നവംബർ 7ന് സകലകലാവല്ലഭന് 70
തെന്നിന്ത്യയുടെ ഉലകനായകന് നവംബർ 7ന് 70 വയസ്. അടുത്ത വ്യാഴാഴ്ച 70-ാം പിറന്നാൾ ആഘോഷിക്കുന്ന സിനിമയുടെ സകല കലാവല്ലഭന് ജന്മദിനാശംസകൾ നേരുകയാണ് ചലച്ചിത്ര - സാംസ്കാരിക ലോകം. കമൽഹാസൻ വെറുമൊരു ചലച്ചിത്രതാരം മാത്രമല്ല, ഒരു വികാരമാണ് . മലയാളിക്കും തമിഴ് മക്കൾക്കുമാണ് ആ വികാരം കൂടുതൽ. കെ.എസ്. സേതുമാധവൻ സംവിധാനം ചെയ്ത കന്യാകുമാരി എന്ന ചിത്രത്തിലൂടെയാണ് കമൽഹാസൻ മലയാളത്തിലേക്ക് എത്തുന്നത് . അന്നുമുതൽ ഇന്നുവരെ കമൽഹാസൻ മലയാളത്തിന്റെ ഭാഗമാണ്. കമൽഹാസനെ ആരാധിച്ച് വളർന്നാണ് താൻ നടനായതെന്ന് റിബൽ സ്റ്രാർ പ്രഭാസ് വ്യക്തമാക്കിയിട്ടുണ്ട് . കൽക്കി എന്ന ചിത്രത്തിലൂടെ കമൽഹാസനൊപ്പം അഭിനയിക്കാൻ പ്രഭാസിന് സൗഭാഗ്യം ഉണ്ടായത് പ്രേക്ഷകർ അടുത്തിടെ കണ്ടു. സിനിമയുടെ എല്ലാ മേഖലകളിലും കൈവച്ച പ്രതിഭയാണ് കമൽഹാസൻ. സംവിധായകനും ഗായകനും നിർമ്മാതാവും തിരക്കഥാകൃത്തുമായി തിളങ്ങുന്ന കമൽഹാസനെ എത്രയോ സിനിമകളിൽ കണ്ടു. കഥാപാത്രമാകാൻ കമൽഹാസൻ നടത്തുന്ന പ്രയത്നങ്ങൾ എപ്പോഴും വിജയിക്കാറുണ്ട്. അത് ഒരു മാജിക്ക് തന്നെ. ആ മാജിക് കമൽഹാസൻ എന്ന അച്ഛനുമുണ്ടെന്ന് മകളും നടിയുമായ ശ്രുതി ഹാസൻ . ഏതു പെൺകുട്ടിക്കും ആവശ്യപ്പെടാവുന്ന പിതാവും സുഹൃത്തുമാണ് കമൽഹാസനെന്ന് ശ്രുതി ഹാസൻ എത്രയോ തവണ പറഞ്ഞു . ""നിങ്ങൾ എന്റെ ജീവിതം പ്രചോദനം കൊണ്ട് നിറയ്ക്കുന്നു. നിരവധി വർഷങ്ങൾ നിങ്ങളുടെ അപൂർവ ഉജ്ജ്വലമായ മാജിക് ഞങ്ങളുമായി പങ്കിടണമെന്ന് ആഗ്രഹിക്കുന്നു. നിങ്ങളെ വളരെയധികം സ്നേഹിക്കുന്ന അച്ഛാ. നിങ്ങൾ ശരിക്കും എല്ലാ കാര്യങ്ങളുടെയും OG റോക്ക് സ്റ്റാർ ആണ്. ""ശ്രുതി ഹാസൻ സമൂഹമാദ്ധ്യമത്തിൽ മുൻപ് കുറിച്ച വാക്കുകൾ.
മൂന്നര വയസിൽ ഫ്രെയിമിൽ
മൂന്നര വയസിൽ എ. ഭീംസിംഗിന്റെ സിനിമയുടെ ഫ്രെയിമിൽ നിൽക്കുമ്പോൾ ആരും പ്രതീക്ഷിച്ചില്ല ആ പയ്യൻ ഭാവിയിൽ ഇന്ത്യൻ സിനിമയ്ക്ക് അഭിമാനമാകുന്ന അതികായകനാകുമെന്ന്.
