അതിർത്തി കേന്ദ്രീകരിച്ച് വട്ടിപ്പലിശക്കാർ തലപൊക്കുന്നു
പാറശാല: അതിർത്തി കേന്ദ്രീകരിച്ച് തമിഴ്‌നാട്ടിൽ നിന്നുമെത്തുന്ന വട്ടിപ്പലിശക്കാരുടെ പ്രവർത്തനങ്ങൾ പെരുകുന്നത് കാരണം സാമ്പത്തിക കുറ്റങ്ങൾ പെരുകുന്നു. പരസ്പര ജാമ്യത്തിന്റെ പേരിൽ വായ്പകൾ അനുവദിക്കുന്ന സംഘങ്ങൾ കൂടുതലായും ചെറുകിട കച്ചവടക്കാരെയും സ്ത്രീകളെയുമാണ് കെണിയിൽ വീഴ്ത്തുന്നത്. നേരത്തെ ചെറുകിട കച്ചവടക്കാരെ മാത്രം കേന്ദ്രീകരിച്ച് വായ്പകൾ നൽകി ബിസിനസ് നടത്തിവന്ന സംഘം ഇപ്പോൾ സ്ത്രീകൾ ഉൾപ്പെടുന്ന കുടുംബസംഘങ്ങളിലേക്ക് തിരിഞ്ഞിട്ടുണ്ട്.
സ്ത്രീകളായാൽ പലിശ നോക്കാതെയുള്ള പണം കൃത്യമായും ഈടാക്കാൻ കഴിയുമെന്നതാണ് ഇത്തരക്കാരുടെ പ്രവർത്തനങ്ങൾ ശക്തിപ്പെടുന്നതിനും കാരണം. പതിനായിരം മുതൽ മുപ്പതിനായിരം വരെയുള്ള തുകകൾ വായ്പയായി നല്കും. കുടുംബശ്രീ, അങ്കണവാടി അംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ, ചെറുകിട തൊഴിലുകൾ ചെയ്യുന്നവർ, കച്ചവടക്കാർ എന്നിവരെയാണ് ഇത്തരക്കാർ വലയിലാക്കുന്നത്.
റേഷൻ കാർഡ്, ആധാർ കാർഡ് എന്നിവയാണ് സംഘം ആധാരമായി സ്വീകരിക്കുന്നത്. പെട്ടെന്ന് പണം ലഭിക്കുമെന്നതിന് പുറമെ ജാമ്യ വ്യവസ്ഥകളും ലഘുവാണെന്ന കാരണത്താൽ കൂടുതൽ പേർ ഇവരുടെ കെണിയിലാവുകയാണ് പതിവ്.
തെറ്റായ പ്രചാരണവും
പാറശാല, നെയ്യാറ്റിൻകര എന്നിവടങ്ങൾക്ക് സമീപത്തെ ഗ്രാമീണ മേഖലകൾ കേന്ദ്രീകരിച്ചാണ് സംഘങ്ങളുടെ പ്രവർത്തനം തുടരുന്നത്. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ അംഗീകാരത്തോടെ പ്രവർത്തിക്കുന്നതായുള്ള തെറ്റായ ധാരണ നാട്ടുകാരുടെ ഇടയിൽ പ്രചരിപ്പിച്ചാണ് ആളുകളെ വീഴ്ത്തുക. വായ്പ എടുക്കുന്ന അംഗങ്ങളുടെ എണ്ണംപെരുകുന്നതോടെ തവണകൾ മുൻകൂർ അടയ്ക്കണമെന്ന് ആവശ്യപ്പെടുകയും തുടർന്ന് വൻതുകയുമായി സംഘം അടുത്ത മേഖലയിലേക്ക് കടക്കും.
ഓപ്പറേഷൻ കുബേരയുടെ പ്രവർത്തനം നിലച്ചു
നേരത്തെ ഉണ്ടായിരുന്ന ഓപ്പറേഷൻ കുബേരയുടെ പ്രവർത്തനം നിലച്ചതോടെയാണ് തമിഴ്‌നാട് സംഘങ്ങൾ വീണ്ടും കേരളത്തിലേക്കെത്തിയത്. ഇത്തരം സംഘത്തിൽ നിന്നും വായപ്കൾ സ്വീകരിച്ചതിനെ തുടർന്ന് പണം നഷ്ടപ്പെട്ടവരുടെ എണ്ണം നിരവധിയാണ്. എന്നാൽ വായ്പകളിൽ ബാക്കിയിടുന്നവരെ ഗുണ്ടകൾ വീടുകളിൽ എത്തി ഭീഷണിപ്പെടുത്തി കുടിശിഖ തുക ഈടാക്കുന്നതായും പരാതികളുണ്ട്. ഇത്തരത്തിലുള്ള ഒരു സംഘത്തിൽ നിന്നും വായ്പയെടുത്ത കുടുംബത്തെ വട്ടിപ്പലിശക്കാരുടെ ഗുണ്ടകൾ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതിയനെ തുടർന്ന് കുടുംബം ഒന്നടങ്കം ആത്മഹത്യ ചെയ്ത സംഭവവും നടന്നിട്ടുണ്ട്.
വായ്പ തുക ചെറുതായതും ഇടപാടുകാർ സ്ത്രീകളും സാധാരണക്കാരുമായതിനാൽ വട്ടിപ്പലിശ സംഘം മുങ്ങിയാലും കൂടുതൽ പേരും പൊലീസിലോ മറ്റോ പരാതിപ്പെടാറില്ല എന്നതും ഇവരുടെ പ്രവർത്തനം തുടരുന്നതിന് കാരണമായിട്ടുണ്ട്.
അതിർത്തി മേഖകൾ കേന്ദ്രീകരിച്ച് തുടരുന്ന തമിഴ്‌നാട്ടിൽ നിന്നും വട്ടിപ്പലിശക്കാരുടെ പ്രവർത്തനങ്ങൾ തടയാൻ ബന്ധപ്പെട്ട അധികൃതരുടെ ശ്രദ്ധ കേന്ദ്രീകരിക്കണം.
പൗരസമിതി, പാറശാല.