റവന്യൂ ജില്ലാ ശാസ്‌ത്രോത്സവം & വൊക്കേഷണൽ എക്‌സ്‌പോ: കൊടുങ്ങല്ലൂര്‍ ഉപജില്ലയ്ക്ക് കിരീടം

Thursday 31 October 2024 12:00 AM IST

തൃശൂർ: റവന്യൂ ജില്ലാ ശാസ്‌ത്രോത്സവത്തിലും വൊക്കേഷണൽ എക്‌സ്‌പോയിലും കൊടുങ്ങല്ലൂർ ഉപജില്ലയ്ക്ക് 1213 പോയിന്റോടെ ഓവറോൾ ചാമ്പ്യൻഷിപ്പ്. തൃശൂർ ഈസ്റ്റ് ഉപജില്ല 1202 പോയിന്റോടെ രണ്ടാം സ്ഥാനത്തെത്തി. 1159 പോയിന്റോടെ ചാലക്കുടി ഉപജില്ലയ്ക്കാണ് മൂന്നാം സ്ഥാനം. സ്‌കൂൾതലത്തിൽ 377 പോയിന്റോടെ എച്ച്.എസ്.എസ് പനങ്ങാട് ഓവറോൾ ചാമ്പ്യൻമാരായി. മമ്മിയൂർ ലിറ്റിൽ ഫ്‌ളവർ സി.ജി.എച്ച്എസ്.എസ് 302 പോയിന്റോടെ രണ്ടാം സ്ഥാനവും 254 പോയിന്റോടെ ചാലക്കുടി സേക്രഡ് ഹേർട്ട് സി.ജി.എച്ച്എസ് മൂന്നാം സ്ഥാനവും നേടി.

ഹോളിഫാമിലി സി.ജി.എച്ച്എസിൽ വിദ്യാഭ്യാസ ഉപഡയറക്ടർ എ.കെ. അജിതകുമാരി ശാസ്‌ത്രോത്സവത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. തൃശൂർ വിദ്യാഭ്യാസ ഓഫീസർ ഡോ. എ. അൻസർ അദ്ധ്യക്ഷനായി. ശാസ്‌ത്രോത്സവത്തിൽ 157 ഇനങ്ങളിലായി 3622 മത്സരാർത്ഥികൾ പങ്കെടുത്തു. തൃശൂർ വെസ്റ്റ് എ.ഇ.ഒ: പി.ജെ. ബിജു, ചേർപ്പ് എ.ഇ.ഒ: എം.വി. സുനിൽ കുമാർ, പബ്ലിസിറ്റി കമ്മിറ്റി വൈസ് ചെയർമാൻ നീൽ ടോം, ട്രോഫി കമ്മിറ്റി കൺവീനർ പി.ആർ. പ്രശാന്ത്, പബ്ലിസിറ്റി കൺവീനർ ജി. റസൽ എന്നിവർ സംസാരിച്ചു. സ്വീകരണ കമ്മിറ്റി കൺവീനർ എൻ.കെ. രമേഷ് സ്വാഗതവും ഹോളി ഫാമിലി സി.ജി.എച്ച്.എസിലെ പ്രധാന അദ്ധ്യാപിക സിസ്റ്റർ ഗ്ലോറി നന്ദിയും പറഞ്ഞു.