ടി.ജെ ചന്ദ്രചൂഡൻ ഓർമ്മയായിട്ട് ഇന്ന് രണ്ടു വർഷം, വിട്ടുവീഴ്ചയില്ലാത്ത പോരാളി

Thursday 31 October 2024 2:39 AM IST

നിലപാടുകളിൽ ഉറച്ചുനിന്ന് പ്രത്യാഘാതങ്ങളെക്കുറിച്ച് ഭയപ്പെടാതെയും മുഖം നോക്കാതെയും അഭിപ്രായങ്ങൾ വെട്ടിത്തുറന്നു പറഞ്ഞ കരുത്തനായ ഇടത് ദാർശനികനാണ് പ്രൊഫ: ടി.ജെ ചന്ദ്രചൂഡൻ. ആനുകാലിക രാഷ്ട്രീയത്തിൽ ഇടതുപക്ഷത്തിന് ഉണ്ടായിക്കൊണ്ടിരിക്കുന്ന മൂല്യചുതി കാലേക്കൂട്ടി കണ്ടെത്തി വെട്ടിത്തുറന്ന് അഭിപ്രായം പറഞ്ഞതിന്റെ പേരിൽ ഇടതു മുന്നണിയിൽ നിന്നുതന്നെ ദുരനുഭവങ്ങൾ നേരിടേണ്ടി വന്ന നേതാവ്. ഇടതു മുന്നണിക്കുള്ളിൽ തിരുത്തൽ ശക്തിയായി പ്രവർത്തിച്ചു. അടവുനയങ്ങളിലൂടെ പാർലമെന്ററി ജനാധിപത്യത്തിൽ പ്രാതിനിദ്ധ്യം കൂട്ടി, ഭരണം പിടിച്ചെടുക്കുകയും നിലനിറുത്തുകയും ചെയ്യുന്നതിനേക്കാൾ പ്രാധാന്യം തത്വാധിഷ്ഠിത രാഷ്ട്രീയത്തിലെ മൂല്യങ്ങളാണെന്ന് അടിയുറച്ചു വിശ്വസിച്ചു. തദനുസരണമായി പാർട്ടിയെ നയിക്കുകയും മുന്നണയിൽ അഭിപ്രായങ്ങൾ പറയുകയും ചെയ്തു.

പാർലമെന്ററി ജനാധിപത്യത്തിലെ അമിതാവേശം മൂലം ടി.ജെ. ചന്ദ്രചൂഡന്റെ വാക്കുകൾ ഉൾക്കൊള്ളാൻ മുന്നണി നേതൃത്വം പലപ്പോഴും വിമുഖത കാണിച്ചെങ്കിലും യാഥാർത്ഥ്യബോധത്തോടെ വിഷയങ്ങൾ അവതരിപ്പിച്ച് മുന്നണിയുടെ അംഗീകാരം നേടിയെടുക്കുന്നതിനും അദ്ദേഹത്തിനു കഴിഞ്ഞു. പ്രോഗ്രസീവ് സ്റ്റുഡന്റ്സ് യൂണിയനിലൂടെ രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചു. യുവജന സംഘടനയായ പി.വൈ.എഫിന്റെ (ഇപ്പോൾ ആർ.വൈ.എഫ്) അമരക്കാരനായി. ആർ.എസ്.പിയുടെ ബ്രാഞ്ച് തലം മുതൽ വിവിധ തലങ്ങളിൽ ശ്രദ്ധേയമായ പ്രവർത്തനം നടത്തി. പാർട്ടിയുടെ ദേശീയ ജനറൽ സെക്രട്ടറിയായി ദേശീയതലത്തിൽ അംഗീകാരം നേടി.

