പ്രായപൂർത്തിയാവാത്ത സഹോദരികളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച 3 പേർ പിടിയിൽ
പൂവാർ: പ്രായപൂർത്തിയാവാത്ത സഹോദരികളെ തട്ടിക്കൊണ്ടുപോവുകയും അതിലൊരാളെ പീഡനത്തിനിരയാക്കുകയും ചെയ്ത സംഭവത്തിൽ 3 പേരെ പൂവാർ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണറവിള സ്വദേശികളായ ആദർശ് (22),അഖിൽ (21),പെരിങ്ങമ്മല സ്വദേശി അനുരാഗ് (22) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ഇളയപെൺകുട്ടിയുടെ മുന്നിൽ വച്ചാണ് മൂത്തപെൺകുട്ടിക്ക് നേരെ അതിക്രമം നടന്നതെന്ന് പൊലീസ് പറഞ്ഞു. വിവാഹവാഗ്ദാനം നൽകി ആദർശ് 16 കാരിയുമായി അടുപ്പത്തിലാവുകയായിരുന്നു. തുടർന്ന് പെൺകുട്ടിയുടെ ജന്മദിനത്തിൽ രാത്രി സംഘം വീട്ടിലെത്തുകയും സമ്മാനം വാങ്ങി നൽകാമെന്നു പറഞ്ഞ് വിശ്വസിപ്പിച്ച് വീട്ടുകാരറിയാതെ ഇളയകുട്ടിയോടൊപ്പം കാറിൽ കയറ്റി കൊണ്ടുപോവുകയും ചെയ്തു. തുടർന്ന് 3മണിവരെ പൂവാർ പരിസരത്ത് കാറിൽ യാത്ര ചെയ്യുന്നതിനിടെ സംഘം 16കാരിയെ പീഡനത്തിനിരയാക്കി. വിവരം ശ്രദ്ധയിൽപ്പെട്ട വീട്ടുകാർ പൂവാർ പൊലീസിൽ പരാതി നൽകിയെങ്കിലും അന്വേഷണം വൈകിയെന്നാണ് ബന്ധുക്കളുടെ പരാതി. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതികളെ പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.