ക്ഷേത്രത്തിലും പള്ളിയിലും കാണിക്ക വഞ്ചി മോഷണം; പിന്നിൽ കുറുവാ സംഘം? ഭീതിയിൽ നാട്ടുകാർ

Thursday 31 October 2024 3:40 PM IST

തിരുവനന്തപുരം: ക്ഷേത്രത്തിലെയും പള്ളിയിലെയും കാണിക്ക വഞ്ചികൾ തകർത്ത് മോഷണം. മാണിക്കൽ ഗ്രാമപഞ്ചായത്ത് തലയിൽ വാർഡിൽ മൊട്ടക്കാവ് പള്ളിയിലും ക്ഷേത്രത്തിലുമാണ് മോഷണമുണ്ടായത്.

കഴിഞ്ഞദിവസം രാത്രിയാണ് മോഷണം ഉണ്ടായത്. പൊലീസ് അന്വേഷണം ആരംഭിച്ചുവെങ്കിലും പ്രതികളെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ല. മാണിക്കൽ ഗ്രാമപഞ്ചായത്തിൽ അടുത്തിടെ നടക്കുന്ന രണ്ടാമത്തെ മോഷണമാണിത്. ഒരാഴ്‌ചയ്‌ക്ക് മുമ്പ് വേളാവൂർ പ്രദേശങ്ങളിൽ വലിയ രീതിയിലുള്ള മോഷണം നടന്നിരുന്നു.

പ്രദേശവുമായി ബന്ധപ്പെട്ടവരാകാം മോഷണം നടത്തിയതെന്നാണ് ജനങ്ങൾ പറയുന്നത്. അതേസമയം, അന്വേഷണം അട്ടിമറിക്കാനായി ഒരു വിഭാഗം കുർവാ സംഘം എന്ന രീതിയിൽ ഭീതി പരത്തുന്നതായും നാട്ടുകാർ ആരോപിക്കുന്നു. മോഷണക്കേസിലെ പ്രതികളെ പിടികൂടാൻ പൊലീസിന് കഴിയുന്നില്ല എന്നത് വലിയ വീഴ്ച ആണെന്ന ആരോപണം ഉയരുന്നുണ്ട്.

നിലവിലെ സാഹചര്യത്തിൽ രാത്രിയിൽ ഒന്ന് പുറത്തിറങ്ങാൻ പോലും ഭയക്കുകയാണ് നാട്ടുകാർ. ഒരു സിനിമയ്ക്ക് പോകാനോ, അല്ലെങ്കിൽ എന്തെങ്കിലും ഒരു ഫംഗ്ഷന് പോയി വരാനോ പോലും പേടിയാണ് എന്നുള്ള ആശങ്ക കൂടി നാട്ടുകാർക്കുണ്ട്.