വിവാദങ്ങൾ വാഴുന്ന രാഷ്ട്രീയരംഗം

Thursday 31 October 2024 2:29 AM IST

സാമാന്യനീതിക്കോ സാമാന്യയുക്തിക്കോ നിരക്കുന്നതായിരിക്കില്ല പലപ്പോഴും രാഷ്ട്രീയ നേതാക്കളുടെ നിലപാടുകളും പ്രതികരണങ്ങളും സമീപനങ്ങളും കരുനീക്കങ്ങളും! അഥവാ,​ അത്തരം യുക്തിയും നീതിയുമൊക്കെ പുതിയ കാലത്തെ രാഷ്ട്രീയ നേതാക്കളിൽ നിന്നു പ്രതീക്ഷിക്കുന്നത് അധികാര രാഷ്ട്രീയത്തെക്കുറിച്ചുള്ള തികഞ്ഞ അജ്ഞതയാകും. കുറേക്കാലമായി രാഷ്ടീയത്തെ സദാ സജീവമായി നിലനിറുത്തുന്നത് ജനങ്ങളുമായി ഏതെങ്കിലും വിധത്തിൽ ബന്ധപ്പെട്ട വിഷയങ്ങളല്ല; ​ ഉറവിടം പോലുമറിയാതെ പൊട്ടിപ്പുറപ്പെട്ട് ഉറഞ്ഞുതുള്ളുന്ന വിവാദങ്ങളാണ്. അത്തരം വിവാദങ്ങളിലൂടെയാവും പലരും 'ഛോട്ടാ" നേതാവിൽ നിന്ന് 'മുതിർന്ന" നേതാവായി പരിണമിക്കുന്നതും! ഒരിക്കൽപ്പറഞ്ഞത് നാണക്കേടേതുമില്ലാതെ മാറ്റിപ്പറയുക,​ നിന്ന നില്പിൽ മലക്കം മറിയുക,​ കുതന്ത്രം മെനയുക,​ കുതികാൽ വെട്ടുക,​ ലാഭം നോക്കി മറുകണ്ടം ചാടുക തുടങ്ങി അധികാര രാഷ്ട്രീയത്തിലെ കളികൾ എണ്ണിയാൽത്തീരില്ല. അതിലൊന്നത്രേ,​ വിവാദം ഉത്പാദിപ്പിക്കൽ!

ഭരണപക്ഷ ചെയ്തികളിൽ ജനകീയവിരോധം രൂപപ്പെട്ടുവരികയും,​ അത് തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന് ഉറപ്പാവുകയും ചെയ്യുമ്പോൾ അധികാരത്തിലിരിക്കുന്ന ഏതു കക്ഷിയും പുറത്തെടുക്കുന്ന ഒരു കുറുക്കുവഴിയുണ്ട്: ആരും പ്രതീക്ഷിക്കാത്തൊരു വിവാദത്തിന് തിരികൊളുത്തുക! അതു പതിയെ കത്തിപ്പടർന്ന് പതിനാറു നില അമിട്ടായി ആകാശത്ത് വർണക്കുട നിവർത്തും. ജനം മറ്രെല്ലാം മറന്ന് അതു നോക്കി അമ്പരപ്പോടെ നില്ക്കും. ആ പഴുതു മതി,​ അതുവരെ കളംനിറഞ്ഞു നിന്ന ജനകീയ വിഷയങ്ങളിൽ നിന്ന് പൊതുശ്രദ്ധ തിരിയാൻ. ഒരാഴ്ചക്കാലമായി രാഷ്ട്രീയ സദസുകളിൽ നിറഞ്ഞോടുന്ന,​ എൻ.സി.പിയിലെ കോഴ വിവാദവും,​ അതിനും മുമ്പേ കലങ്ങിമറിഞ്ഞുതുടങ്ങിയ തൃശൂർ പൂരം കലക്കൽ വിവാദവും,​ ഏറ്റവും ഒടുവിൽ കണ്ണൂർ എ.ഡി.എം നവീൻ ബാബുവിന്റെ ആത്മഹത്യയിൽ പ്രേരണാകുറ്റം ചുമത്തപ്പെട്ട മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയുടെ ഒളിച്ചുകളിയും,​ അതിനു പിന്നിലെ പൊലീസ്- സി.പി.എം കൺകെട്ടുവിദ്യയുമൊക്കെ കാണുമ്പോൾ ഇതെല്ലാം ചില അഡ്‌ജസ്റ്റ്മെന്റ് വിവാദങ്ങളല്ലേ എന്ന് ആരെങ്കിലും സംശയിച്ചുപോകുന്നതിനെ കുറ്റം പറയുന്നതെങ്ങനെ?​

