ടിവികെ പാർട്ടി സമ്മേളനം വൻ വിജയം; വിജയ്‌ക്ക് പിന്തുണയുമായി രജനീകാന്ത്

Thursday 31 October 2024 3:15 PM IST

ചെന്നൈ: രാഷ്‌ട്രീയ പ്രവേശനത്തിന്റെ ആദ്യഘട്ടമെന്ന നിലയിൽ വിജയ് നടത്തിയ പാർട്ടി സംസ്ഥാന സമ്മേളനത്തിന് പിന്തുണയുമായി എത്തിയിരിക്കുകയാണ് തലൈവർ രജനീകാന്ത്. വിജയ്‌യുടെ പാർട്ടിയായ തമിഴക വെട്രി കഴകം വിക്രവാണ്ടിയിൽ നടത്തിയ ആദ്യ സംസ്ഥാന സമ്മേളനം വൻ വിജയമായിരുന്നുവെന്നാണ് രജനീകാന്ത് അഭിപ്രായപ്പെട്ടത്. ചെന്നൈയിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'എല്ലാവർക്കും എന്റെ ദീപാവലി ആശംസകൾ. എല്ലാവർക്കും സന്തോഷവും ആരോഗ്യവും ഉണ്ടാവട്ടെ. വിജയ്‌യുടെ ആദ്യ സംസ്ഥാന സമ്മേളനം തീർച്ചയായും ഒരു വലിയ വിജയമായിരുന്നു. അദ്ദേഹത്തിന് എന്റെ ആശംസകൾ', രജനീകാന്ത് പറഞ്ഞു.

ദീപാവലിയോടനുബന്ധിച്ച് നടൻ രജനികാന്തിന്റെ ചെന്നൈയിലെ വീടിന് മുന്നിൽ നിരവധി ആരാധകർ തടിച്ചുകൂടി. ആരാധകർക്ക് രജനികാന്ത് ദീപാവലി ആശംസകൾ നേരുകയും ചെയ്‌തു.