വിശ്രമ മുറിയില്ല, ഉപകരണങ്ങൾ പഴയത്
തലസ്ഥാനത്തെ വി.ഐ.പി മേഖല പൊലീസ് സ്റ്റേഷൻ പരിതാപകരം
തിരുവനന്തപുരം: പേരിൽ വി.ഐ.പി പരിധി സ്റ്റേഷൻ, എന്നാൽ അവസ്ഥ പരിതാപകരവും. ക്ളിഫ് ഹൗസും രാജ്ഭവനും ഉൾപ്പെടെ അതിസുരക്ഷ മേഖലയിലെ മ്യൂസിയം പൊലീസ് സ്റ്റേഷനാണ് ഈ ദുർഗതി.
മഴ പെയ്‌താൽ പുറത്തേക്കാൾ വെള്ളമായിരിക്കും അകത്ത്. എസ്.എച്ച്.ഒയുടെ മുറി ഉൾപ്പെടെ ചോർന്നൊലിക്കുകയാണ്. ഇതുകൂടാതെ ഭിത്തികളിലെല്ലാം വിള്ളൽ വീണു. തടിയിൽ പണിത ജനാലകളിലും കതകിലുമെല്ലാം ചിതലുകളുടെ കൂട്ടമാണ്. 1971ലാണ് മ്യൂസിയം സ്റ്റേഷൻ ആരംഭിച്ചത്.
പുരാവസ്തു വകുപ്പിന്റെ കെട്ടിടത്തിൽ യാതൊരു നവീകരണവും നടത്തിയിട്ടില്ല. മേയിലുണ്ടായ ശക്തമായ മഴയിൽ മ്യൂസിയം സ്റ്റേഷന്റെ പിറകിലത്തെ സൺഷൈഡ് ഇടിഞ്ഞു വീണിരുന്നു. കാലപ്പഴക്കമാണ് സൺഷൈഡ് ഇടിഞ്ഞുവീഴാൻ കാരണം.
ഉപകരണങ്ങളെല്ലാം പുരാവസ്‌തു
സ്റ്റേഷനിൽ പ്രവർത്തിക്കുന്ന കമ്പ്യൂട്ടർ,ഫോട്ടോസ്റ്റാറ്റ് മെഷീൻ,പ്രിന്റർ ഉൾപ്പെടെ എല്ലാം മെഷീനുകളും പഴയതാണ്. പലപ്പോഴും ഇവ പണിമുടക്കാറുണ്ട്. കേടുപാടുണ്ടായെന്ന് മേലുദ്യോഗസ്ഥരെ അറിയിക്കുമ്പോൾ അവർ കൈമലർത്തും. ഒടുവിൽ പൊലീസുകാർ പിരിവിട്ട് പൈസയുണ്ടാക്കി അവ നന്നാക്കും.
വിശ്രമം വേണ്ട, അതുകൊണ്ട് മുറിയും വേണ്ട
ജോലി ഭാരമുള്ള സ്റ്റേഷനിൽ അല്പം വിശ്രമിക്കാൻ പൊലീസുകാർക്ക് മുറിയില്ല. 9 വനിത ജീവനക്കാരുൾപ്പെടെ 80 പേരുള്ള പൊലീസ് സ്റ്റേഷനിൽ വിശ്രമുറിയ്ക്കായി പല തവണ അപേക്ഷ നൽകിയെങ്കിലും ' നിങ്ങൾ വിശ്രമിക്കേണ്ട... ജോലി ചെയ്യൂ അതുകൊണ്ട് മുറിവേണ്ട എന്ന മട്ടിലുള്ള മറുപടിയാണ് മേലുദ്യോഗസ്ഥരിൽ നിന്ന് ലഭിക്കുന്നത്. ജീവനക്കാർ പിരിവിട്ട് ഒരു ഷെഡ് തട്ടിക്കൂട്ടിയെങ്കിലും കാലപ്പഴക്കത്തിൽ നശിച്ചുപോയി. യൂണിഫോം മാറ്റാനോ സൂക്ഷിക്കാനോ സ്ഥലമില്ല. പുരാവസ്‌തു വകുപ്പിന്റെ സ്ഥലമായതുകൊണ്ട് ഒരു മുറിയിറക്കാൻ പോലും അവരുടെ അനുമതി വേണം. ഇതിനായി അപേക്ഷ നൽകിയെങ്കിലും നിരസിക്കുകയായിരുന്നു.
പൊലീസിനും കിട്ടും പെറ്റി
സ്റ്റേഷനിൽ വാഹന പാർക്കിംഗിന് സ്ഥലമില്ലാത്തുകൊണ്ട് ജീവനക്കാർ പൊലീസ് സ്റ്റേഷന് പുറത്താണ് വാഹനം പാർക്ക് ചെയ്യുന്നത്. റോഡിൽ വാഹനം പാർക്ക് ചെയ്‌തെന്ന് ആരോപിച്ച് പൊലീസുകാർക്ക് ട്രാഫിക്ക് പൊലീസ് പിഴയീടാക്കുന്ന സംഭവമുണ്ടായിട്ടുണ്ട്. പിടിച്ചെടുത്ത വാഹനങ്ങൾ ഉൾപ്പെടെ പൊലീസ് സ്റ്റേഷന്റെ മുമ്പിലും വശങ്ങളിലുമായി കൂട്ടിയിട്ട് കാടുപിടിച്ച് കിടക്കുകയാണ്. ഇഴജന്തുക്കളുടെ ശല്യവുമുണ്ട്.
മാനസിക സമ്മർദ്ദം
അതീവ സുരക്ഷ മേഖലയായതിനാൽ സ്റ്റേഷനിലുള്ളവർക്ക് മാനസിക സമ്മർദ്ദം ഏറെയാണ്. സർക്കാർ പരിപാടികളിൽ ഭൂരിഭാഗവും ആതിഥേയത്വം വഹിക്കുന്ന കനകക്കുന്ന് സാംസ്‌കാരിക പരിപാടികളുടെ ആസ്ഥാനം കൂടിയാണ്. ഇവിടെ ശക്തമായ സുരക്ഷ ഒരുക്കേണ്ടത് മ്യൂസിയം പൊലീസിന്റെ കടമയാണ്. പരിമിതമായ സാഹചര്യങ്ങളിൽ വിയർക്കുന്ന ഈ സ്റ്റേഷന്റെ അവസ്ഥ അധികാരികൾ കണ്ണുതുറന്ന് കാണണം.