ജ്യൂസില്‍ മദ്യം കലര്‍ത്തി ബലാത്സംഗം ചെയ്തു, സഹപ്രവര്‍ത്തകയെ മലപ്പുറത്തെ വീട്ടിലെത്തിച്ചത് വിരുന്നുണ്ടെന്ന് പറഞ്ഞ്

Friday 01 November 2024 8:57 PM IST

മലപ്പുറം: സഹപ്രവര്‍ത്തകയായ യുവതിയെ വീട്ടിലെത്തിച്ച് ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസില്‍ പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി. 12 വര്‍ഷം കഠിന തടവും ഒപ്പം 1,05,000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി പരിയാപുരം പറങ്കമൂട്ടില്‍ ജോണ്‍ പി ജേക്കബ് (42) ആണ് കേസിലെ പ്രതി. പെരിന്തല്‍മണ്ണ ഫാസ്റ്റ് ട്രാക്ക് പ്രത്യേക കോടതി ജഡ്ജി എസ് സൂരജ് ആണ് കേസിലെ ശിക്ഷ വിധിച്ചത്. 2021ല്‍ ആണ് കേസിനാസ്പദമായ സംഭവം നടന്നത്.

പെരിന്തല്‍മണ്ണ പൊലീസാണ് കേസില്‍ അന്വേഷണം നടത്തിയത്. സ്വകാര്യ ആശുപത്രിയിലാണ് പ്രതിയായ ജോണ്‍ ജോലി ചെയ്തിരുന്നത്. ഇതേ ആശുപത്രിയില്‍ ജോലി ചെയ്യുന്നയാളാണ് ഇരയായ യുവതി. തന്റെ വീട്ടില്‍ ഒരു വിരുന്ന് സത്കാരം നടക്കുകയാണെന്നും അവിടേക്ക് വരണമെന്നും ജോണ്‍ ജേക്കബ് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് യുവതി ഒപ്പം പോയത്. എന്നാല്‍ വീട്ടിലെത്തിച്ച പ്രതി ജ്യൂസില്‍ മദ്യം കലര്‍ത്തി നല്‍കുകയും അബോധാവസ്ഥയിലായ യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയുമായരുന്നു.

പിഴയടച്ചില്ലെങ്കില്‍ ഒരുവര്‍ഷവും രണ്ടുമാസവും അധികകഠിനതടവും അനുഭവിക്കണം. പിഴ അടച്ചാല്‍ സംഖ്യ അതിജീവിതയ്ക്ക് നല്‍കാനും ഉത്തരവായി. പെരിന്തല്‍മണ്ണ പൊലീസ് ഇന്‍സ്പെക്ടറായിരുന്ന സുനില്‍ പുളിക്കല്‍, സബ് ഇന്‍സ്പെക്ടര്‍ സി.കെ. നൗഷാദ് എന്നിവരായിരുന്നു അന്വേഷണ ഉദ്യോഗസ്ഥര്‍. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സപ്ന പി. പരമേശ്വരത്ത് ഹാജരായി. പ്രതിയെ തവനൂര്‍ സെന്‍ട്രല്‍ ജയിലേക്ക് മാറ്റിയിട്ടുണ്ട്.