കണമലയിൽ ഭക്തരെ കാത്ത് ദുരിതം...... സമാന്തര പാതയുടെ ഒരു കോലമേ അയ്യപ്പാ
എരുമേലി : മണ്ഡല - മകരവിളക്ക് തീർത്ഥാടനകാലത്ത് കണമല അട്ടിവളവിൽ അപകടങ്ങൾ പതിവായതോടെ പരിഹാരമായി നിർമ്മിച്ച എരുത്വാപ്പുഴ - കീരിത്തോട് - കണമല സമാന്തരപ്പാത തകർന്ന് തന്നെ. അഞ്ചുവർഷം മുൻപുണ്ടായ മലവെള്ളപ്പാച്ചിലിലാണ് പാതയുടെ തകർച്ച തുടങ്ങിയത്. വർഷങ്ങൾ കഴിഞ്ഞിട്ടും സഞ്ചാരയോഗ്യമാക്കാൻ അധികൃതർ താത്പര്യം കാട്ടുന്നില്ല. ആരുംതിരിഞ്ഞ് നോക്കാതായതോടെ റോഡിലേക്ക് കാട് വളർന്ന നിലയിലാണ്. തീർത്ഥാടന മുന്നൊരുക്ക യോഗങ്ങളിലെല്ലാം റോഡ് നന്നാക്കി ഇതുവഴി വാഹനങ്ങൾ വഴിതിരിച്ച് വിടണമെന്ന് ആവശ്യമുയർന്നിരുന്നു. നടപടികൾ പക്ഷേ കടലാസിൽ ഒതുങ്ങി. മാറി മാറി വരുന്ന ജനപ്രതിനിധികളുടെ വാഗ്ദാനങ്ങളിൽ ജനങ്ങൾക്ക് വിശ്വാസവും കുറഞ്ഞു. 2015 ലായിരുന്നു റോഡ് ഉദ്ഘാടനം. പ്രദേശവാസികൾ റോഡ് വികസനത്തിനായി സ്ഥലം വിട്ടുനൽകി. 2021 ലെ മലവെള്ളപ്പാച്ചിലിൽ റോഡിന്റെ ഒരുഭാഗം ഒലിച്ചുപോയി സംരക്ഷണക്കെട്ട് തകർന്നു. അപകടസാദ്ധ്യത കണക്കിലെടുത്ത് ഈ പാതവഴി തീർത്ഥാടക വാഹനങ്ങൾ കടത്തിവിടാറില്ല.
അശാസ്ത്രീയ നിർമ്മാണം, പഴിചാരലും
പഞ്ചായത്ത് ഉടമസ്ഥതയിലുള്ള ഗ്രാമീണറോഡാണ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത് നവീകരിച്ചത്. നിർമ്മാണം അശാസ്ത്രീയമാണെന്ന് തുടക്കത്തിലെ ആക്ഷേപം ഉയർന്നിരുന്നു. കണമല ഇറക്കത്തേക്കാളും അപകടസാദ്ധ്യതയാണ് ഇവിടെ കണ്ടെത്തിയത്. കുത്തിറക്കങ്ങളും വളവുകളും ഏറെ, റോഡിന് വശങ്ങളിൽ ഓടകളില്ല, സംരക്ഷണഭിത്തികളുടെ അഭാവം എന്നിവയായിരുന്നു പരാതി. രണ്ട് വർഷത്തെ പരിപാലന കാലാവധി 2019 ൽ കഴിഞ്ഞെന്നും ഇനി പഞ്ചായത്തിനാണ് ചുമതലയെന്നുമാണ് പൊതുമരാമത്ത് വകുപ്പ് നിലപാട്. ഇതാകട്ടെ പഞ്ചായത്ത് അംഗീകരിക്കുന്നില്ല.
ദൈർഘ്യം : 2.300 കിലോമീറ്റർ
നിർമ്മാണച്ചെലവ് : 6.30 കോടി
''
മറ്റൊരു തീർത്ഥാടന കാലത്തിന് മൂന്നാഴ്ച മാത്രം ബാക്കി നിൽക്കെ കണമല വഴി കൂടുതൽ വാഹനങ്ങൾ കടത്തിവിടുന്നത് ആശങ്കയുളവാക്കുന്നു. അടിയന്തരമായി സമാന്തരപാത സഞ്ചാരയോഗ്യമാക്കണം.
-ബിനു (പൊതുപ്രവർത്തകൻ)
കണമല ഇറക്കം കഠിനം
ശബരിമലപാതയിലെ കണമല ഇറക്കത്തിൽ തീർത്ഥാടനകാലത്ത് അപകടങ്ങൾ തുടർക്കഥയാണ്. ഇതുവരെ 30 ഭക്തരുടെ ജീവനാണ് പൊലിഞ്ഞത്. 400 പേർക്ക് പരിക്കേറ്റു.