വന്നപ്പോൾ രാഹുൽ തന്നെ അവരെ തട്ടി മാറ്റുന്നുണ്ടായിരുന്നു. പനമരം, മീനങ്ങാടി, കൽപ്പറ്റ, മുണ്ടേരി ക്യാമ്പുകളിൽ ചെന്നപ്പോഴും കഷ്ടപ്പാടിന്റെയും വേദനയുടെയും ഭാണ്ഡക്കെട്ടുകളാണ് ക്യാമ്പിലുള്ളവർ അഴിച്ചത്. ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ച് കഴിഞ്ഞപ്പോഴേക്കും രാത്രിയായി. പാെതുമാരാമത്ത് വകുപ്പിന്റെ വിശ്രമ മന്ദിരത്തിലാണ് രാഹുൽ അന്തിയുറങ്ങിയത്.