'ശിക്ഷാനേരം അടുത്തു'; ഇറാൻ കാത്തിരുന്നത് ഇതിനോ? ഓപ്പറേഷൻ ട്രൂ പ്രോമിസ് മൂന്നിന് ഒരുക്കം
ടെഹ്‌റാൻ: 'ഓപ്പറേഷൻ ട്രൂ പ്രോമിസ് 3 " എന്ന പേരിൽ ഇറാൻ ഉടൻ ഇസ്രയേലിനെ ആക്രമിച്ചേക്കുമെന്ന് സൂചന. 26ന് നടന്ന ഇസ്രയേൽ ആക്രമണത്തിന് തിരിച്ചടി നൽകുകയാണ് ലക്ഷ്യം. 'ട്രൂ പ്രോമിസ് 3' എന്ന ഹാഷ് ടാഗോടെ ഇറാൻ സൈന്യം എക്സിൽ ഒരു വീഡിയോയും പോസ്റ്റും ചെയ്തിട്ടുണ്ട്.
ക്ലോക്കിന്റെ സൂചി നീങ്ങുന്നതാണ് 25 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയുടെ തുടക്കത്തിലുള്ളത്. പിന്നാലെ വിക്ഷേപണത്തിന് തയ്യാറാക്കി വച്ചേക്കുന്ന മിസൈലിന്റെ ദൃശ്യവും കാട്ടുന്നു. 'ശിക്ഷാനേരം അടുത്തു' എന്ന് ഇംഗ്ലീഷിലും പേർഷ്യൻ ഭാഷയിലും എഴുതിക്കാണിച്ച് വീഡിയോ അവസാനിക്കുന്നു. ആക്രമണം ഉടൻ ഉണ്ടാകുമെന്ന സൂചന നൽകി 'ദൈവ ശിക്ഷ അടുത്തു' എന്ന തലക്കെട്ടോടെ മറ്റൊരു പോസ്റ്റും ഇറാൻ സൈന്യം പുറത്തുവിട്ടിരിക്കുകയാണ്. ശരിയായ സമയത്ത് ഇസ്രയേലിന് തിരിച്ചടി നൽകുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഘാച്ചിയും പ്രതികരിച്ചിരുന്നു.
ട്രൂ പ്രോമിസ് - നാൾവഴികൾ
1. ഏപ്രിൽ 1- സിറിയയുടെ തലസ്ഥാനമായ ഡമാസ്കസിലെ ഇറാൻ കോൺസുലേറ്റ് ഇസ്രയേൽ വ്യോമാക്രമണത്തിൽ തകർത്തു. ഇറാൻ റെവല്യൂഷനറി ഗാർഡ് കമാൻഡർ മുഹമ്മദ് റെസ സഹേദി ഉൾപ്പെടെ 13 പേർ കൊല്ലപ്പെട്ടു.
2. ഏപ്രിൽ 13 - ഇസ്രയേലിൽ ഇറാന്റെ വ്യോമാക്രമണം. ഇസ്രയേൽ പ്രകോപനത്തിന് തിരിച്ചടി നൽകുമെന്ന് ഇറാൻ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയി പ്രതിജ്ഞയെടുത്തിരുന്നു. അതിനാൽ ദൗത്യത്തിന് ' ഓപ്പറേഷൻ ട്രൂ പ്രോമിസ് ' എന്ന് പേരിട്ടു. 99 ശതമാനം ഡ്രോണുകളും മിസൈലുകളും ഇസ്രയേൽ തകർത്തു.
3. ഏപ്രിൽ 19 - ഇറാനിൽ ഇസ്രയേൽ ഡ്രോൺ ആക്രമണം. ആക്രമണം നടത്തിയെന്ന് ഇസ്രയേലോ, ഇസ്രയേലാണ് പിന്നിലെന്ന് ഇറാനോ പ്രതികരിച്ചില്ല.
4. ജൂലായ് 31- ഹമാസ് തലവൻ ഇസ്മയിൽ ഹനിയേയെ ടെഹ്റാനിലെ വ്യോമാക്രണത്തിൽ ഇസ്രയേൽ വധിച്ചു.
5. ഒക്‌ടോബർ 1 - ടെൽ അവീവിന് നേരെ ഇറാന്റെ ബാലിസ്റ്റിക് മിസൈൽ ആക്രമണം (ഓപ്പറേഷൻ ട്രൂ പ്രോമിസ് 2). ആളപായമില്ല
6. ഒക്‌ടോബർ 26 - ഇറാനിൽ ഇസ്രയേൽ വ്യോമാക്രമണം. അഞ്ച് മരണം