'കാര്യങ്ങൾ മനസിലായതോടെ എല്ലാം ഒഴിവാക്കി, മകളെക്കുറിച്ചുളള ആഗ്രഹം മറ്റൊന്നായിരുന്നു'; തുറന്നുപറഞ്ഞ് ഉർവ്വശി

Friday 01 November 2024 1:00 PM IST

മകളുടെ മുറിയിലേക്ക് അനുവാദമില്ലാതെ കടന്നുചെല്ലില്ലെന്ന് തുറന്നുപറഞ്ഞ് നടി ഉർവ്വശി. കുട്ടികൾ സ്വാതന്ത്ര്യത്തോടെ ജീവിച്ചുവളരട്ടെയെന്നും താരം പറഞ്ഞു. മകളായ തേജാ ലക്ഷ്മിയുടെ സിനിമയിലേക്ക് കടന്നുവരുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും ഉർവ്വശി പറഞ്ഞു. അടുത്തിടെ ഒരു മാഗസീന് അനുവദിച്ച അഭിമുഖത്തിലാണ് താരം കുടുംബവിശേഷങ്ങൾ പങ്കുവച്ചത്.

'ഇത്ര വയസായിട്ടും ഒറ്റയ്ക്ക് യാത്ര ചെയ്യാനോ ഒരു മുറിയിൽ ഒറ്റയ്ക്ക് കഴിയാനോ എനിക്ക് ധൈര്യമില്ല. ചിലപ്പോൾ വളർന്നുവന്ന രീതി അങ്ങനെ ആയതുകൊണ്ടായിരിക്കാം, ഞാൻ കൂട്ടുകുടുംബത്തിലാണ് വളർന്നത്. ഞാനും സഹോദരങ്ങളും രണ്ട് അമ്മുമ്മമാരുടെ കാവലിലാണ് വളർന്നത്. അതിനാൽത്തന്നെ കുട്ടിക്കാലത്ത് ഞങ്ങൾ ഒരുമിച്ചായിരുന്നു ഉറക്കം. ഒരു വാതിലും പൂട്ടാത്ത വീടായിരുന്നു ഞങ്ങളുടേത്. വാതിൽ അടച്ച് കിടക്കാൻ അമ്മ സമ്മതിക്കില്ല.

പക്ഷെ ഇന്നത്തെ അവസ്ഥ അതല്ല. അനുവാദം ചോദിക്കാതെ ഞാൻ തേജയുടെ മുറിയിൽ കടക്കാറില്ല. അവൾ ഒറ്റയ്ക്ക് യാത്ര ചെയ്യും. ഒറ്റയ്ക്ക് ഒരു മുറിയിൽ കിടക്കും. ആദ്യമൊക്കെ എനിക്ക് ടെൻഷനായിരുന്നു. മകൾ ബാംഗളൂരുവിൽ പഠിക്കുമ്പോഴും ജോലി ചെയ്യുമ്പോഴും ഇടയ്ക്ക് ഞാൻ ചെന്ന് കാര്യങ്ങളെല്ലാം സുരക്ഷിതമാണെന്ന് ഉറപ്പിക്കും. അതൊക്കെ പിന്നെ ഒഴിവാക്കി. ഞങ്ങൾ വളർന്ന രീതി വച്ചല്ല ഇപ്പോഴത്തെ കുട്ടികളെ വളർത്തേണ്ടതെന്ന് മനസിലായി. അവർ എന്നെപ്പോലെ ആവണ്ടന്ന് ഉറപ്പിച്ചു. കുട്ടികൾ സ്വാതന്ത്ര്യത്തോടെ വളരട്ടെ .

മകൾ പഠിച്ച് നല്ല ജോലിയൊക്കെ വാങ്ങി ജീവിക്കണം എന്നായിരുന്നു ആഗ്രഹം. അവളുടെ ജീവിതത്തിൽ സിനിമയുണ്ടാകുമെന്നൊന്നും കരുതിയിരുന്നില്ല. പഠനശേഷം മകൾ ഒരു മൾട്ടി നാഷണൽ കമ്പനിയിൽ ജോലി ചെയ്തിരുന്നു. നടിയുടെ മകൾ എന്ന ലേബലിലല്ല തേജ വളർന്നത്. ഒരു ഘട്ടത്തിൽ സുഹൃത്തുക്കൾ മകളോട് എന്തിനാണ് സിനിമയിൽ നിന്ന് അകന്ന് നിൽക്കുന്നതെന്ന് ചോദിച്ചു. അപ്പോഴാണ് അവൾ സിനിമയെക്കുറിച്ച് ചിന്തിച്ച് തുടങ്ങിയത്. നല്ല വേഷങ്ങൾ വന്നാൽ ചെയ്യും'- താരം പറഞ്ഞു.