വല്ലാത്തൊരു കലക്കൽ

Thursday 31 October 2024 2:46 AM IST

തൃശൂർ പൂരം കലക്കലിൽ രാഷ്ട്രീയവിവാദം കൊഴുക്കുന്നതിനിടെയാണ്, അസാധാരണ നടപടികളിലൂടെ പൊലീസ് പൂരം അലങ്കോലപ്പെടുത്തൽ ഗൂഢാലോചന അന്വേഷിക്കാൻ കേസെടുത്തത്. പൂരം കലങ്ങിയിട്ടില്ലെന്നും വെടിക്കെട്ട് വൈകുക മാത്രമാണുണ്ടായതെന്നും മുഖ്യമന്ത്രി ആവർത്തിക്കുന്നതിനിടെയാണ് പൊലീസ് പൂരം കലക്കിയതിന് കേസെടുത്തത്. പൊലീസ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിൽ ആരെയും പ്രതിയാക്കുകയോ സംശയത്തിൽ നിറുത്തുകയോ ചെയ്യുന്നില്ല. സമൂഹത്തിൽ ലഹളയുണ്ടാക്കാനായി പ്രതികൾ പരസ്പരം സഹായികളും ഉത്സാഹികളുമായി പ്രവർത്തിച്ചുവെന്ന് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇത് ആരാണെന്ന് അന്വേഷണത്തിൽ തെളിയുമ്പോൾ പേരുകൾ ഉൾപ്പെടുത്തുമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.

പൂരം കലക്കലിലെ ഗൂഢാലോചനയിൽ പൊലീസ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിന് നിയമസാധുതയുണ്ടോയെന്നാണ് നിയമവിദഗ്ദ്ധരുടെ ആശങ്ക. ഗൂഢാലോചനയടക്കം തൃശൂർ പൂരം അലങ്കോലമാക്കാൻ നടത്തിയ കുറ്റകൃത്യങ്ങളെക്കുറിച്ച് അന്വേഷിക്കാൻ ക്രൈംബ്രാഞ്ച് മേധാവി എച്ച്.വെങ്കടേശിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ചിരുന്നു. ഈ സംഘത്തിലെ ഇൻസ്പെക്ടർ ചിത്തരഞ്ജന്റെ പരാതിയിലാണ് എഫ്.ഐ.ആർ. അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥനെ പരാതിക്കാരനാക്കിയെടുത്ത എഫ്.ഐ.ആർ പ്രകാരം അതേ സംഘം തന്നെ അന്വേഷിക്കുന്ന സ്ഥിതിയാണിപ്പോൾ. ഇത് അസാധാരണമാണ്. ഇൻസ്പെക്ടർ ചിത്തരഞ്ജന് പൂരത്തിന്റെ സുരക്ഷാചുമതലയുണ്ടായിരുന്നില്ല. മലപ്പുറം സൈബർ പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടറാണ് അദ്ദേഹം. സ്ഥലത്തില്ലായിരുന്ന അദ്ദേഹം ആറു മാസത്തിനു ശേഷം ഇങ്ങനെയൊരു പരാതി നൽകാനുള്ള സാഹചര്യവും അവ്യക്തം.

ചിത്തരജ്ഞന്റെ പരാതിയും അവ്യക്തമാണ്. ചില റിപ്പോർട്ടുകളുടെയും പരാതികളുടെയും അടിസ്ഥാനത്തിൽ ഗൂഢാലോചന അന്വേഷിക്കണമെന്നാണ് പരാതിയിലെ ആവശ്യം. എ.ഡി.ജി.പി എം.ആർ അജിത്കുമാറിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കേസെങ്കിലും തിരുവമ്പാടി ദേവസ്വത്തിനെതിരേ കേസെടുക്കേണ്ടി വരും. ഇതൊഴിവാക്കാനാണ് പ്രതികളില്ലാത്ത എഫ്.ഐ.ആർ. പ്രത്യേക സംഘത്തിന് അന്വേഷണം നടത്താൻ എഫ്.ഐ.ആർ ആവശ്യമായിരുന്നു. അന്വേഷണം ഒന്നുമായില്ലെന്ന വിമർശനത്തിന് തടയിടാനാണ് പേരിനൊരു എഫ്.ഐ.ആർ. ഇത് നിയമപരമായി നിലനിൽക്കാനിടയില്ലെന്നാണ് വിലയിരുത്തൽ. പൂരത്തിന് സുരക്ഷയൊരുക്കുന്നതിന് നിയോഗിക്കപ്പെട്ട സംഘത്തിൽ ഇല്ലാതിരുന്ന ഉദ്യോഗസ്ഥന്റെ കത്തിൽ ലോക്കൽ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത് കോടതിയിൽ ചോദ്യം ചെയ്യപ്പെടുമെന്നാണ് വിലയിരുത്തൽ.