ബാലതാരം നർത്തകനായി, സഹസംവിധായകനായി സഹനടനായി. അവിടെ നിന്നു നടന്നു കയറിയത് അഞ്ചു ഭാഷകളിലെ നായക സ്ഥാനത്തേക്കായിരുന്നു. കമൽഹാസൻ തീർക്കുന്ന വിസ്‌മയം 70 വയസ് തികയുമ്പോഴും തുടരുകയാണ്. തമിഴ്‌നാട്ടിലെ പരമക്കുടിയിൽ അഡ്വ. ടി. ശ്രീനിവാസന്റെയും രാജലക്ഷ്മിയുടെയും നാലു മക്കളിൽ നാലാമനായാണ് കമലിന്റെ ജനനം. അച്ഛനൊഴികെ വീട്ടിൽ എല്ലാവരും കർണാടക സംഗീതം അഭ്യസിച്ചിരുന്നു. ചെറുപ്രായത്തിൽ തന്നെ ഗായകൻ മുഹമ്മദ് റാഫിയെ അനുകരിച്ചു. റാഫിയോടൊപ്പം പാടാനും ഒരിക്കൽ കമൽഹാസന് അവസരം ലഭിച്ചു. പത്താം വയസിൽ നൃത്തത്തിൽ താത്പര്യം തോന്നിയ കമൽഹാസൻ ചെറുപ്രായത്തിൽ തന്നെ ശാസ്‌ത്രീയമായി സംഗീതവും അഭ്യസിച്ചുതുടങ്ങി. കളത്തൂർ കണ്ണമ്മ എന്ന സിനിമയിലൂടെ ചലച്ചിത്ര പ്രവേശം. കെ. ബാലചന്ദറുടെ അരങ്ങേട്രത്തിലൂടെയാണ് നായകനായി എത്തുന്നത്. എന്നാൽ വഴിത്തിരിവായത് കെ. ബാലചന്ദറുടെ തന്നെ അപൂർവ രാഗങ്ങൾ.
പകർന്നാട്ടത്തിലെ കമലിസം
200ലധികം സിനിമകൾ പിന്നിടുകയാണ് കമൽഹാസന്റെ അഭിനയ യാത്ര . കമൽഹാസൻ എന്ന സംവിധായകനെ ആരാധനയോടെ കണ്ടു വാണിജ്യ സിനിമ ചെയ്യാൻ വന്നവരാണ് തമിഴിലെ പുതുതലമുറ സംവിധായകരിൽ എല്ലാവരും. വിഷയം കൊണ്ടും സാങ്കേതികമായും മികച്ചതായതിനാലാണ് എല്ലാകാലത്തും കമൽഹാസൻ ചിത്രങ്ങൾക്ക് ആരാധകർ ഉണ്ടാകുന്നത്.വയസ് കൂടുന്തോറും അറിവും അനുഭവവും കൂടുമെന്നും അറിവ് കൂടുന്നതിനനുസരിച്ച് യുക്തിചിന്തയും കൂടുകയേ വഴിയുള്ളുവെന്ന് കമൽഹാസൻ വ്യക്തമാക്കിയിട്ടുണ്ട്. അവ്വൈഷൺമുഖിലെ സ്‌ത്രീവേഷവും അപൂർവ്വ സഹോദരങ്ങളിലെ കുളളനായ അപ്പുവും ഗുണയിലെ ചിത്തരോഗിയും ഇന്ത്യനിലെ സേനാപതിയും കമൽഹാസന്റെ വേറിട്ട കഥാപാത്രങ്ങളാണ്. നായകൻ സിനിമയിൽ വേലു നായിക്കറായി മറ്റൊരു നടനെ കാണാൻ കഴിയില്ല. മികച്ച നടനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരമാണ് തേടി എത്തിയത്. ആളവന്താൻ, ഹേ റാം എന്നീ സിനിമകൾ എന്നും ഒരു അത്ഭുതം തന്നെ.
കമൽഹാസൻ എന്ന സംവിധായകന്റെ സിനിമകളിൽ ഏറ്റവും മികച്ചത് ഹേ റാം തന്നെയെന്ന് വിശേപ്പിച്ചവരിൽ സ്റ്റെെൽ മന്നൻ രജനികാന്തും ഉൾപ്പെടുന്നു.മലയാളത്തിൽ കമൽഹാസൻ അഭിനയിച്ച ചാണക്യൻ ഇപ്പോഴും സംസാരിച്ചു കൊണ്ടേയിരിക്കുന്നു.
ഞാൻ പ്രതീക്ഷിച്ചില്ല : കമൽഹാസൻ
''എന്റെ സിനിമാജീവിതത്തിൽ ഞാൻ ഇത്രയും ദൂരം സഞ്ചരിക്കുമെന്ന് പ്രതീക്ഷിച്ചിട്ടില്ല. ഇന്ത്യൻ 2വും അതുപോലെ പ്രതീക്ഷിക്കാതെ ഉണ്ടായ യാത്രയാണ്. ഇന്ത്യൻ 2 എന്ന ചിത്രത്തിന്റെ പ്രൊമോഷന് കൊച്ചിയിൽ എത്തിയപ്പോൾ കമൽഹാസൻ പറഞ്ഞ വാക്കുകൾ. ഇനി വരാനിരിക്കുന്നത് തഗ് ലൈഫ് ആണ്. 37 വർഷത്തിനുശേഷം കമൽഹാസനും മണിരത്നവും ഒരുമിക്കുന്ന ചിത്രമാണ് തഗ് ലൈഫ്. സിനിമയിൽ പുത്തൻ പരീക്ഷണങ്ങൾ തുടരുകയാണ് കമൽഹാസൻ. ആക്ഷൻ കൊറിയോഗ്രാഫർമാരായ അൻപറിവ് സഹോദരൻമാർ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയിൽ അഭിനയിക്കാൻ ഒരുങ്ങുകയാണ് കമൽഹാസൻ . എന്തായിരിക്കും കമൽഹാസൻ ആ സിനിമയിൽ ഒളിപ്പിച്ചിരിക്കുന്നതെന്ന് കാത്തിരുന്ന് തന്നെ കാണണം. കാരണം, വരുന്നത് കമൽഹാസനാണ്.