വിമാനത്താവളത്തിലെ 'അനന്ത" ടെർമിനൽ 1,​300 കോടിയുടെ പദ്ധതികൾക്ക് മാർച്ചിൽ ടേക്ക് ഓഫ്

Saturday 02 November 2024 6:31 AM IST

തിരുവനന്തപുരം: അന്താരാഷ്ട്ര വിമാനത്താവളത്തിലെ പുതിയ 'അനന്ത" ടെർമിനൽ നിർമ്മാണം മാർച്ചിൽ തുടങ്ങുമെന്ന് അദാനിഗ്രൂപ്പ്. 1,300കോടി ചെലവിൽ മൂന്നുവർഷം കൊണ്ടാണ് 1.2 കോടി യാത്രക്കാരെ ഉൾക്കൊള്ളാനാവുന്ന പുതിയ ടെർമിനൽ ഒരുങ്ങുന്നത്. പാരിസ്ഥിതികാനുമതിക്കായി അദാനി അപേക്ഷിച്ചിട്ടുണ്ട്. അനുമതി ലഭിച്ചയുടൻ പ്രാരംഭ പ്രവർത്തനങ്ങൾ തുടങ്ങും. നിലവിൽ അഞ്ച്ലക്ഷം ചതുരശ്രഅടി വിസ്തൃതിയുള്ള അന്താരാഷ്ട്ര ടെർമിനൽ 18ലക്ഷം ചതുരശ്രയടിയാവും. നിലവിൽ പ്രതിവർഷം 32ലക്ഷം യാത്രക്കാരെയാണ് ഉൾക്കൊള്ളാനാകുന്നത്.

രണ്ടുനിലകളിലായാണ് നിലവിലെ അന്താരാഷ്ട്ര ടെർമിനൽ. പുതിയതിനും രണ്ടു നിലകളേയുണ്ടാവൂ. മുകൾനില പൂർണമായി ഡിപ്പാർച്ചർ (പുറപ്പെടൽ) യാത്രക്കാർക്കായും താഴത്തെനില അറൈവൽ (ആഗമനം) യാത്രക്കാർക്കുമായി മാറ്റും. മൾട്ടി- ലെവൽ- ഇന്റഗ്രേറ്റഡ് ടെർമിനൽ എന്നാണിതിന് പറയുന്നത്. ചെക്ക്- ഇൻ കൗണ്ടറുകൾ, എമിഗ്രേഷൻ- കസ്റ്റംസ്- ഷോപ്പിംഗ് ഏരിയ എന്നിവ വിസ്തൃതമാവും.

യാത്രക്കാർക്ക് കസ്റ്റംസ്, ഇമിഗ്രേഷൻ ക്ലിയറൻസിനായി കാത്തുനിൽക്കേണ്ട സ്ഥിതിയൊഴിവാക്കും. വിശ്രമത്തിനും വിനോദത്തിനും ഷോപ്പിംഗിനും ലോകോത്തര സൗകര്യങ്ങളൊരുക്കും. കൂടുതൽ ഷോപ്പിംഗ് കേന്ദ്രങ്ങൾ വരുന്നതോടെ വിമാനത്താവള നടത്തിപ്പ് ലാഭകരമാവുമെന്നും അദാനി വിലയിരുത്തുന്നു. പുതിയ അന്താരാഷ്ട്ര കാർഗോ കോംപ്ലക്സ് കൂടി വരുന്നതോടെ കാർഗോ നീക്കവും വേഗത്തിലാവും.

അടിമുടി മാറും

മാസ്റ്റർപ്ലാൻ നടപ്പാക്കുന്നതോടെ വിമാനത്താവളത്തിന്റെ മുഖച്ഛായ മാറും. ലോകോത്തര നിലവാരത്തിലുള്ള എയർപോർട്ട്പ്ലാസ, പഞ്ചനക്ഷത്രഹോട്ടൽ, കോമേഴ്സ്യൽ- അഡ്മിനിസ്ട്രേഷൻ ബ്ലോക്ക്, ഫുഡ്കോർട്ട് എന്നിവയൊരുങ്ങും. പുരാതന ക്ഷേത്രങ്ങളുടെ ശില്പചാരുതയും പുതിയ ടെർമിനലിൽ കാണാനാവും. ടെർമിനലിന് മുന്നിലായാണ് 240 മുറികളുള്ള, 660പേർക്ക് ഭക്ഷണം കഴിക്കാൻ സൗകര്യമുള്ള പഞ്ചനക്ഷത്രഹോട്ടൽ വരുന്നത്. ഭാവിയിൽ തലസ്ഥാനത്തിന്റെ പ്രതീകമായി മാറുന്ന, പുതിയ എയർട്രാഫിക് കൺട്രോൾ അന്താരാഷ്ട്ര ടെർമിനലിന്റെ പ്രവേശനകവാടത്തിന് സമീപത്താണ് നിർമ്മിക്കുക. 150കോടിയിലേറെ ചെലവിൽ എട്ടുനില ടവറാണ് 49മീറ്റർ ഉയരത്തിൽ വരുന്നത്.

തലസ്ഥാനം കുതിക്കും

1. 2070വരെയുള്ള യാത്രാആവശ്യങ്ങൾ കണക്കിലെടുത്താണ് വിമാനത്താവള വികസനം. വിഴിഞ്ഞം തുറമുഖത്തിനൊപ്പം വിമാനത്താവളവും വികസിക്കുന്നതോടെ തലസ്ഥാനത്തിന് ഗുണകരമാവും.

2. ടെർമിനലിനടുത്തെ പഞ്ചനക്ഷത്രഹോട്ടലിൽ പൈലറ്റ്, ക്രൂഅംഗങ്ങളെയടക്കം താമസിപ്പിക്കാം. സർവീസുകൾ തടസപ്പെടുകയോ വൈകുകയോ ചെയ്യുമ്പോൾ യാത്രക്കാർക്കും താമസമൊരുക്കാം.

നിത്യേനയുള്ള വിമാനസർവീസുകൾ

118

ഇക്കൊല്ലം പ്രതീക്ഷിക്കുന്നത്

50ലക്ഷം യാത്രക്കാരെ