വാർദ്ധക്യത്തിലും കായിയാവേശമായി രാധമ്മ
മുഹമ്മ: വാർദ്ധക്യത്തിന്റെ അവശതകളിലും കായികാവേശവുമായി മുൻ സ്കൂൾ കായിക താരം രാധമ്മ (71). കൊച്ചുമകൾ കീർത്തന ജിനീഷിനെ
റവന്യൂ ജില്ലാസ്കൂൾ കലോത്സവത്തിൽ പങ്കെടുപ്പിക്കാനാണ്
രാധമ്മയുടെ വരവ്. ഇതിനായി, കടക്കരപ്പള്ളി കൊച്ചിനിക്കാട് വീട്ടിൽ നിന്ന് മകളുടെ വീടായ കലവൂർ അമ്പാടി വീട്ടിൽ നേരത്തെതന്നെ രാധമ്മ എത്തിയിരുന്നു. ഇക്കാര്യങ്ങളെല്ലാം അറിഞ്ഞതോടെ കായിക പ്രേമികൾക്ക് വലിയ ആവേശമായി. കീർത്തനയെ മത്സരങ്ങളിൽ പങ്കെടുപ്പിക്കാൻ കൊണ്ടുപോകുന്നതും വരുന്നതുമെല്ലാം രാധമ്മയാണ്.
1977ലാണ് കടക്കരപ്പള്ളി കണ്ടമംഗലം സ്കൂളിൽ നിന്ന് രാധമ്മ എസ്. എസ്. എൽ. സി പാസായത്. അതുവരെ സ്കൂൾ കായികമേളകളിലെ മിന്നും താരമായിരുന്നു രാധമ്മ. ലോങ്ജമ്പ് , ഷോട്ട് പുട്ട്, ഓട്ടം, വലം വലി തുടങ്ങിയ ഇനങ്ങളിലായിരുന്നു സംസ്ഥാന സ്കൂൾ കായികമേളകളിൽ മത്സരിച്ചിരുന്നത്. സ്വർണവും വെള്ളിയും വെങ്കലവും ഉൾപ്പെടെ നിരവധി മെഡലുകൾ നേടിയിട്ടുമുണ്ട്. ട്രോഫികളും സർട്ടിഫിക്കറ്റുകളും ഇന്നും നിധിപോലെ രാധമ്മ സൂക്ഷിച്ചുവച്ചിട്ടുണ്ട്.
2005-ൽ പഞ്ചായത്ത് മെമ്പറും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായിരുന്ന രാധമ്മ, പഞ്ചായത്തിന്റെ വീട്ടുകരം പിരിക്കുന്നതിലും തൊഴിലുറപ്പ് ജോലികളിലും ഇപ്പോഴും ഉഷാറാണ്.
കീർത്തനയ്ക്ക് 800മീറ്റർ ഓട്ടത്തിൽ മൂന്നാം സ്ഥാനത്ത് എന്താനേ കഴിഞ്ഞുള്ളു. എന്നാൽ, കൂടുതൽ പരിശ്രമത്തിലൂടെ വലിയ നേട്ടങ്ങൾ കൈരിക്കാൻ കഴിയുമെന്ന ആത്മ വിശ്വാസം കൊച്ചു മകൾക്ക് രാധമ്മ
പകർന്നു നൽകുന്നുണ്ട്.
കലവൂർ സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിനിയായ കീർത്തന, പ്രീതി കുളങ്ങര കലവൂർ എൻ. ഗോപിനാഥ് മെമ്മോറിയൽ അക്കാദമിയിൽ കെ.ആർ.സാംജിയുടെ ശിക്ഷണത്തിലാണ് പരിശീലനം നടത്തുന്നത്.