പൂരം അലങ്കോലമായ സംഭവത്തിൽ അന്വേഷണം നടത്തിയ അന്നത്തെ ക്രമസമാധാനവിഭാഗം എ.ഡി.ജി.പി. എം.ആർ. അജിത്കുമാർ സർക്കാരിന് റിപ്പോർട്ട് നൽകിയിരുന്നുവെങ്കിലും അത് പുറത്തുവിട്ടിട്ടില്ല. പൂരം കലക്കലിലെ ഗൂഢാലോചനയെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണമാണ് സർക്കാർ പ്രഖ്യാപിച്ചത്. ക്രൈംബ്രാഞ്ച് അന്വേഷിക്കണമെങ്കിൽ ആദ്യം കേസ് രജിസ്റ്റർ ചെയ്യണം. ലോക്കൽ പൊലീസ് അന്വേഷിച്ച കേസാണെങ്കിൽ അതു ക്രൈംബ്രാഞ്ച് ഏറ്റെടുക്കണം. പൂരംകലക്കലിൽ കേസില്ലാതിരുന്നതിനാൽ അന്വേഷണം വഴിമുട്ടിയിരിക്കുകയായിരുന്നു. ഈ പ്രതിസന്ധിയൊഴിവാക്കാനാണ് അന്വേഷണ സംഘത്തിലുള്ള ഇൻസ്പെക്ടറുടെ പരാതിയിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.

തൃശൂർ പൂരം നടത്തിപ്പ് ചുമതല ജില്ലാ ഭരണകൂടത്തിനും ജില്ലാ പൊലീസിനുമാണെന്നാണ് എ.ഡി.ജി.പി എം.ആർ അജിത്കുമാർ ഡിജിപിക്ക് മൊഴിനൽകിയത്. ജനക്കൂട്ടത്തെ നിയന്ത്രിക്കുകയാണ് പൊലീസിന്റെ ചുമതല. ഹൈക്കോടതി മാർഗനിർദ്ദേശ പ്രകാരവും സർക്കാരിന്റെ പ്രോട്ടോക്കോൾ പ്രകാരവുമാണ് ക്രമീകരണങ്ങൾ ഏർപ്പെടുത്തിയത്. തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾ ഇവ നിയമവിരുദ്ധമായി മറികടക്കുന്നത് പൊലീസ് കണ്ടെത്തിയിരുന്നു. ജില്ലാ ഭരണകൂടവും ഇത് അനുവദിച്ചില്ല. ഇക്കൊല്ലം ശക്തമായി മാർഗരേഖ നടപ്പാക്കാൻ തീരുമാനിച്ചു. അതിനായി പൊലീസ് സമഗ്രമായ സ്കീമുണ്ടാക്കി. ഒരു ദേവസ്വത്തിലെ ആളുകൾ മനപൂർവ്വം പൊലീസിന് പ്രശ്നങ്ങൾ സൃഷ്ടിച്ചു. എന്നാൽ പൂരവുമായി ബന്ധപ്പെട്ട് എ.ഡി.ജി.പി.ക്ക് വീഴ്ചയുണ്ടായെന്ന കുറിപ്പോടെയാണ് പൊലീസ് മേധാവി സർക്കാരിന് അന്വേഷണറിപ്പോർട്ട് സമർപ്പിച്ചത്. ഇതേക്കുറിച്ചാണ് ത്രിതല അന്വേഷണം മുഖ്യമന്ത്രി പ്രഖ്യാപിച്ചത്.

അന്വേഷണം

രക്ഷാമാർഗ്ഗം

തൃശൂർ പൂരംകലക്കിയതിൽ മൂന്ന് അന്വേഷണങ്ങൾ പ്രഖ്യാപിച്ചത് സംഭവത്തിന്റെ ഗൗരവം കുറയ്ക്കാനും പുകമറയുണ്ടാക്കി എ.ഡി.ജി.പി എം.ആർ അജിത്കുമാറിനെ രക്ഷിക്കാനും ലക്ഷ്യമിട്ടാണ്. ക്രമസമാധാന പ്രശ്നമല്ല, ഉദ്യോഗസ്ഥരുടെ ഏകോപനത്തിലെ വീഴ്ചയാണുണ്ടായതെന്ന് വരുത്തിതീർക്കാനാണ് ശ്രമം. ക്രമസമാധാന പാലനത്തിൽ അജിത് ഗുരുതരവീഴ്ച വരുത്തിയതായി ഡി.ജി.പി ഷേഖ് ദർവേഷ് സാഹിബ് രേഖകളും ഇന്റലിജൻസ് റിപ്പോർട്ടുകളും പരിശോധിച്ചും മറ്റ് ഉദ്യോഗസ്ഥരുടെ മൊഴിയെടുത്തും കണ്ടെത്തിയിരുന്നു. ദിവസങ്ങൾക്ക് മുൻപേ തൃശൂരിലുണ്ടായിരുന്നിട്ടും, പ്രശ്നങ്ങളുണ്ടായെന്ന് അറിഞ്ഞിട്ടും പൂരസ്ഥലത്ത് എത്തിയില്ലെന്നതടക്കം അജിത്കുമാറിന്റെ വീഴ്ചകൾ അക്കമിട്ടു നിരത്തിയതായിരുന്നു ഡി.ജി.പിയുടെ റിപ്പോർട്ട്.

