'ഗുരുതര സാമ്പത്തിക കുറ്റകൃത്യം നടന്നു'; കോൺഗ്രസ് നേതാക്കളുടെ വീട്ടിലായിരുന്നെങ്കിൽ റെയ്‌ഡിന്റെ തിരമാല ഉണ്ടായേനെയെന്ന് ഷാഫി
പാലക്കാട്: കൊടകര കുഴൽപ്പണ കേസുമായി ബന്ധപ്പെട്ട് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ നടത്തിയ പരാമർശത്തിനെതിരെ ഷാഫി പറമ്പിൽ എംപി. ബിജെപി തോൽക്കുമെന്ന് ഉറപ്പായതോടെയാണ് രാഹുലിനെതിരെ ആരോപണങ്ങൾ ഉയർത്തുന്നത്. പാലക്കാട്ടെ ജനങ്ങൾക്ക് എല്ലാം മനസിലായെന്നും ഷാഫി പറഞ്ഞു.
ഷാഫിയുടെ വാക്കുകൾ:
ബിജെപിയെ പരാജയപ്പെടുത്തുന്നത് രാഹുൽ മാങ്കൂട്ടത്തിൽ ആയിരിക്കുമെന്ന ഉറച്ച തീരുമാനം പാലക്കാട്ടെ ജനങ്ങൾ എടുത്തിട്ടുണ്ട്. ബിജെപി മുൻ ഓഫീസ് സെക്രട്ടറിയായിരുന്ന ആളാണ് കള്ളപ്പണം വന്നരീതിയെ കുറിച്ചെല്ലാം ഒരു ചാനലിനോട് പറഞ്ഞത്. അവരുടെ വെളിപ്പെടുത്തലിൽ യുഡിഎഫ് സ്ഥാനാർത്ഥിക്ക് എന്താണ് കാര്യം. അവരുടെ ഓഫീസ് സെക്രട്ടറിയെ നിയന്ത്രിക്കുന്നത് രാഹുൽ മാങ്കൂട്ടത്തിലാണോ? അവർ സെൽഫ് ഗോളടിക്കുമ്പോൾ പോസ്റ്റ് മാറ്റി യുഡിഎഫ് സ്ഥാനാർത്ഥിയുടെ അടുത്ത് വച്ചിട്ട് രക്ഷപ്പെടാനാകില്ല. ഗുരുതരമായ സാമ്പത്തിക കുറ്റകൃത്യം നടന്നുവെന്ന് ഇപ്പോൾ എല്ലാവർക്കും മനസിലായി.
പൈസ കാറിൽ നിന്നാണ് പിടിച്ചതെങ്കിലും അത് അവിടെയുണ്ടായതല്ലല്ലോ. അതിനൊരു ഉറവിടം ഉണ്ടാവില്ലേ. കേന്ദ്രം ഇതന്വേഷിക്കുന്നുണ്ടോ? കോൺഗ്രസ് നേതാക്കളുടെ വീട്ടിലായിരുന്നെങ്കിൽ ഇപ്പോൾ റെയ്‌ഡിന്റെ തിരമാലകൾ ഉണ്ടായേനെ. കേരളത്തിലെ സർക്കാർ സുരേന്ദ്രനെ കുറ്റവിമുക്തമാക്കാനുള്ള ധൃതിയിലാണ്. കേരളത്തിലെ പൊലീസ് ഇതിൽ അന്വേഷണം നടത്തുന്നില്ല. ഇഡി എന്താ മൗനം പാലിക്കുന്നത്. വളരെ ഗുരുതരമായ കുറ്റകൃത്യം നടന്നുവെന്ന് എല്ലാവരും ഇപ്പോൾ അംഗീകരിക്കുന്നു. വരും ദിവസങ്ങളിൽ ബിജെപിയിൽ നിന്ന് കൂടുതൽ വെളിപ്പെടുത്തൽ ഉണ്ടാകുമെന്നാണ് ഞാൻ അറിഞ്ഞത്.