തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം: 3 പേർ പിടിയിൽ
കഠിനംകുളം: വിവാഹവാഗ്ദാനം നൽകി പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ച പ്രതികൾ പിടിയിൽ. പെൺകുട്ടിയുടെ ആൺസുഹൃത്ത് ഉൾപ്പെടെ 3 പ്രതികളെയാണ് കഠിനംകുളം പൊലീസ് അറസ്റ്റുചെയ്തത്. പെരുമാതുറ ചേരമാൻതുരുത്ത് കടയിൽ വീട്ടിൽ തൗഫീക്ക് (24), പെരുമാതുറ തെരുവിൽ തൈവിളാകം വീട്ടിൽ അഫ്സൽ (19) ശാർക്കര വില്ലേജിൽ സാജിദ് മൻസിലിൽ സുൽഫത്ത് (22) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. തൗഫീക്കിന്റെ സുഹൃത്തായ പതിനാറുകാരിയെ വിവാഹവാഗ്ദാനം നൽകി മലപ്പുറം തിരൂരിലേക്ക് കൊണ്ടുപോവുകയായിരുന്നു. തൗഫീക്കിനൊപ്പം സുഹൃത്തുക്കളായ അഫ്സലും സുൽഫത്തുമുണ്ടായിരുന്നു. സംഭവമറിഞ്ഞ് പെൺകുട്ടിയുടെ രക്ഷകർത്താക്കൾ കഠിനംകുളം പൊലീസിൽ പരാതി നൽകുകയും തുടർന്ന് കഠിനംകുളം എസ്.എച്ച്.ഒയുടെ നേതൃത്വത്തിൽ തൗഫീക്കിനെതിരേ പോക്സോ പ്രകാരവും മറ്റു 2 പ്രതികൾക്കുമെതിരെ പെൺകുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ഒത്താശ ചെയ്തതിനും കേസെടുത്തു. പിന്നീട് നടത്തിയ അന്വേഷണത്തിൽ പ്രതികൾ പിടിയിലാവുകയായിരുന്നു.പെൺകുട്ടിയുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തി. കഠിനംകുളം എസ്.എച്ച്.ഒ സജൻ,എസ്.ഐ അനൂപ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. പ്രതികളെ കോടതിയിൽ ഹാജരാക്കി. പെൺകുട്ടിയെ സി.ഡബ്ല്യു.സിയിൽ അയച്ചു.