ഭാരതപ്പുഴയ്ക്ക് കാവലുണ്ട്, നിഷാദ് !
ചെറുതുരുത്തി: ലൈഫ് ജാക്കറ്റ്, കാറ്റുനിറച്ച ട്യൂബുകൾ, കാനുകൾ, വിസിൽ, മണി, കയറുകൾ... ഭാരതപ്പുഴയോരത്തെ ഈ ഐസ്ക്രീം വണ്ടിയിൽ എല്ലാമുണ്ട്. പുഴാതീരത്ത് ഐസ്ക്രീം വിൽക്കുന്നത് കൊണ്ടല്ല, പുഴയിലോ മറ്റ് ജലാശയങ്ങളിലോ ആരെങ്കിലും പെട്ടാൽ ഉടൻ പൊലീസിന്റെയോ ഫയർ ഫോഴ്സിന്റെയോ നാട്ടുകാരുടെയോ വിളിയെത്താം. പ്രദേശത്തെ പ്രധാന രക്ഷാപ്രവർത്തകനാണ് ഐസ്ക്രീം വിൽപ്പനക്കാരനായ വരവൂർ പിലാക്കാട് തറയിൽ വീട്ടിൽ നിഷാദ്. വിളി വന്നാൽ ഐസ്ക്രീം പെട്ടി അടച്ച്, കച്ചവടം നിറുത്തി നേരേ അവിടേക്ക്.
എട്ടുവർഷത്തിനിടെ 32 പേരുടെ ജീവനാണ് മുങ്ങിയെടുത്തത്. 94 മൃതദേഹങ്ങളും കരയ്ക്കെത്തിച്ചു. ആദ്യകാലങ്ങളിൽ ചെറിയ രക്ഷാപ്രവർത്തനങ്ങളിലായിരുന്നു തുടക്കം. എട്ട് വർഷങ്ങൾക്ക് മുൻപ് ട്രെയിനിൽ നിന്നും ഭാരതപ്പുഴയിലേക്ക് ചാടിയ വണ്ടൂർ സ്വദേശിനിയെ കരയ്ക്ക് എത്തിച്ചതോടെയാണ് നിഷാദിനെ ശ്രദ്ധിച്ചുതുടങ്ങുന്നത്. നീന്താനുള്ള കഴിവും മറ്റും മറ്റുള്ളവർക്ക് കൂടി ഗുണമാകുന്നുവെന്ന് കണ്ടതോടെയാണ് ജീവൻരക്ഷാ ഉപകരണങ്ങളും മറ്റും ഐസ്ക്രീം വിൽക്കുന്ന ഓട്ടോയിൽ കരുതാൻ തുടങ്ങിയത്.
സജ്ജീകരണങ്ങളെല്ലാം ഉറപ്പാക്കി ഉച്ചയോടെ വരവൂരിലെ വീട്ടിൽ നിന്നും നിഷാദ് കച്ചവടത്തിനിറങ്ങും. കുട്ടിക്കാലം മുതൽ കായിക താരമായിരുന്നു. ജില്ലാ, സംസ്ഥാന മത്സരങ്ങളിൽ പങ്കെടുത്ത് സമ്മാനങ്ങളും നേടിയിട്ടുണ്ട്. പട്ടാളക്കാരനാകണമെന്നായിരുന്നു ആഗ്രഹം. എന്നാൽ സാമ്പത്തിക ബുദ്ധിമുട്ട് മൂലം ചെറുപ്പത്തിലേ ഗൾഫിലേക്ക് ജോലി തേടിപ്പോയി. പിന്നീട് നാട്ടിലെത്തിയാണ് ഉപജീവനമാർഗമായി ഐസ്ക്രീം കച്ചവടം തിരഞ്ഞെടുത്തത്.
ഇതിനകം നിഷാദ് 85ഓളം കുട്ടികളെ നീന്തൽ പഠിപ്പിച്ചിട്ടുണ്ട്. കോളേജ് വിദ്യാർത്ഥികൾക്ക് മൂന്നു മണിക്കൂർ കൊണ്ട് നീന്തൽ പഠിപ്പിക്കുന്ന രീതിയും അവലംബിക്കുന്നുണ്ട്. ഭാരതപ്പുഴയിൽ ഇറങ്ങുന്നവരോട് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ പറഞ്ഞുമനസിലാക്കിയാലും ആരും ചെവികൊള്ളാറില്ലെന്നാണ് പരാതി.
ഓരോ ജീവൻ രക്ഷിക്കുമ്പോഴുമുള്ള ആത്മസംതൃപ്തി വലുതാണ്. ജീർണിച്ച മൃതദേഹങ്ങളുടെ ഇൻക്വസ്റ്റ് നടപടികൾക്കും സഹായിയായിട്ടുണ്ട്. രണ്ട് വർഷം മുൻപ് ലൈഫ് ഗാർഡ് പരിശീലനം പൂർത്തിയാക്കിയിരുന്നു. ആഴമേറിയ പ്രദേശങ്ങളിൽ പരിശോധിക്കുന്നതിന് സ്കൂബ സംവിധാനം കൂടി ലഭ്യമായാൽ രക്ഷാപ്രവർത്തനം വേഗത്തിലാക്കാനാകും.
- നിഷാദ്