പ്രിയങ്കരനായ

നേതാവ്

ആർ.എസ്.പിയുടെ അടിത്തറയായ തൊഴിലാളികൾക്കും പ്രിയങ്കരനായിരുന്നു ചന്ദ്രചൂഡൻ. ഇടപെടുന്ന പ്രശ്നങ്ങളിൽ പരിഹാരം കാണുന്നതിനും തൊഴിലാളികളുടെ ക്ഷേമത്തിനായി വിവിധ പദ്ധതികൾ ലക്ഷ്യത്തിലെത്തിക്കുന്നതിനും ആത്മാർത്ഥമായ പങ്കു വഹിച്ചു. ദേശീയതലത്തിൽ രാജ്യത്തെ ബാധിക്കുന്ന ഗൗരവമേറിയ വിഷയങ്ങളിൽ ഇടപെട്ടു പ്രവർത്തിക്കുമ്പോഴും പാവപ്പെട്ട തൊഴിലാളികളുടെ പൊതുവിഷയങ്ങളിലും വ്യക്തിപരമായ വിഷയങ്ങളിലും ഇടപെടാനും ആശ്വാസം നൽകുന്നതിനും പ്രാധാന്യം നൽകിയിരുന്നു. കാഴ്ചയിൽ കാർക്കശ്യമുള്ളതായി തോന്നുമെങ്കിലും അടുത്തിടപഴകുന്നവർക്ക് സ്‌നേഹനിധിയായ നേതാവായിരുന്നു.

പാർട്ടിയുടെ നയങ്ങൾ നടപ്പാക്കുന്നതിൽ സ്വീകരിച്ചിട്ടുളള ശക്തമായ ഇടപെടലുകൾ ദേശീയ രാഷ്ട്രീയത്തിൽത്തന്നെ ചലനം സൃഷ്ടിച്ചവയാണ്. ഒന്നാം യു.പി.എ സർക്കാരിന്റെ കാലത്ത് ഇന്ത്യയും അമേരിക്കയും തമ്മിലുണ്ടാക്കിയ ആണവ കരാരിനെ സംബന്ധിച്ച് പാർട്ടിയുടെ ദേശീയ സെക്രട്ടറി എന്ന നിലയിൽ ടി.ജെ. ചന്ദ്രചൂഡൻ സ്വീകരിച്ച ദൃഢമായ നിലപാട് ചരിത്രസംഭവമാണ്. ഭരണത്തിലുള്ള സ്വാധീനവും അതു മൂലമുണ്ടാകുന്ന ഗുണഫലങ്ങൾക്കും പ്രാമുഖ്യം നൽകി അന്നുവരെ സ്വീകരിച്ചു വന്നിരുന്ന നയത്തിലും നിലപാടിലും വെള്ളം ചേർക്കാൻ ഇതര ഇടതു പാർട്ടികൾ തയ്യാറായിരുന്നു. എന്നാൽ, അതിനെതിരെ ടി.ജെ. ചന്ദ്രചൂഡൻ ഉയർത്തിയ പ്രതിഷേധം സൃഷ്ടിച്ച പ്രതിസന്ധിയെ മറികടക്കുവാൻ അവർക്കു കഴിഞ്ഞില്ല.

ആണവ കരാർ എന്ന രാജ്യാന്തര വിഷയത്തിൽ, അതേ വിഷയത്തിൽത്തന്നെ സ്വീകരിച്ചു വന്നിരുന്ന തനതു നയങ്ങളിൽ വ്യതിയാനം വരുത്തുന്നതിൽ തെറ്റില്ല എന്ന അയഞ്ഞ സമീപനമായിരുന്ന ഇതര ഇടതു പാർട്ടികൾക്ക്. നയവ്യതിയാനങ്ങളുമായി പൊരുത്തപ്പെടുവാനോ സഹകരിക്കുവാനോ കഴിയില്ല എന്ന വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ചു. നയവ്യതിയാനത്തിൽ നിന്ന് മറ്റുള്ളവരെ പിന്തിരിപ്പിക്കാനും രാജ്യത്തിന്റെ പൊതുതാത്പര്യവും ഇടതുനിലപാടുകളും സംരക്ഷിക്കാനും കഴിഞ്ഞു എന്നത് നേതൃപാടവത്തിന്റെയും തത്വാധിഷ്ഠിത രാഷ്ട്രീയത്തോടുള്ള ആത്മാർത്ഥയുടെയും നല്ല മാതൃകയാണ്.

