സന്ധ്യ ടീച്ചർക്ക് ഇനി സ്കൂളിൽ പോകാം: സർക്കാരിനും മന്ത്രിക്കും നന്ദി
വിഴിഞ്ഞം: വിഴിഞ്ഞത്ത് ടിപ്പർ ലോറിക്കടിയിൽപ്പെട്ട് ഒരു കാൽ പൂർണമായും മുറിച്ചുമാറ്റിയ സന്ധ്യ ടീച്ചർ ഇനി വേദനകൾ മറന്ന് സ്കൂളിലേക്ക്.ഭിന്നശേഷി നിയമപ്രകാരം ജോലി നൽകുന്നതിന് ഇന്നലെ നടന്ന മന്ത്രിസഭാ യോഗത്തിൽ അനുമതി ലഭിച്ചതോടെയാണ് സന്ധ്യ ടീച്ചർ പ്രിയപ്പെട്ട വിദ്യാർത്ഥികളെ കാണാനും പഠിപ്പിക്കാനും വീണ്ടും സ്കൂളിലേക്ക് മടങ്ങിയെത്തുന്നത്.
കല്ലുവെട്ടാൻ കുഴി രാഗത്തിൽ രഞ്ജിത്തിന്റെ ഭാര്യയാണ് സന്ധ്യാറാണി (37).കഴിഞ്ഞവർഷം ഡിസംബർ 19ന് 5വയസുകാരനായ മകനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കവേയാണ് വിഴിഞ്ഞം ജംഗ്ഷനിൽ ടിപ്പർലോറി തട്ടി അപകടമുണ്ടായത്.വിഴിഞ്ഞം തുറമുഖത്തേക്ക് കരിങ്കല്ലുമായി അമിത വേഗത്തിൽപ്പോയ ടിപ്പർലോറിയാണ് അപകടമുണ്ടാക്കിയത്.ഒരു കാൽ പൂർണമായും മുറിച്ചു മാറ്റിയതോടെ വെങ്ങാനൂർ ഗവ.മോഡൽ എച്ച്.എസ്.എസിലെ അദ്ധ്യാപികയായിരുന്ന സന്ധ്യാറാണിക്ക് പിന്നീട് സ്കൂളിൽ പോകാൻ കഴിഞ്ഞില്ല.അതോടെ ജീവിതം പ്രതിസന്ധിയിലായി.
അദ്ധ്യയനവർഷം ആരംഭിക്കുമ്പോൾ പ്രിയപ്പെട്ട വിദ്യാർത്ഥികളെ പിരിഞ്ഞിരിക്കുന്ന സന്ധ്യാറാണിയുടെ വേദനയെക്കുറിച്ച് കേരളകൗമുദി ഇക്കഴിഞ്ഞ ജൂൺ 2ന് വാർത്ത നൽകിയിരുന്നു.ഇത് ശ്രദ്ധയിൽപ്പെട്ട വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി ഇവരുടെ വീട്ടിലെത്തി ടീച്ചറെ ആശ്വസിപ്പിച്ചിരുന്നു. തൊട്ടുപിന്നാലെ അദാനി തുറമുഖ കമ്പനി ചികിത്സാസഹായത്തിനായി പ്രഖ്യാപിച്ച തുകയും ഇവർക്ക് കൈമാറി.
വീട്ടിലെത്തി തന്നെ ആശ്വസിപ്പിക്കുകയും വളരെ വേഗത്തിൽ നടപടിയെടുക്കുകയും ചെയ്ത മന്ത്രി വി.ശിവൻകുട്ടിക്കും സർക്കാറിനും നന്ദി അറിയിക്കുന്നതായി ടീച്ചർ പറഞ്ഞു.