ചുരത്തിൽ മാലിന്യം തള്ളിയതിന് പിഴ ഈടാക്കി
തൊട്ടിൽപ്പാലം: പക്രന്തളം ചുരത്തിൽ മാലിന്യം തള്ളിയതിന് വാഹന ഉടമയിൽ നിന്നും കാവിലും പാറ പഞ്ചായത്ത് അധികൃതർ 15,000 രൂപ പിഴ അടപ്പിച്ചു. പിക് അപ്പ് വാഹനത്തിൻ്റെ ഉടമ കർണ്ണാടക സ്വദേശിയായ സയ്യദ് പാഷയിൽ നിന്നാണ് പിഴ ഈടാക്കിയത്. ചുരത്തിൽ മാലിന്യം തള്ളുന്നത് പതിവായതോടെ പഞ്ചായത്തും ചുരം സംരക്ഷണ സമിതിയും യുവജന സംഘടനകളും കർശന നിരീക്ഷണം നടത്തുന്നുണ്ട്. ഇതിനിടയിലാണ് കഴിഞ്ഞ ദിവസം വൈകുന്നേരം മാലിന്യം തള്ളുന്നത് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് പഞ്ചായത്ത് അധികൃതരെയും പൊലീസിനെയും വിവരമറിയിക്കുകയായിരുന്നു. തൊട്ടിൽപ്പാലം പൊലിസ് വാഹനം കസ്റ്റഡിയിൽ എടുത്തു. പഞ്ചായത്ത് പ്രസിഡന്റ് പി.ജി. ജോർജ്ജ്, സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ മണലിൽ രമേശൻ, സെക്രട്ടറി ഷാമില. എൻ, ഹെൽത്ത് ഇൻസ്പെക്ടർ നിജേഷ്. വി.എം. എന്നിവർ വാഹനവും, മാലിന്യവും പരിശോധന നടത്തുകയും പിഴ ചുമത്തി നോട്ടീസ് നൽകി അടപ്പിച്ചു. മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ ശക്തമായ നടപടി തുടരുമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു.