ചോക്ലേറ്റും ബിസ്കറ്റും നൽകി പെൺകുട്ടികളെ വീട്ടിലെത്തിച്ച് പീഡിപ്പിച്ചു, പീഡനദൃശ്യങ്ങൾ മൊബൈലിൽ പകർത്തി, 54കാരൻ പിടിയിൽ
അഹമ്മദാബാദ് : പ്രായപൂർത്തിയാകാത്ത നാല് പെൺകുട്ടികളെ പീഡിപ്പിച്ച കേസിലെ പ്രതിയായ 54കാരന്റെ മൊബൈലിൽ നിന്ന് പൊലീസ് കണ്ടെത്തിയത് നൂറുകണക്കിന് അശ്ലീലവീഡിയോകൾ. ഇവയിൽ പീഡനദൃശ്യങ്ങളും ഉണ്ടെന്ന് പൊലീസ് വെളിപ്പെടുത്തി. ഗുജറാത്തിൽ പീഡനക്കേസിൽ അറസ്റ്റിലായ ചന്ദ്രകാന്ത് പട്ടേലിന്റെ മൊബൈലിൽ നിന്നാണ് അശ്ലീല വീഡിയോകൾ കണ്ടെത്തിയത്. ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചതായി പൊലീസ് പറഞ്ഞു.
പെയിന്റിംഗ് തൊഴിലാളിയായ പ്രതി നദിയാദ് സ്വദേശിയാണ്. ഒറ്റയ്ക്ക് താമസിച്ചിരുന്ന ഇയാൾ വീടിന് സമീപത്തെ പെൺകുട്ടികളെ ചോക്ലേറ്റും ബിസ്കറ്റും പണവും നൽകി പ്രലോഭിപ്പിച്ചാണ് വീട്ടിലേക്ക് കൊണ്ടുവന്നിരുന്നത്. പെൺകുട്ടികളെ പലതവണ പീഡിപ്പിച്ചിരുന്നതായി പൊലീസ് പറഞ്ഞു. വീട്ടിൽ മൊബൈൽ ഫോൺ സ്ഥാപിച്ച് ഇയാൾ പീഡനദൃശ്യങ്ങൾ പകർത്തുകയും ചെയ്തിരുന്നു.
പ്രായപൂർത്തിയാകാത്ത നാല് പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഒക്ടോബർ 13നാണ് ചന്ദ്രകാന്ത് പട്ടേലിനെ പൊലീസ് അറസ്റ്റ് ചെയ്തത്. എട്ടിനും 11 വയസിനും ഇടയിലുള്ള പെൺകുട്ടികളാണ് പീഡനത്തിന് ഇരയായത്. പെൺകുട്ടികളിൽ ഒരാൾക്ക് ശാരീരികാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് പീഡനവിവരം പുറത്തറിഞ്ഞത്. ഇതോടെ പെൺകുട്ടിയുടെ കുടുംബം പൊലീസിനെ സമീപിച്ചു. പിന്നാലെ മറ്റു പെൺകുട്ടികളുടെ വീട്ടുകാരും പരാതി നൽകുകയായിരുന്നു.