നേമം സഹകരണബാങ്ക് തട്ടിപ്പ് 200 കോടി കവിയും

Friday 01 November 2024 1:47 AM IST

ജീവനക്കാരെ ഗോഡൗണിൽ ഇരുത്തിയതും ദുരൂഹം

തിരുവനന്തപുരം: നേമം സർവീസ് സഹകരണ ബാങ്ക് തട്ടിപ്പിന്റെ വ്യാപ്തി കൂടുന്നു. 200കോടി കടക്കുമെന്നാണ് ഇപ്പോഴത്തെ നിഗമനം.2023 മാർച്ച് 31വരെയുള്ള 129 കോടിയുടെ തട്ടിപ്പാണ് നിലവിൽ പുറത്തുവന്നത്.അതിനുശേഷമുള്ള ഒന്നര വർഷത്തെ കണക്ക് കൂടിയാകുമ്പോൾ 200 കോടി കടക്കുമെന്നാണ് വിവരം. കഴിഞ്ഞ ദിവസം വിജിലൻസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലും ഇതുസംബന്ധിച്ച തെളിവുകൾ ലഭിച്ചു.

25 വർഷം ബാങ്കിൽ തിരിമറി ആരംഭിച്ചിരുന്നതായി വിവരമുണ്ട്. മുൻ ബാങ്ക് പ്രസിഡന്റുമാരായിരുന്ന വി.എസ്.ഷാജി,ആർ.പ്രദീപ് കുമാർ എന്നിവരുടെ കാലത്താണ് ഇത് വ്യാപകമായത്.

ബാങ്ക് സെക്രട്ടറിയായിരുന്ന ബാലചന്ദ്രൻ നായർ വിരമിച്ചശേഷം 12 വർഷക്കാലവും,എ.ആർ.രാജേന്ദ്രൻ വിരമിച്ച ശേഷം മൂന്ന് മാസക്കാലവും ബാങ്കിന്റെ ദൈനംദിന പ്രവർത്തനങ്ങളിൽ ഇടപെട്ട് പണം കൈകാര്യം ചെയ്തെന്നാണ് ആരോപണം.ജീവനക്കാരെ ബാങ്കിന്റെ ദൈനംദിന പ്രവർത്തനത്തിൽ ഇടപെടാൻ അനുവദിക്കാതെ താഴത്തെ നിലയിലെ ഗോഡൗണിൽ ഒതുക്കിയിരുത്തിയിരുന്നതായും മുകളിൽ സെക്രട്ടറിയും ബോർഡ് അംഗങ്ങളും ഉൾപ്പെടെ ഇരുന്നാണ് പ്രവർത്തനങ്ങൾ നിയന്ത്രിച്ചത്.

അതേസമയം തട്ടിപ്പിന് പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ പാർട്ടി നടപടി മാത്രം പോരെന്നും ഇക്കൂട്ടരുടെ സ്വത്തുവിവരങ്ങൾ അന്വേഷിക്കണമെന്നുമുള്ള ആവശ്യം ശക്തമായി.ഇവരുടെ സ്വത്തുക്കൾ കണ്ടുകെട്ടണമെന്നാണ് നിക്ഷേപക കൂട്ടായ്മയുടെ ആവശ്യം.

മുൻ ബാങ്ക് സെക്രട്ടറിമാരായ എ.ആർ.രാജേന്ദ്രൻ,ബാലകൃഷ്ണൻ നായർ,ബോ‌ർഡ് അംഗം സുൾഫിക്കർ എന്നിവർ അനധികൃതമായി സ്വത്ത് സമ്പാദിച്ചതായി നിക്ഷേപക കൂട്ടായ്മ രക്ഷാധികാരിയായ ശാന്തിവിള മുജീബ് റഹ്മാൻ, കൺവീനർ കൈമനം സുരേഷ് എന്നിവർ പറഞ്ഞു.ഇതിൽ സുൾഫിക്കറുടെ പേരിൽ ദേശീയപാതയിൽ സ്ഥലവും നാലഞ്ച് വീടുകളുമുണ്ട്.കൂടാതെ ജ്വല്ലറിയുമുണ്ടെന്നുമാണ് ആരോപണം.