പൂരം കലക്കിയതിലെ ഗൂഢാലോചന ക്രൈംബ്രാഞ്ചും അജിത്തിന്റെ വീഴ്ചകൾ ഡി.ജി.പിയും അന്വേഷിക്കാനായിരുന്നു ആഭ്യന്തര സെക്രട്ടറിയുടെ ശുപാർശ. എന്നാൽ എല്ലാ വകുപ്പുകൾക്കും സംഭവിച്ച പിഴവുകളെക്കുറിച്ച് ഇന്റലിജൻസ് മേധാവിയുടെ അന്വേഷണത്തിനു കൂടി സർക്കാർ തീരുമാനിക്കുകയായിരുന്നു. മരാമത്ത്, ടൂറിസം, റവന്യൂ, വനം, വൈദ്യുതി, ജലവിഭവം, ആരോഗ്യം, ഭക്ഷ്യം വകുപ്പുകളിലെ ഉദ്യോഗസ്ഥരെ പൂരത്തിന് നിയോഗിച്ചിരുന്നു. കളക്ടർക്കായിരുന്നു ഏകോപനം. പൊലീസൊഴിച്ച് മറ്റ് വകുപ്പുകളെക്കുറിച്ച് ഇതുവരെ പരാതിയുണ്ടായിട്ടില്ല. എന്നിട്ടും അന്വേഷണം പ്രഖ്യാപിച്ചത് എല്ലാവരെയും സംശയമുനയിലാക്കി കുറ്റക്കാരെ രക്ഷപെടുത്താനാണെന്നാണ് ആക്ഷേപം. പൂരചുമതലയിലുണ്ടായിരുന്ന ഐ.എ.എസ്, ഐ.എഫ്.എസ് ഉദ്യോഗസ്ഥരുടെ വീഴ്ച എ.ഡി.ജി.പി എങ്ങനെ അന്വേഷിക്കുമെന്നതിലും ആശങ്കയുണ്ട്. വിവിധ വകുപ്പുകളുടെ ഏകോപനയോഗം നടത്തിയത് ചീഫ് സെക്രട്ടറിയാണ്. ആഭ്യന്തര സെക്രട്ടറിക്കും പ്രധാന ചുമതലയുണ്ടായിരുന്നു. മുതിർന്ന ഉദ്യോഗസ്ഥരുടെയടക്കം ഇടപെടലുകളെക്കുറിച്ച് എ.ഡി.ജി.പി റാങ്കിലെ ഉദ്യോഗസ്ഥനല്ല അന്വേഷിക്കേണ്ടതെന്നാണ് ഐ.എ.എസ് അസോസിയേഷന്റെ നിലപാട്. റവന്യൂ, ആഭ്യന്തര സെക്രട്ടറിമാരോ ചീഫ്സെക്രട്ടറിയോ വേണം അന്വേഷിക്കാനെന്നും ഐ.എ.എസുകാർ നിലപാടെടുത്തു.

അന്വേഷണം

നീളെ, നീളെ...

ഒമ്പത് വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ വീഴ്ചകളെക്കുറിച്ചുള്ള അന്വേഷണം അനന്തമായി നീളാനിടയുണ്ട്. വകുപ്പുകൾ പൊലീസന്വേഷണത്തോട് സഹകരിക്കണമെന്നില്ല. മൂന്ന് അന്വേഷണങ്ങൾക്കും സമയപരിധി നിശ്ചയിച്ചിട്ടില്ല. ഉദ്യോഗസ്ഥ നിസഹകരണം ചൂണ്ടിക്കാട്ടി അന്വേഷണം നീട്ടിക്കൊണ്ടുപോയി അജിത്തിനെ രക്ഷിക്കാനാണ് നീക്കം. മൂന്ന് അന്വേഷണങ്ങളിലും വിരുദ്ധമായ കണ്ടെത്തലുകളാണെങ്കിലും കുറ്റാരോപിതർക്ക് രക്ഷപെടാൻ വഴിയൊരുങ്ങും. മൊഴികളിലെ വൈരുദ്ധ്യവും രക്ഷയ്ക്ക് ആയുധമാക്കാം. ക്രമസമാധാന പാലനത്തിൽ വീഴ്ചവരുത്തിയെന്നും ഏകോപന ചുമതല വഹിച്ചില്ലെന്നുമടക്കം അജിത്കുമാറിനെതിരായ ഡി.ജി.പിയുടെ കണ്ടെത്തലുകൾ ഗുരുതര സ്വഭാവത്തിലുള്ളതാണ്. മൂന്ന് മന്ത്രിമാർ വിളിച്ചിട്ടും ഫോണെടുക്കാതിരിരുന്നതും പ്രശ്നമുണ്ടായെന്നറിഞ്ഞശേഷം ഓഫ് ചെയ്തതും ഉന്നതപൊലീസ് ഉദ്യോഗസ്ഥനെതിരേ നടപടിക്ക് മതിയായ കാരണങ്ങളാണ്. എന്നിട്ടും നടപടിയെടുക്കാതെ അജിത്തിനെ സംരക്ഷിക്കുകയായിരുന്നു സർക്കാർ.