വൃത്തിയില്ലാത്ത ടോയ്ലറ്റ്; റെയിൽവേ യാത്രക്കാരന് 30,000 രൂപ നൽകണം
വിശാഖപട്ടണം: ട്രെയിൻ യാത്രയിൽ ടോയ്‌ലെറ്റ് ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യം ഒരുക്കാത്തതിന്റെ പേരിൽ ഇന്ത്യൻ റെയിൽവേയ്ക്ക് 30,000 രൂപ പിഴ ചുമത്തി ഉപഭോക്തൃ കമ്മിഷൻ. യാത്രക്കാരനും കുടുംബവും അനുഭവിച്ച പ്രശ്നങ്ങൾക്ക് നഷ്ടപരിഹാരമായി ഈ തുക നൽകും. യാത്രയിൽ നേരിട്ട ബുദ്ധിമുട്ടിന് പരിഹാരമായി 25,000 രൂപയും നിയമപരമായ ചെലവുകൾക്കായി 5,000 രൂപയും അടക്കമാണ് 30,000 രൂപ.
തിരുപ്പതിയിൽ നിന്ന് വിശാഖപട്ടണത്തേക്കുള്ള യാത്രയിൽ വൃത്തിഹീനമായ ടോയ്‌ലെറ്റ്,വെള്ളത്തിന്റെ ദൗർലഭ്യം ഉൾപ്പെടെയുള്ള കാരണങ്ങളാൽ ശാരീരികവും മാനസികവുമായി ബുദ്ധിമുട്ടുണ്ടായതായി കാണിച്ച് വി. മൂർത്തിയാണ് ഉപഭോക്തൃ കമ്മിഷനെ സമീപിച്ചത്.
2023 ജൂൺ 5നാണ് സംഭവം. തിരുമല എക്സ്പ്രസിലെ എ.സി കോച്ചിൽ കുടുംബത്തോടൊപ്പമാണ് മൂർത്തി യാത്ര ചെയ്തത്. തിരുപ്പതി സ്റ്റേഷനിൽ നിന്ന് കയറി. ഇടയ്ക്ക് റിസർവ് ചെയ്ത സീറ്റുകൾക്ക് പകരം മറ്റൊരു കോച്ചിലേക്ക് മാറ്റി. യാത്രയ്ക്കിടെ ടോയ്‌ലെറ്റിൽ പോയപ്പോൾ അവിടെ വെള്ളമുണ്ടായിരുന്നില്ലെന്നും വൃത്തിഹീനമായിരുന്നുവെന്നും പരാതിയിൽ പറയുന്നു. കോച്ചിൽ എ.സിയും പ്രവർത്തിച്ചില്ല. വിഷയം ദുവ്വാഡയിലെ റെയിൽവേ ഓഫീസിൽ അറിയിച്ചെങ്കിലും പ്രതികരണമുണ്ടായില്ല.
തെറ്റായ ആരോപണങ്ങളെന്നായിരുന്നു റെയിൽവേയുടെ മറുപടി. കുടുംബം റെയിൽവേ സേവനം ഉപയോഗിച്ച് സുരക്ഷിതമായ യാത്ര പൂർത്തിയാക്കിയെന്നും റെയിൽവേ വാദിച്ചു. എന്നാൽ,അടിസ്ഥാന സൗകര്യങ്ങൾ റെയിൽവേ ഉറപ്പാക്കേണ്ടതുണ്ടെന്ന് വിശാഖപട്ടണം ജില്ലാ ഉപഭോക്തൃ കമ്മിഷൻ പറഞ്ഞു.