വീട്ടമ്മയെ കുത്തിയ കേസിലെ പ്രതിക്കെതിരെ കാപ്പ ചുമത്തി

Thursday 31 October 2024 1:33 AM IST

ശംഖുംമുഖം: വീട്ടമ്മയെ കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന പ്രതിക്കെതിരെ കാപ്പ ചുമത്തി. ബീമാപള്ളി പത്തേക്കർ ടി.സി 70/104ൽ താമസിക്കുന്ന ഷാജഹാന്(39) എതിരെയാണ് കാപ്പ ചുമത്തിയത്.നിരവധി കേസുകളിലെ പ്രതിയായ ഇയാളും സംഘവും ദിവസങ്ങൾക്ക് മുൻപ് ബീമാപള്ളി ബദരിയാ നഗർ സ്വദേശിയായ കുമാരിയുടെ വീടിന് മുൻവശത്ത് സംഘടിച്ചിരുന്ന് മദ്യപിച്ചു.ഇത് ചോദ്യം ചെയ്ത കുമാരിയുടെ നെഞ്ചിൽ ആഴത്തിൽ കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു.തടയാൻ ശ്രമിച്ച അയൽവാസിയായ നന്ദുവെന്ന യുവാവിനെയും മർദ്ദിച്ച് അവശനാക്കി.സംഭവശേഷം ഒളിവിൽപ്പോയ ഷാജഹാനെ കുമാരിയുടെ പരാതിയിൽ പൂന്തുറ സി.ഐയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കുകയായിരുന്നു.പൂന്തുറ,വഞ്ചിയൂർ,ഫോർട്ട് പൊലീസ് സ്റ്റേഷനുകളിലായി ഇയാൾക്കെതിരെ ഏഴ് വർഷത്തിനിടെ 10ലധികം കേസുകളുണ്ട്.കാപ്പ നിയമപ്രകാരം ഇയാളെ അറസ്റ്റ് ചെയ്യാനുള്ള ഉത്തരവ് ലഭിച്ചതോടെ പൂന്തുറ പൊലീസ് ജില്ലാ ജയിലിലെത്തി ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് മാറ്റി.അടുത്ത ദിവസം വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റും.