ബീച്ചിലെ കാലാവസ്ഥാകേന്ദ്രം പൂട്ടിയതോ, ഇറക്കിവിട്ടതോ?
ആലപ്പുഴ: തൊണ്ണൂറ് വർഷത്തോളമായി പ്രവർത്തിച്ചിരുന്ന ആലപ്പുഴയിലെ കാലാവസ്ഥാനിരീക്ഷണ കേന്ദ്രത്തിന് പൂട്ടുവീണു. കെട്ടിടം ഒഴിഞ്ഞുകൊടുക്കണമെന്ന പോർട്ട് ഓഫീസിന്റെ നിർദ്ദേശത്തെ തുടർന്നാണ് കേന്ദ്രത്തിന്റെ പ്രവർത്തനം താത്കാലികമായെങ്കിലും അവസാനിപ്പിച്ചത്.
ആലപ്പുഴ ബീച്ചിന് സമീപം തുറമുഖ വകുപ്പ് ഓഫീസിന്റെ പഴയ സിഗ്നൽ സ്റ്റേഷൻ കെട്ടിത്തിലാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവർത്തിച്ചിരുന്നത്. മുസിരിസ് പൈതൃക പദ്ധതി പ്രകാരം മ്യൂസിയമാക്കാൻ നിശ്ചിയിച്ചിരിക്കുന്ന കെട്ടിടത്തിൽ നിന്ന് ഒഴിയണമെന്ന് ആവശ്യപ്പെട്ട് ഒക്ടോബർ 9ന് പോർട്ട് ഓഫീസർ നോട്ടീസ് നൽകിയിരുന്നു. മുസിരിസ് പദ്ധതി സംബന്ധിച്ച് തീരുമാനമായ ഘട്ടത്തിൽ തന്നെ പോർട്ട് ഓഫീസിനോട് ചേർന്ന് കാലാവസ്ഥാ കേന്ദ്രത്തിന് വാടകയ്ക്ക് മുറി അനുവദിക്കാമെന്ന് വാക്കാൽ ധാരണയുണ്ടായിരുന്നു. അതനുസരിച്ച്, മുറി കാണാൻ ജീവനക്കാരെത്തുകയും ചെയ്തു. എന്നാൽ, കുറഞ്ഞ തുകയ്ക്ക് വാടകയ്ക്ക് നൽകാൻ താൽപര്യമില്ലെന്ന് പിന്നീട് പോർട്ട് അധികൃതർ അറിയിക്കുകയും, ഈ മാസം ഒഴിഞ്ഞുപോകാൻ നോട്ടീസ് നൽകുകയുമായിരുന്നു.
നിരീക്ഷണ കേന്ദ്രത്തിലെ രണ്ട് സയന്റിഫിക്ക് അസിസ്റ്റന്റുമാരെ താത്കാലികമായി തിരുവനന്തപുരം ഓഫീസിലേക്ക് മാറ്റി. പുതിയ കെട്ടിത്തിന് വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചു.
ഡാറ്റാ നഷ്ടമാകും
1.കാലാവസ്ഥയ്ക്ക് പുറമേ കോസ്റ്റൽ ഒബ്സർവേറ്ററിയായും പ്രവർത്തിക്കുന്ന സ്ഥാപനത്തിന്റെ പ്രവർത്തനമാണ് അവസാനിപ്പിച്ചത്
2.കാലാവസ്ഥ കാരണമുള്ള കൃഷിനാശത്തിനുള്ള ഇൻഷ്വറൻസ് ലഭിക്കാൻ ആവശ്യമായ രേഖകൾ ലഭ്യമാകുന്നതും ഇവിടെ നിന്നാണ്
3.കെട്ടിടം അടച്ചെങ്കിലും ഓട്ടോമാറ്റിക്ക് നിരീക്ഷണ സംവിധാനം പ്രവർത്തിപ്പിക്കാനുള്ള അനുമതി പോർട്ട് അധികൃതർ നൽകിയിട്ടുണ്ട്
4.നിലവിലെ സ്ഥലത്തിന്റെ രണ്ട് കിലോമീറ്റർ ചുറ്റളവിൽ തന്നെ പ്രവർത്തനം പുനരാരംഭിച്ചാലേ ശേഖരിക്കുന്ന ഡാറ്റയ്ക്ക് തുടർച്ച ലഭിക്കൂ
5.ഇപ്പോഴത്തെ പ്രതിസന്ധി കാരണം ഡാറ്റ നഷ്ടമാകാനും സാദ്ധ്യതയുണ്ടെണ്ട് ചൂണ്ടിക്കാണിക്കപ്പെടുന്നു
കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവർത്തിച്ചിരുന്ന കെട്ടിടം ഇനി എങ്ങനെ ഉപയോഗിക്കണമെന്ന കാര്യത്തിൽ മുസിരിസ് അധികൃതരുമായി ചർച്ച നടത്തും
-പോർട്ട് ഓഫീസർ
കെട്ടിടത്തിൽ നിന്ന് ഒഴിയണമെന്ന നിർദ്ദേശത്തെ തുടർന്നാണ് മാറിയത്.രണ്ട് കിലോമീറ്റർ ചുറ്റളവിൽ കേന്ദ്രം പുനരാരംഭിക്കാനുള്ള ശ്രമം ഉടനാരംഭിക്കും
-കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഡയറക്ടർ