പുത്തൂർ സമാന്തര പാലം, മോഡൽ റോഡ് നിർമ്മാണം നവംബറിൽ

Thursday 31 October 2024 12:08 AM IST

തൃശൂർ: കുട്ടനെല്ലൂർ മുതൽ പയ്യപ്പിള്ളി മൂല വരെയുള്ള മോഡൽ റോഡിന്റെയും പുത്തൂരിൽ പാലത്തിനു സമാന്തരമായുള്ള പുതിയ പാലത്തിന്റെയും നിർമ്മാണം നവംബറിൽ തുടങ്ങാൻ തീരുമാനം. മന്ത്രി കെ. രാജന്റെ അദ്ധ്യക്ഷതയിൽ ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ ചേർന്ന യോഗത്തിലാണ് നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ തീരുമാനിച്ചത്. കുട്ടനെല്ലൂർ ഓവർ ബ്രിഡ്ജ് മുതൽ പയ്യപ്പിള്ളി മൂലവരെ ഏറ്റെടുത്ത ഭൂമിയിലെ 407 സ്ഥാപനങ്ങളിൽ 406 സ്ഥാപനങ്ങളുടെയും കൈവശാവകാശം ഏറ്റെടുത്ത് പൊതുമരാമത്ത് വകുപ്പിന് കൈമാറി. ഇതിൽ 223 സ്ഥാപനങ്ങൾ പൊളിച്ചുനീക്കും. ബാക്കിയുള്ള മുഴുവൻ കെട്ടിടങ്ങളും പൊളിക്കുന്നതിന് സ്‌പോട്ട് ടെൻഡർ നടത്താൻ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി പ്രത്യേക ഉത്തരവുപ്രകാരം അനുവാദം നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ നവംബർ പകുതിക്കുള്ളിൽ റോഡിനായി ഏറ്റെടുത്ത ഭൂമിയിലെ മുഴുവൻ കെട്ടിടങ്ങളും പൂർണമായും പൊളിച്ചു നീക്കാനാകുമെന്ന് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.