മാർക്‌സിന്റെ അച്ഛൻ

Saturday 02 November 2024 2:47 AM IST

ചില ഇടതുപക്ഷ രാഷ്ട്രീയക്കാർ മാർക്‌സിന്റെ അച്ഛനാണെന്ന മട്ടിലാണ് പെരുമാറുന്നതെന്ന മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് സി. ദിവാകരന്റെ അഭിപ്രായം ആലങ്കാരികമായ ഒരു പ്രയോഗം എന്ന തരത്തിൽ കരുതാം. എന്നാൽ ഈ പ്രയോഗത്തിന്റെ വ്യത്യസ്ത അർത്ഥ തലങ്ങൾ നോക്കിയാൽ അതിനേറെ സാംഗത്യമുണ്ടെന്നു കാണാൻ കഴിയും. കാൾ മാർക്‌സിന്റെ അച്ഛനാണെന്നു ഭാവിച്ചാൽ മാർക്‌സിനേക്കാളും വലിയ ആളാണ് താൻ എന്ന വ്യാഖ്യാനത്തിനും പഴുതുണ്ട്. ഇടതുപക്ഷത്തെ ചിലർക്ക് താൻപോരിമയും പ്രമാണിത്വവുമാണെന്നും അക്കൂട്ടരുടെ പെരുമാറ്റം കണ്ടാൽ അവർ മാർക്‌സിന്റെ അച്ഛനാണെന്നു തോന്നുമെന്നുമാണ് സി. ദിവാകരൻ പറഞ്ഞത്. രാഷ്ട്രീയ രംഗത്ത് ആദർശത്തിന്റെ പാതയിൽ സഞ്ചരിച്ച റവല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടി നേതാവ്

പ്രൊഫ. ടി.ജെ. ചന്ദ്രചൂഢന്റെ പേരിലുള്ള അവാർഡ് സ്വീകരിച്ച് സംസാരിക്കുമ്പോഴാണ് ദിവാകരൻ ഇങ്ങനെ പറഞ്ഞത്.

മനുഷ്യത്വമായതൊന്നും തനിക്കന്യമല്ല എന്നു പറഞ്ഞ മാർക്സിനെപ്പോലെ അദ്ദേഹത്തിന്റെ അച്ഛൻ ഹെൻറിക് മാർക്‌സും ചില്ലറക്കാരനായിരുന്നില്ല. കാൾ മാർക്‌സിന്റെ ചിന്തകളിലേക്ക് ജ്ഞാനോദയത്തിന്റെ വെളിച്ചം കടത്തിവിട്ടത് ഹെൻറിക്കായിരുന്നു. മാർക്‌സിന്റെ ദാർശനിക ചിന്തകളെ കരുപ്പിടിപ്പിക്കുന്നതിൽ ആ പിതാവ് വഹിച്ച പങ്ക് ചരിത്രത്തിന്റെ ഭാഗമാണ്. വ്യക്തിയുടെ അന്തസ്സ് , അവകാശങ്ങൾ ,സാമൂഹ്യനീതി തുടങ്ങിയവയിലെ ആഴമാർന്ന പഠനത്തിലേക്ക് മാർക്സിനെ നയിച്ചതും ഹെൻറിക്കായിരുന്നു. ധാർഷ്ട്യത്തിന്റെയും മോശം പെരുമാറ്റത്തിന്റെയും പേരിൽ പാർട്ടി നേതാക്കൾ ജനങ്ങളിൽ നിന്ന് അകന്നു പോകുന്നതിനെക്കുറിച്ചാണ് സി. ദിവാകരൻ ചൂണ്ടിക്കാട്ടിയത്. എല്ലാവരെയും അക്കൂട്ടത്തിൽപ്പെടുത്താൻ കഴിയില്ലെങ്കിലും പുതിയ തലമുറയിലടക്കം നല്ലൊരു പങ്ക് നേതാക്കൾ ഈ വഴിയിലാണ് നീങ്ങുന്നതെന്നത് കണ്ടില്ലെന്ന് നടിക്കാനാവില്ല. എ.കെ.ജി.യുടെയും എം.എൻ. ഗോവിന്ദൻ നായരുടെയും പാർട്ടിയുടെ പിൻതലമുറ അധികാരത്തിന്റെ ശീതളച്ഛായയിൽ അഹങ്കാരത്തിന്റെ ആടയാഭരണങ്ങൾ അണിഞ്ഞു നടക്കുന്നുണ്ടെന്ന സത്യം വിസ്മരിക്കാനും കഴിയില്ല. എന്തുപറഞ്ഞാലും എന്തു ചെയ്താലും സംരക്ഷിക്കാൻ പാർട്ടിയുണ്ടെന്ന വിശ്വാസമാണ് ഈ അഹങ്കാരത്തിന്റെ അടിസ്ഥാനം. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കണ്ണൂരിൽ കണ്ടത്.

