100ലേറെ മരങ്ങൾ മുറിച്ചു ഗീതു മോഹൻദാസ്- യാഷ് ചിത്രം 'ടോക്സിക്' വിവാദത്തിൽ
ബംഗളൂരു: പാൻ ഇന്ത്യൻ താരം യാഷിനെ നായകനാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ചിത്രം 'ടോക്സിക്' വിവാദത്തിൽ. സിനിമയുടെ ചിത്രീകരണത്തിനായി അനധികൃതമായി മരങ്ങൾ മുറിച്ചു നീക്കിയെന്നാണ് ആരോപണം.
ബംഗളൂരുവിലെ പീന്യയിലുള്ള എച്ച്.എം.ടിയിലെ സംരക്ഷിതവനഭൂമിയിൽ നിന്ന് നൂറുകണക്കിന് മരങ്ങൾ വെട്ടിമാറ്റിയതായി കണ്ടെത്തി. ഇതിന്റെ തെളിവായി സാറ്റലൈറ്റ് ചിത്രങ്ങൾ വനംവകുപ്പ് പുറത്തുവിട്ടു. സ്ഥലം സന്ദർശിച്ച മന്ത്രി ഈശ്വർ ഖണ്ഡ്രെ സിനിമാ നിർമ്മാതാക്കളോട് വിശദീകരണം തേടിയതായി അറിയിച്ചു. എന്നാൽ മരങ്ങൾ വെട്ടിയിട്ടില്ലെന്നാണ് നിർമ്മാണക്കമ്പനി കെ.വി.എൻ പ്രൊഡക്ഷൻസിന്റെ വാദം. വനംവകുപ്പിന് വിശദ റിപ്പോർട്ട് നൽകുമെന്നും നിർമ്മാതാവ് സുപ്രീത് വ്യക്തമാക്കി. എച്ച്.എം.ടിയെച്ചൊല്ലി രാഷ്ട്രീയപ്പോര് കടുക്കുന്നതിനിടെയാണ് പുതിയ വിവാദം. എച്ച്.എം.ടി അനധികൃതമായി സർക്കാർ ഭൂമി തട്ടിയെടുത്തെന്നും
തിരിച്ച് പിടിക്കുമെന്നും കോൺഗ്രസ് സർക്കാർ പ്രഖ്യാപിച്ചിരുന്നു. എന്നാൽ നവീകരണ ശ്രമങ്ങൾക്ക് തുരങ്കം വയ്ക്കാനാണ് ശ്രമമെന്നായിരുന്നു കേന്ദ്രമന്ത്രി എച്ച്. ഡി കുമാരസ്വാമിയുടെ ആരോപണം.
യാഷിനെ കേന്ദ്രകഥാപാത്രമാക്കി ഗീതു മോഹൻദാസ് സംവിധാനവും രചനയും നിർവഹിക്കുന്ന ചിത്രമാണ് ടോക്സിക് -എ ഫെയറി ടെയിൽ ഫോർ ഗ്രൗൺഅപ്സ്. യഷിന്റെ 19ാമത്തെ ചിത്രമാണ്. 2025ൽ ചിത്രം റിലീസ് ചെയ്തേക്കും. ഇതിനിടെയാണ് വിവാദം.