ക്വട്ടേഷന്‍ കൊടുത്തത് ബന്ധുവായ കൗമാരക്കാരന്‍, മകന്റെ മുന്നില്‍ അച്ഛന്‍ വെടിയേറ്റ് മരിച്ചു

Friday 01 November 2024 8:32 PM IST

ന്യൂഡല്‍ഹി: ദീപാവലി ആഘോഷങ്ങള്‍ക്കിടെ 15കാരനായ മകന്റെ മുന്നില്‍ വെച്ച് അച്ഛന്‍ വെടിയേറ്റ് മരിച്ചു. ന്യൂഡല്‍ഹിയിലെ ഷാദരാസ് ബസാറിലാണ് സംഭവം. 44കാരനായ ആകാശ് ശര്‍മ്മയും ഇയാളുടെ അനന്തരവനായ റിഷഭ് ശര്‍മ്മ (16) എന്നിവരുമാണ് കൊല്ലപ്പെട്ടത്. സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്ന് ആകാശ് ശര്‍മ്മയുടെ ബന്ധുവായ 17കാരനാണ് കൊലപാതകം നടത്താന്‍ പണം നല്‍കി ക്വട്ടേഷന്‍ കൊടുത്തത്. കേസില്‍ 17കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

സംഭവത്തിന്റെ വീഡിയോ ഉള്‍പ്പെടെ പുറത്ത് വന്നിട്ടുണ്ട്. ഡല്‍ഹിയിലെ വീടിന് മുന്നിലുള്ള ഇടുങ്ങിയ റോഡില്‍ ദീപാവലി ദിവസം പടക്കം പൊട്ടിക്കുകയായിരുന്നു ആകാശും മകന്‍ ക്രിഷും ബന്ധുവായ റിഷഭും. ഈ സമയം 17കാരനായ ബന്ധു ഒരു ടൂവീലറില്‍ അവിടേക്ക് എത്തുകയും ആകാശിന്റെ കാല്‍ തൊട്ട് വണങ്ങുന്നതും വീഡിയോയില്‍ കാണാം. ഇതിന് സമീപത്തായി വെടിയുതര്‍ത്ത കൊലയാളിയും നില്‍ക്കുന്നുണ്ടായിരുന്നു. പെട്ടെന്നാണ് കൈയില്‍ കരുതിയ തോക്ക് ഉപയോഗിച്ച് അക്രമി ആകാശിന് നേരെ വെടിയുതിര്‍ത്തത്. അഞ്ച് തവണയാണ് അക്രമി വെടിവെച്ചത്.

ആക്രമത്തില്‍ ആകാശിന്റെ മകനും പരിക്കേറ്റു. അക്രമിയെ പിടികൂടാനായി പിന്നാലെ ഓടിയതിനാലാണ് റിഷഭിന് നേരെ വെടിയുതിര്‍ത്തത്. ഒരു മാസം മുമ്പ് ശര്‍മ്മയ്ക്ക് 17കാരന്‍ 70,000 രൂപ കടമായി നല്‍കിയത്. ഈ പണം തിരികെ നല്‍കാനോ ഫോണ്‍ വിളിച്ചാല്‍ എടുക്കാനോ ആകാശ് തയ്യാറാകാത്തതാണ് കൊലപാതകത്തിന് കാരണം. രണ്ട് ആഴ്ചകള്‍ക്ക് മുമ്പ് തന്നെ കൊലപാതകം നടത്താന്‍ 17കാരന്‍ പ്ലാന്‍ ചെയ്തിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.