ബൈക്കിലെത്തി സ്കൂട്ടർ യാത്രക്കാരിയുടെ മാലപൊട്ടിച്ച യുവാവ് അറസ്റ്റിൽ

Sunday 03 November 2024 1:46 AM IST

പെരുമ്പാവൂർ: മോഷ്ടിച്ച ബൈക്കിലെത്തി സ്കൂട്ടർ യാത്രക്കാരിയെ പിന്തുടർന്ന് തള്ളിവീഴ്ത്തി മാലപൊട്ടിച്ച് കടന്നുകളഞ്ഞ പ്രതിയെ മണിക്കൂറുകൾക്കകം പൊലീസ് പിടികൂടി. തോപ്പുംപടി മുണ്ടംവേലി പാലം പള്ളിപ്പറമ്പിൽ വീട്ടിൽ ആന്റണി അഭിലാഷാണ് (27) പിടിയിലായത്. വെള്ളിയാഴ്ച വൈകിട്ട് മൂന്നോടെയാണ് സംഭവം. പോഞ്ഞാശേരി കനാൽ ജംഗ്ഷനിലുള്ള സൂപ്പർമാർക്കറ്റിൽ ജോലികഴിഞ്ഞ് വീട്ടിലേക്ക് പോയ കുറ്റിപ്പാടം സ്വദേശിനിയുടെ മൂന്നു പവന്റെ മാലയാണ് പൊട്ടിച്ചെടുത്തത്.

പൊലീസ് മണിക്കൂറുകൾക്കകം പെരുമ്പാവൂർ ടൗണിൽനിന്ന് പ്രതിയെ പിടികൂടുകയായിരുന്നു. സ്വർണമാല ഇയാളുടെ പോക്കറ്റിൽനിന്ന് കണ്ടെടുത്തു.. മാല പൊട്ടിക്കാൻ ഇയാൾ ഉപയോഗിച്ച ബൈക്ക് വെള്ളിയാഴ്‌ച നോർത്ത് പറവൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ മുൻവശത്തുനിന്ന് മോഷ്ടിച്ചതാണെന്ന് പൊലീസ് പറഞ്ഞു. നിരവധി കേസുകളിൽ പ്രതിയാണ്. 2019 ൽ മയക്കുമരുന്ന് കേസിൽ ഒരുവർഷം ശിക്ഷ അനുഭവിച്ചിട്ടുണ്ട്.

എ എസ് പി ശക്തിസിംഗ് ആര്യ, ഇൻസ്പെക്ടർ ടി.എം. സൂഫി, സബ് ഇൻസ്പെക്ടർ പി.എം. റാസിഖ്, എ.എസ്.ഐ പി.എ. അബ്ദുൽ മനാഫ്, സീനിയർ സി.പി.ഒമാരായ ടി.എ. അഫ്സൽ, വർഗീസ് ടി. വേണാട്ട്, ബെന്നി ഐസക്, സിബിൻ, സണ്ണി തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.