എൻ.സി.പിയിലെ മന്ത്രിമാറ്റ വിഷയം ചൂടുപിടിച്ചുനിൽക്കെയാണ്,​ തത്കാലം എ.കെ. ശശീന്ദ്രൻ തന്നെ തുടരട്ടെയെന്നും,​ തോമസ് കെ. തോമസിന്റെ ആവശ്യം പരിഗണിക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി തന്നെ ഒരു തീർപ്പുണ്ടാക്കിയത്. ഇടതു മുന്നണിയിലെ രണ്ടു ഘടകകക്ഷികളിൽ നിന്നായി രണ്ട് എം.എൽ.എമാരെ കൂറുമാറ്റിക്കാൻ അമ്പതു കോടി രൂപ വീതം കോഴ നല്കിയെന്ന് തോമസ് കെ. തോമസിനെതിരെ ആരോപണമുയർന്നതിനെ തുടർന്നായിരുന്നു ഇത്. ബി.ജെ.പി ചങ്ങാത്തമുള്ള എൻ.സി.പി- ശരദ്പവാർ പക്ഷത്തേക്ക് കൂറുമാറാൻ ആന്റണി രാജുവിനും കോവൂർ കുഞ്ഞുമോനും നേരെയായിരുന്നു,​ കോഴയുടെ ചൂണ്ട. ആരോപണത്തെക്കുറിച്ച് ഇരുവരോടും ആദ്യം ചോദിച്ചത് മുഖ്യമന്ത്രിയാണ്. രണ്ടുപേരും അത് സ്ഥിരീകരിക്കുകയും ചെയ്തു. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിൽ കോഴവിവരം റിപ്പോർട്ട് ചെയ്തതും മുഖ്യമന്ത്രി തന്നെ. തന്റെ മന്ത്രിസ്ഥാനത്തിനു വിലങ്ങായത് ഈ ആരോപണമാണെന്ന് തോമസ് കെ. തോമസും നഷ്ടഭാരത്തോടെ വെളിപ്പെടുത്തി. ആരോപണത്തിൽ എൻ.സി.പി അന്വേഷണ കമ്മിഷനെ നിയോഗിച്ചതോടെ കഥ പിന്നെയും തുടരുകയാണ്.

ജനത്തിന് ഒരു സംശയം ബാക്കി: കോഴ നല്കുന്നതും വാങ്ങുന്നതും കുറ്റകരമാണെന്നിരിക്കെ,​ വിഷയം പാർട്ടി യോഗത്തിൽ റിപ്പോർട്ട് ചെയ്യുകയും,​ ആരോപണവിധേയരോട് അന്വേഷിക്കുകയും ചെയ്ത മുഖ്യമന്ത്രി അക്കാര്യത്തിൽ സർക്കാർ തലത്തിൽ ഒരു അന്വേഷണത്തിന് ഉത്തരവിട്ട് നിജസ്ഥിതി പുറത്തുവരാൻ വഴിയൊരുക്കാതിരുന്നത് എന്ത്?​ പൂരം കലക്കൽ വിവാദം കത്തിപ്പടർന്ന് പാർട്ടിക്കും മുന്നണിക്കും തിരിച്ചടിയാകുമെന്നു തിരിച്ചറിഞ്ഞ് പ്രത്യേകാന്വേഷണം പ്രഖ്യാപിക്കുകയും,​ അതു നടക്കുകയും ചെയ്യുന്ന ഘട്ടത്തിലാണ്,​ പൂരം കലക്കാൻ ചില ശ്രമങ്ങളുണ്ടായെങ്കിലും 'പൂരം കലങ്ങിയില്ല" എന്ന് മുഖ്യമന്ത്രി പരസ്യമായി പ്രഖ്യാപിച്ചത്. അതോടെ,​ അതിനെച്ചൊല്ലിയായി പുകിലും പൊറാട്ടുനാടകങ്ങളും. അത് ഒരുവഴിക്കു നീങ്ങുമ്പോൾ വരുന്നൂ,​ ദിവ്യയുടെ 'ഒളിച്ചുകളി വിവാദം!" ജനത്തിന് വിവാദങ്ങളെക്കുറിച്ച് സ്വകാര്യമായി സംശയിക്കാമെന്നല്ലാതെ മറ്റെന്തു മാർഗം?​ ജനകീയ വിഷയങ്ങൾ പടിക്കു പുറത്ത് ഭിക്ഷാപാത്രവുമായി നില്ക്കുമ്പോൾ,​ രാഷ്ട്രീയക്കാരുടെ മുദ്രാവാക്യം സിംപിളാണ്: 'വിവാദങ്ങളേ വാഴ്ക!"