പ്രതിഭയുടെ

ബഹുമുഖം

പത്രപ്രവർത്തകൾ, എഴുത്തുകാരൻ, അദ്ധ്യാപകൻ, സാംസ്‌കാരിക നായകൻ എന്നീ വിവിധ തലങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ചു. എന്നാൽ ജീവിതത്തിൽ കൂടുതൽ സമയവും ചെലവിട്ടത് ആർ.എസ്.പിയുടെയും ഇടതുപക്ഷത്തിന്റെയും നയങ്ങളും പരിപാടികളും പ്രചരിപ്പിക്കുന്നതിനും നടപ്പാക്കുന്നതിനും വേണ്ടിയാണ്. ഏതു വിഷയവും ആഴത്തിൽ പഠിക്കുവാനും സമൂഹത്തിൽ ഉണ്ടാകുന്ന ഗുണദോഷങ്ങളെ സംബന്ധിച്ച് അപഗ്രഥിച്ച് വിശകലനം ചെയ്യുവാനും സൂക്ഷ്മതയോടെ എഴുതുവാനും പ്രസംഗിക്കുവാനുമുള്ള പ്രത്യേക പാടവം അദ്ദേഹത്തെ പൊതുജനങ്ങൾക്ക് പ്രിയങ്കരനാക്കി.

കേരളം ചന്ദ്രചൂഡന്റെ വാക്കുകൾ താത്പര്യപൂർവം കേൾക്കുകയും ഉൾക്കൊള്ളുകയും ചെയ്തു. പറയുന്നതും പ്രവർത്തിക്കുന്നതും ഇടതു നയങ്ങളുമായി പൊരുത്തപ്പെടണമെന്ന ദൃഢനിശ്ചയത്തോടു കൂടി പ്രവർത്തനം നടത്തി. പൊതു വിഷയങ്ങളിൽ രൂക്ഷമായ വിമർശനം നടത്തുമ്പോഴും, വിമർശിക്കപ്പെടുന്നവർക്കു പോലും എതിർക്കാനാവാത്ത വിധത്തിലുളള സത്യസന്ധമായ നിലപാട് സ്വീകരിച്ചു. വിവിധ മേഖലകളിലെ പ്രവർത്തന പരിചയവും വൈദഗ്ദ്ധ്യവും സാമർത്ഥ്യവും പൊതുജീവിതത്തിൽ സ്വീകരിച്ച നിലപാടുകൾക്ക് തിളക്കം വർദ്ധിപ്പിച്ചു.

കക്ഷിരാഷ്ട്രീയ ഭേദമെന്യേ സമൂഹത്തിന്റെ നാനാ തുറകളിലുള്ളവരോട് വ്യക്തിബന്ധം സ്ഥാപിക്കുന്നതിനും സൗഹൃദബന്ധം കോട്ടം തട്ടാതെ സൂക്ഷിക്കുന്നതിനും പ്രത്യേകം ശ്രദ്ധിച്ചിരുന്നു. പൊതുവിഷയങ്ങളിൽ നിലപാടുകളോടും നയങ്ങളോടും യോജിക്കാത്തവരെ നിശിതമായി വിമർശിക്കുമ്പോഴും ആ വിമർശനങ്ങൾ വിഷയാധിഷ്ഠിതമായി കാണുന്നതിനപ്പുറം വ്യക്തി ബന്ധത്തെയോ സൗഹൃദ ബന്ധത്തെയോ അതൊന്നും ഉലച്ചിരുന്നില്ല. മാദ്ധ്യമ രംഗത്തും സാഹിത്യ രംഗത്തും കലാരംഗത്തും അദ്ധ്യാപന രംഗത്തും രാഷ്ട്രീയ രംഗത്തും പ്രവർത്തിച്ചിരുന്നവരോടുള്ള സൗഹൃദവും വ്യക്തിബന്ധവും പാർട്ടിക്കും ഗുണകരമായി മാറ്റുന്നതിൽ ശ്രദ്ധാലുവായിരുന്നു.

