സുഹൃത്തിനെ കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ ഒരാൾ പിടിയിൽ

Friday 01 November 2024 1:34 AM IST

ആലപ്പുഴ: മദ്യപിക്കാൻ പണം നൽകാത്തതിന് സുഹൃത്തിനെ വീട്ടിൽകയറി കൊല്ലാൻ ശ്രമിച്ച രണ്ട് അംഗസംഘത്തിലെ ഒരാളെ വള്ളികുന്നം പൊലീസ് അറസ്റ്റു ചെയ്തു. ഓച്ചിറ മഠത്തിൽ തെക്കേതിൽ ബിനു (49) ആണ് പിടിയിലായത്. കൂട്ടുപ്രതി ഹാരീസ് ഒളിവിലാണ്. കഴിഞ്ഞ 24ന് രാത്രി ഹരീഷ് ഭവനത്തിൽ തുളസീധരൻപിള്ളയെയാണ് ബിനുവും സുഹൃത്തും ചേർന്ന് വീട്ടിൽ കയറി ആക്രമിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ തുളസീധരൻപിള്ള കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഓച്ചിറ ഇരുപത്തിയെട്ടാം ഓണത്തോട് അനുബന്ധിച്ച് മദ്യപിക്കാൻ ഇരുവരും സുഹൃത്തായ തുളസീധരൻപിള്ളയോട് ആയിരം രൂപ ചോദിച്ചെങ്കിലും കൊടുത്തില്ല. ഇതിന്റെ വൈരാഗ്യത്തിലാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ചെങ്ങന്നൂർ ഡിവൈ. എസ്. പി എം. കെ. ബിനുകുമാറിന്റെ നേതൃത്വത്തിൽ വള്ളികുന്നം പൊലീസ് ഇൻസ്‌പെക്ടർ ടി.ബിനുകുമാർ, എസ്.ഐ കെ.ദിജേഷ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ വൈ.അനി, അൻഷാദ്, വിഷ്ണു പ്രസാദ്, കെ.എസ്.വികാസ്, സി.പി.ഒമാരായ എ.അബ്ദുൾ ജവാദ്, അഖിൽകുമാർ, എസ്.ബിനു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ റിമാൻഡ് ചെയ്തു.