പോക്സോ കേസിലെ പ്രതിക്ക് കഠിന തടവും പിഴയും

Thursday 31 October 2024 1:05 AM IST

കാട്ടാക്കട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മൊബൈൽഫോൺ വഴി പരിചയപ്പെട്ട് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിലെ പ്രതിക്ക് 23 വർഷത്തെ കഠിന തടവും 70,000രൂപ പിഴയും. കള്ളിക്കാട് നെയ്യാർഡാം ചെരിഞ്ഞാംകോണം പുലിക്കുഴി മേലേ പുത്തൻ വീട്ടിൽ ശ്രീരാജ്(21)നെയാണ് കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജ് എസ്.രമേഷ് കുമാർ ശിക്ഷിച്ചത്.പിഴത്തുക അതിജീവിതയ്ക്ക് നൽകണമെന്നും അല്ലാത്ത പക്ഷം 23മാസം അധിക കഠിന തടവ്കൂടി അനുഭവിക്കണമെന്നും വിധിന്യായത്തിൽ പറഞ്ഞു.

2022ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇതരമതക്കാരിയും പ്രായപൂർത്തിയാകാത്ത അതിജീവിതയെ ബൈക്കിൽ കയറ്റി വിജനമായ സ്ഥലത്തെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. തുടർന്നും പലയിടങ്ങളിൽ കൊണ്ടുപോയി വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചിരുന്നു.

വിവരമറിഞ്ഞ വീട്ടുകാർ നെയ്യാർഡാം പൊലീസിൽ പരാതി നൽകുകയായിരുന്നു. സമാനമായ കേസുകൾ പ്രതിക്കെതിരെ വെള്ളറട പൊലീസിൽ ഉള്ളതായി പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി.പ്രോസിക്യൂഷന്റെ ഭാഗത്തുനിന്നും 20 സാക്ഷികളെ വിസ്തരിക്കുകയും 36രേഖകളും എട്ട് തൊണ്ടി മുതലുകളും ഹാജരാക്കി.അന്നത്തെ നെയ്യാർഡാം എസ്.എച്ച്.ഒ മഞ്ചുദാസാണ് കേസന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം നൽകിയത്.പ്രോസിക്യൂഷന് വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടർ ഡി.ആർ.പ്രമോദ് കോടതിയിൽ ഹാജരായി.

ഫോട്ടോ...ശ്രീരാജ്.