ക്ഷേത്ര പരിസരത്തായി റോക്കറ്റ് ലോഞ്ചർ; ആദ്യം കണ്ടത് ഭക്തർ, സൈന്യത്തിന് കൈമാറി

Thursday 31 October 2024 5:26 PM IST

ചെന്നൈ: ക്ഷേത്രപരിസരത്തായി റോക്കറ്റ് ലോഞ്ചർ കണ്ടെത്തി ഭക്തർ. തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളി ജില്ലയിൽ കാവേരി നദീതീരത്താണ് റോക്കറ്റ് ലോഞ്ചർ കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരമാണ് സംഭവം. അണ്ടനല്ലൂർ ക്ഷേത്രത്തിനോട് ചേർന്നുള്ള നദീതീരത്താണ് അസാധാരണ വസ്തു കണ്ടെത്തിയത്. ക്ഷേത്രത്തിലെത്തിയ വിശ്വാസികളാണ് ആദ്യം ഇത് ശ്രദ്ധയിൽപ്പെടുത്തിയത്. തുടർന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

ഇളം നീല, കറുപ്പ് നിറത്തിലുള്ള ലോഹ വസ്തു ബോംബ് ആണെന്ന് സംശയം ഉയർന്നതോടെ പൊലീസിനെ അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പൊലീസ് ഉടൻ തന്നെ റോക്കറ്റ് ലോഞ്ചർ പുഴയിൽ നിന്ന് എടുത്ത് ഇന്ത്യൻ ആർമിയുടെ 117 ഇൻഫൻട്രി ബറ്റാലിയന് കൈമാറി. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി പൊലീസ് അധികൃതർ അറിയിച്ചു.


റോക്കറ്റ് ലോഞ്ചർ എവിടെ നിന്ന് വന്നു എന്നത് വ്യക്തമല്ല. സംഭവം പ്രദേശത്ത് ആശങ്ക സൃഷ്ടിച്ചു. സമീപ പ്രദേശങ്ങളിൽ നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ് പൊലീസ്. സിസിടിവി ദൃശ്യങ്ങൾ അടക്കം പരിശോധിച്ചാണ് അന്വേഷണം നടക്കുന്നതെന്ന് പൊലീസ് അറിയിച്ചു.