'തന്തയ്ക്ക് പറയുമ്പോൾ തന്തയുടെ തന്തയ്‌ക്കാണ് പറയേണ്ടത്';​ മറുപടിയുമായി എം വി ഗോവിന്ദനും മുഹമ്മദ് റിയാസും

Thursday 31 October 2024 10:49 AM IST

കൊച്ചി: 'ഒറ്റ തന്ത' പ്രയോഗത്തിൽ സുരേഷ്‌ ഗോപിക്ക് മറുപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും മന്ത്രി മുഹമ്മദ് റിയാസും രംഗത്ത്. തന്തയ്ക്ക് പറയുമ്പോൾ തന്തയുടെ തന്തയ്ക്കാണ് പറയേണ്ടത്,​ പക്ഷേ അത് പറയുന്നില്ലെന്ന് എം വി ഗോവിന്ദൻ പ്രതികരിച്ചു. രാഷ്ട്രീയത്തിൽ ഒറ്റ തന്ത പ്രയോഗത്തിന് മറുപടിയില്ലെന്നായിരുന്നു മുഹമ്മദ് റിയാസിന്റെ മറുപടി. കൂടാതെ തൃശൂരിൽ സുരേഷ് ഗോപിയുടെ വിജയത്തിന്റെ തന്ത ബിജെപി മാത്രമല്ല കോൺഗ്രസും ഉണ്ടെന്നും അദ്ദേഹം ആരോപിച്ചു.

'യുഡിഎഫ് പതിവ് പോലെ സുരേഷ് ഗോപിയുടെ മാർക്കറ്റിംഗ് മാനേജർ ആവുകയാണ്. സിബിഐക്ക് വിശേഷണം കൂട്ടിൽ അടച്ച തത്ത എന്നാണ്. രാഷ്ട്രീയത്തിൽ ഒറ്റ തന്ത പ്രയോഗത്തിന് മറുപടി ഇല്ല. അത് സിനിമയിൽ പറ്റും. തൃശൂ‌രിൽ സുരേഷ് ഗോപിയുടെ വിജയത്തിന്റെ തന്ത ബിജെപി മാത്രമല്ല,​ കോൺഗ്രസും ഉണ്ട്. തൃശൂരിലെ സുരേഷ് ഗോപിയുടെ വിജയത്തിന്റെ ഡിഎൻഎ ടെസ്റ്റ് ഫലം പുറത്തുവിട്ടോ?​ അപ്പോൾ അറിയാം കാര്യങ്ങൾ',​- മുഹമ്മദ് റിയാസ് പറഞ്ഞു.

അതേസമയം,​ ആരുടെയും അച്ഛന് വിളിച്ചിട്ടില്ലെന്നും ഇനി വിളിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇന്ന് മാദ്ധ്യമങ്ങളോട് പറഞ്ഞു. പൂരം കലക്കലിൽ എന്ത് വേണമെങ്കിലും ചെയ്യട്ടെ. കരുവന്നൂർ വിഷയം മറയ്‌ക്കാനാണ് പൂരം കലക്കൽ ആരോപണവുമായി എത്തിയിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

സുരേഷ് ഗോപിയുടെ വാക്കുകൾ:

കോ ഓപ്പറേറ്റീവ് നിയമം എന്നൊന്ന് വന്നപ്പോൾ മാദ്ധ്യമങ്ങൾ എന്തുകൊണ്ട് പിന്തുണച്ചില്ല. നിങ്ങൾ അതിനെ എതിർത്തില്ലേ. അത് ജനങ്ങൾക്ക് പ്രയോജനം ചെയ്യുന്നതായിരുന്നു. നിങ്ങൾ ജനപക്ഷത്തല്ലാത്തതിനാലാണ് എതിർത്തത്. ഇക്കാരണത്താലാണ് ഞാൻ നിങ്ങളെ കേൾക്കാത്തതും. മാദ്ധ്യമങ്ങൾക്ക് രാഷ്‌ട്രീയം ചെയ്യാനുള്ള അവകാശമില്ല. അങ്ങനെ ചെയ്‌താൽ നിങ്ങൾക്ക് മാദ്ധ്യമങ്ങൾ എന്നുപറഞ്ഞ് നടക്കാനുള്ള യോഗ്യതയില്ല.

പിപി ദിവ്യയ്‌ക്കെതിരെ നടപടിയെടുക്കണമെന്ന് പറയില്ല. അത് അവരുടെ പാർട്ടി തീരുമാനിക്കട്ടെ. അനീതിയുണ്ടായിട്ടുണ്ടോ? ഇതിനി ആവർത്തിക്കപ്പെടാതിരിക്കാൻ നിയമവ്യവസ്ഥിതി അനുസരിച്ചുള്ള ശിക്ഷയോ നടപടിയോ ഉണ്ടാവണം. അത് നവീൻ ബാബുവിന്റെ കുടുംബത്തിന്റെയും പത്തനംതിട്ടയിലെ ജനങ്ങളുടെയും ഞാൻ ഉൾപ്പെടെയുള്ള പൊതു സമൂഹത്തിന്റെയും ആവശ്യമാണ്.