സൈക്കിൾ ഓടിക്കുമ്പോൾ ഫോൺ വേണ്ട  ജപ്പാനിൽ പുതിയ നിയമം

Saturday 02 November 2024 7:14 AM IST

ടോക്കിയോ: സൈക്കിൾ ഓടിക്കുമ്പോൾ സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നവർക്ക് ഇനി ജപ്പാനിൽ ജയിൽ ശിക്ഷ. ഇന്നലെ പ്രാബല്യത്തിൽ വന്ന നിയമം പ്രകാരം ആറ് മാസം വരെ ജയിൽ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. അല്ലെങ്കിൽ 1,00,000 യെൻ വരെ പിഴ ഈടാക്കും.

സൈക്കിളോടിക്കുമ്പോൾ ഒരു കൈയ്യിൽ സ്മാർട്ട് ഫോൺ വച്ച് സംസാരിക്കാൻ പാടില്ല. സ്ക്രീനിൽ നോക്കാനും പാടില്ല. ഇത്തരത്തിൽ ഫോൺ ഉപയോഗിച്ച് സൈക്കിൾ ഓടിച്ചവർ സൃഷ്ടിച്ച അപകടങ്ങൾ കാൽനടയാത്രക്കാരുടെ ജീവനെടുത്ത സംഭവം ഉണ്ടായിട്ടുണ്ടെന്ന് ജാപ്പനീസ് അധികൃതർ പറയുന്നു. ജപ്പാനിൽ വാഹനാപകട നിരക്ക് പൊതുവെ കുറയുന്നുണ്ടെങ്കിലും സൈക്കിൾ ഉൾപ്പെട്ട അപകടങ്ങൾ ഉയരുന്നുണ്ട്.

മറ്റ് രാജ്യങ്ങളിൽ നിന്ന് വ്യത്യസ്തമായി നടപ്പാതയിലൂടെ സൈക്കിൾ ഓടിക്കുന്നത് ജപ്പാനിൽ അനുവദനീയമാണ്. മദ്യപിച്ച് സൈക്കിൾ ഓടിച്ചാൽ മൂന്ന് വർഷം വരെ തടവോ 5,00,000 യെൻ പിഴയോ ചുമത്തും. സൈക്കിൾ യാത്രികർക്ക് ആൽക്കഹോളിക് പാനിയങ്ങൾ നൽകുന്നവർക്കും രണ്ട് വർഷം വരെ ജയിൽ ശിക്ഷ ലഭിച്ചേക്കാം.