സത്യസന്ധനും സമർത്ഥനുമായ ഒരു ഉന്നത സർക്കാർ ഉദ്യോഗസ്ഥന്റെ ജീവൻ പൊലിയാനിടയാക്കിയത് ഒരു രാഷ്ട്രീയ നേതാവിന്റെ അധികാരഗർവ്വിൽ പുറത്തു വന്ന വാക്കുകൾ കാരണമായിരുന്നു. തങ്ങളുടെ ഇംഗിതങ്ങൾക്കു കൂട്ടുനിൽക്കാത്തവർ ആരായാലും അവർക്ക് 'സിവിൽ ഡെത്ത്" കൽപ്പിക്കാനുള്ള ഹുങ്ക് ഈ നേതാക്കൾക്കുണ്ട്. ഇത്രയുമൊക്കെയായിട്ടും കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്നു നീക്കിയതല്ലാതെ യാതൊരു പാർട്ടി നടപടിയും കൈക്കൊണ്ടിട്ടുമില്ല. നടപടി പാർട്ടി എടുത്തോളാമെന്ന വാദം ഒരർത്ഥത്തിൽ ജനങ്ങളോടുള്ള വെല്ലുവിളിയായേ കാണാൻ കഴിയു. ലോക്സഭാ തിരഞ്ഞെടുപ്പിൽ ദയനീയ തോൽവി ഏറ്റുവാങ്ങിയപ്പോൾ പാർട്ടിയുടെ അടിസ്ഥാന വോട്ടുകളിൽ വിള്ളലുണ്ടായെന്നു വിലപിച്ചവർ തെറ്റു തിരുത്താനുള്ള യാതൊരു നടപടിയും സ്വീകരിക്കില്ലെന്നാണ് ഇതിൽ നിന്നും മനസിലാകുന്നത്. ദിവാകരൻ സൂചിപ്പിച്ച കാര്യം ഇടതുപക്ഷക്കാരുടെ കാര്യത്തിൽ മാത്രമായി ഒതുങ്ങുന്നതല്ല. മുന്നണിയും പാർട്ടിയും ഏതായാലും ആരും മോശക്കാരല്ല. പരസ്പരം തന്തയ്ക്ക് വിളിക്കുകയും ബഹുമാനമില്ലാതെ പെരുമാറുകയും ചെയ്യുന്നത് ഇപ്പോൾ പതിവായി മാറിയിട്ടുണ്ട്. പാവപ്പെട്ടവരെ സഹായിക്കുന്നതിലും മാന്യമായി പെരുമാറുന്നതിലും മാതൃക കാട്ടിയ വ്യക്തിത്വമാണ് കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടേത്. നിർഭാഗ്യവശാൽ കഴിഞ്ഞ കുറെ നാളുകളായി അദ്ദേഹത്തിന്റെ നാവിൽ നിന്നും വീഴുന്ന വാക്കുകൾ പൊതുസമൂഹം, പ്രത്യേകിച്ചും യുവതലമുറ എങ്ങനെയാണ് നോക്കിക്കാണുന്നതെന്ന് അദ്ദേഹം സ്വയം പരിശോധിക്കേണ്ടതാണ്. രാഷ്ട്രീയരംഗം മലീമസമാക്കുന്നത് രാഷ്ട്രീയക്കാർ തന്നെയാണ്. അതിന് മാദ്ധ്യമങ്ങളെ പഴിച്ചിട്ടു കാര്യമില്ല. ദിവാകരൻ പറഞ്ഞതിനെ കുറിച്ച് എല്ലാ രാഷ്ട്രീയക്കാരും ചിന്തിക്കുന്നത് നന്നായിരിക്കും. അധികാരവും സ്ഥാനമാനങ്ങളും ക്ഷണപ്രഭാചഞ്ചലമാണെന്ന് കാലം തെളിയിച്ചിട്ടുള്ളതാണ്. രാഷ്ട്രീയം അവസരങ്ങളുടെ കലയായിരിക്കും. പക്ഷെ ജനം കൈവിട്ടാൽ, ആരായാലും അവരുടെ സ്ഥാനം ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലായിരിക്കും.