ദീപാവലി ദിവസം മലമുകളിലെ ക്ഷേത്രത്തിൽ വൻ തിരക്ക്; വഴുതി വീണ് നിരവധി തീർത്ഥാടകർക്ക് പരിക്ക്
ബംഗളൂരു: ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി മലമുകളിലുള്ള ക്ഷേത്രത്തിൽ പോയ നിരവധി ഭക്തർക്ക് പരിക്ക്. കർണാടകയിലെ ചിക്കമംഗളൂരു ദേവീരമ്മ ഹിൽ ക്ഷേത്രത്തിലാണ് സംഭവം.
സ്ഥലത്ത് തുടർച്ചയായി മഴ പെയ്‌തിരുന്നു. അതിനെ അവഗണിച്ച് ആയിരക്കണക്കിന് ആളുകൾ ബിന്ദിഗ ക്ഷേത്രത്തിലേക്ക് പോയി. 3000 അടി ഉയരമുള്ള മലയിൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിൽ വർഷത്തിലൊരിക്കൽ ദീപാവലി ദിവസം മാത്രമാണ് നട തുറക്കുന്നത്. അതിനാൽ, തന്നെ ഭക്തരെല്ലാം മഴയെ അവഗണിച്ച് ഈ ദിവസം ക്ഷേത്രദർശനം നടത്താനെത്തി. എണ്ണ, വെണ്ണ, നെയ്യ് എന്നിവയുമായാണ് അവർ മല കയറിയത്.
ബാബാബുഡൻഗിരിയിലെ മാണിക്യധാരയിലൂടെയും അരിസിനഗുപ്പെയിലൂടെയും സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള ഭക്തർ സാഹസികമായാണ് മല കയറിയത്. ചെളിയിൽ കാൽ വഴുതി വീണും തിക്കിലും തിരക്കിലും പെട്ടും 12 പേർക്ക് പരിക്കേറ്റു. നിരവധി തീർത്ഥാടകർ മലമുകളിൽ കുടുങ്ങിക്കിടക്കുന്നുവെന്നാണ് വിവരം.
നേരത്തേ ഈ ക്ഷേത്രത്തിൽ പ്രവേശിക്കാൻ വനംവകുപ്പിന്റെ പാസും അനുമതിയും വേണമായിരുന്നു. എന്നാൽ, ദീപാവലി ദിവസമായതിനാൽ ഇതിൽ ഇളവ് നൽകി. ഇതോടെയാണ് ക്രമാതീധമായി ആയിരക്കണക്കിന് ജനങ്ങൾ ക്ഷേത്രത്തിലേക്കെത്തിയത്. ഒടുവിൽ തിരക്ക് നിയന്ത്രിക്കാനായി സ്ഥലത്ത് കൂടുതൽ പൊലീസ് സേനയെ നിയോഗിച്ചു.