ക്രൈസിസ്

മാനേജർ

പ്രതിസന്ധികളെ അതിജീവിക്കാൻ അനിതര സാധാരണമായ കഴിവും ശേഷിയും ചന്ദ്രചൂഡൻ പ്രകടിപ്പിച്ചിരുന്നു. പാർട്ടി പ്രതിസന്ധിയിൽപ്പെടുന്ന വിധം മുന്നണി സംവിധാനത്തിനും ഇടതുപക്ഷ നിലപാടുകൾക്കും നിരക്കാത്തവണ്ണം ഇടതുമുന്നണി സമീപനം സ്വീകരിച്ചപ്പോൾ ഉചിതമായ മാർഗത്തിലൂടെ സംസ്ഥാന തലത്തിലും ദേശീയ തലത്തിലും പാർട്ടി നയത്തിനും പാർട്ടിക്ക് ക്ഷീണമുണ്ടാകാത്തവണ്ണം ഉന്നതമായ നിലപാട് സ്വീകരിച്ചു. ഇടതു മുന്നണിയിലെ ചില നേതാക്കളുടെ അംഗീകരിക്കാനാവാത്ത ചെയ്തികളെയും നിലപാടുകളെയും നിശിതമായി വിമർശിക്കുകയും തിരുത്തണമെന്ന് പരസ്യമായി ആവശ്യപ്പെടുകയും ചെയ്തു. പരസ്യമായിത്തന്നെ പാർട്ടി നയത്തിന് അനുസരിച്ച് നിലപാടു സ്വീകരിച്ച ദേശീയ ജനറൽ സെക്രട്ടറിയുടെ സമീപനത്തെ രാഷ്ട്രീയമായി വിലയിരുത്താനോ ആശയപരമായി നേരിടാനോ അല്ല മുന്നണിയിലെ പ്രധാന കക്ഷി തയ്യാറായത്. പരസ്യമായി സ്വീകരിച്ച നിലപാടുകൊണ്ട് പൊതുജന മദ്ധ്യത്തിൽ ഉത്തരം മുട്ടിയ നേതാക്കളുടെ വിരോധം മുന്നണി മാറ്റത്തിനു വരെ കാരണമായി.

എന്നാൽ, അംഗബലത്തിനപ്പുറം ആശയ സമ്പന്നതയ്ക്കും നിലപാടുകൾക്കും കേരള രാഷ്ട്രീയത്തിൽ സ്ഥാനമുണ്ടെന്നു തെളിയിക്കുന്ന തരത്തിൽ പാർട്ടിയെ കേരളത്തിലും ദേശീയതലത്തിലും നിലനിറുത്തുവാനും ശക്തിപ്പെടുത്തുവാനും കഴിവും കരുത്തും കാട്ടി. ആശയത്തിനും നിലപാടിനും രാഷ്ട്രീയത്തിലുള്ള പ്രാധാന്യം വിളിച്ചറിയിക്കുന്ന പ്രവർത്തനവും നടപടിയുംകൊണ്ട് ഇത് തെളിയിക്കപ്പെട്ടു. രാഷ്ട്രീയത്തിൽ ഭയരഹിതമായി അഭിപ്രായം പറയുവാൻ തയ്യാറായില്ലെങ്കിൽ സമൂഹത്തിനും ഭരണത്തിനും പാർട്ടിക്കും ഉണ്ടാകുന്ന തകർച്ച വലുതായിരിക്കുമെന്ന് മനസിലാക്കുകയും അത് പ്രചരിപ്പിക്കുകയും ചെയ്തു.

നിലവിൽ രാഷ്ട്രീയ മേഖലയിൽ ഉണ്ടായിരിക്കുന്ന ദുഷ്പ്രവണതകൾക്കു കാരണം വെട്ടിത്തുറന്ന് അഭിപ്രായം പറയുവാൻ വിമുഖത കാണിക്കുന്നു എന്നതാണ്. തെറ്റിനെ തെറ്റായി കാണാനും വിമർശിക്കാനും തിരുത്തണമെന്ന് ആവശ്യപ്പെടാനും തിരുത്തിക്കാനും ആർജ്ജവമുണ്ടായിരുന്ന നേതാവിന്റെ വിയോഗമുണ്ടാക്കിയ നഷ്ടം വലുതാണ്. എന്നാൽ മുന്നോട്ടുവച്ച ദർശനങ്ങൾ പ്രവർത്തന മണ്ഡലത്തിൽ പ്രാവർത്തികമാക്കിയാൽ രാഷ്ട്രീയ സംസ്‌കാര സംശുദ്ധീകരണത്തിന് ഗുണപ്രദമാണ്. ഭാവി തലമുറയ്ക്ക് ഗുണപ്രദമായ ദർശനങ്ങൾ പിന്തുടരുക എന്നതാണ് അനുകരണീയം