വീട്ടിൽനിന്ന് വഴക്കിട്ടിറങ്ങിയ 18കാരിയെ പീഡിപ്പിച്ച കേസ്: യുവാവിന് ഏഴുവർഷം തടവ്
കൊച്ചി: വീട്ടിൽനിന്ന് വഴക്കിട്ടിറങ്ങിയ പതിനെട്ടുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ യുവാവിന് ഏഴുവർഷം കഠിനതടവും 50,000 രൂപ പിഴയും കോടതി ശിക്ഷിച്ചു. കുത്തിയതോട് മുണ്ടക്കാട്ട് വീട്ടിൽ നിയോൺ എന്ന നോയലിനാണ് (43) കോടതി ശിക്ഷവിധിച്ചത്.
2011 ഡിസംബർ 13ന് വിഴിഞ്ഞം അമ്പലക്കുളത്തെ താമസസ്ഥലത്തുനിന്ന് വീട്ടുകാരോട് പിണങ്ങി കോളേജിലേക്ക് ബസിൽ പുറപ്പെട്ട പെൺകുട്ടി ബസിൽവച്ച് പരിചയപ്പെട്ട ഷഫീഖുമായി തോപ്പുംപടിയിലിറങ്ങി. ഇയാൾ കൂട്ടുകാരൻ ഷിബിനെ വിളിച്ചുവരുത്തി ഷിബിൻ ജോലിചെയ്യുന്ന ഗോഡൗണിലെത്തിച്ചു. പിന്നീട് വില്ലിംഗ്ഡൺ ഐലൻഡ് ചുറ്റിക്കാണിച്ച ശേഷം വീണ്ടും ഗോഡൗണിലെത്തിച്ചു. അവിടെ നിയോണും അജ്മലുമെത്തി. തുടർന്ന് പെൺകുട്ടിയെ നിയോൺ പീഡിപ്പിക്കുകയായിരുന്നു. എറണാകുളം പ്രത്യേക കോടതി ജഡ്ജി കെ.എൻ. പ്രഭാകരനാണ് വിധി പറഞ്ഞത്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി.എ. ബിന്ദു ഹാജരായി.